Skip to main content

നിയമസഭാ തിരഞ്ഞെടുപ്പ്: ആന്റി ഡിഫേസ്മെന്റ് സ്‌ക്വാഡുകള്‍ രൂപീകരിച്ചു

 

നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി ജില്ലയില്‍ മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി നടപ്പിലാക്കുന്നതിനും തിരഞ്ഞെടുപ്പ് ചെലവുകള്‍ നിരീക്ഷിക്കുന്നതിനുമായി ജില്ലയില്‍ ആന്റി ഡിഫേസ്മെന്റ് സ്‌ക്വാഡുകള്‍ (എ.ഡി.എസ്) രൂപീകരിച്ചു. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടര്‍ എം.എസ് മാധവിക്കുട്ടിയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. ജില്ലയിലെ 12 നിയസഭാ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചുള്ള സ്‌ക്വാഡുകള്‍ക്ക് പുറമെ ഒരു ജില്ലാതല സ്‌ക്വാഡും രൂപീകരിച്ചിട്ടുണ്ട്. ജില്ലയില്‍ മാതൃകാ പെരുമാറ്റച്ചട്ടം നോഡല്‍ ഓഫീസറായ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ്, ചെലവ് നീരീക്ഷണ നോഡല്‍ ഓഫീസറായ ഫിനാന്‍സ് ഓഫീസര്‍ എന്നിവരുടെ കീഴിലും അതത് നിയോജക മണ്ഡലങ്ങളിലെ വരണാധികാരികളുടെ (റിട്ടേണിങ് ഓഫീസര്‍മാര്‍) നേരിട്ടുള്ള മേല്‍നോട്ടത്തിലുമായിരിക്കും ഈ സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം. ജില്ലാതല സ്‌ക്വാഡില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നായി നാലു ഉദ്യോഗസ്ഥരെയും മണ്ഡലതല സ്‌ക്വാഡുകളില്‍ മൂന്നു ഉദ്യോഗസ്ഥരെ വീതവുമാണ് നിയോഗിച്ചിട്ടുള്ളത്.

തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്ന ദിവസം മുതല്‍ തന്നെ സ്‌ക്വാഡുകള്‍ സജീവമായി രംഗത്തുണ്ടാകും. പൊതുസ്ഥലങ്ങളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പാതയോരങ്ങളിലും അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകള്‍, ബാനറുകള്‍, പോസ്റ്ററുകള്‍, എല്‍.ഇ.ഡി ഡിസ്പ്ലേകള്‍ തുടങ്ങിയവ നീക്കം ചെയ്യുകയാണ് സ്‌ക്വാഡിന്റെ പ്രധാന ചുമതല. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയോ ജനപ്രതിനിധികളുടെയോ നേട്ടങ്ങള്‍ വിവരിക്കുന്ന പ്രചാരണ സാമഗ്രികള്‍ മാറ്റാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ആദ്യം നിര്‍ദ്ദേശം നല്‍കും. ഈ നിര്‍ദ്ദേശം ലംഘിക്കുന്ന പക്ഷം സ്‌ക്വാഡ് നേരിട്ട് ഇവ നീക്കം ചെയ്യുകയും അതിന്റെ ചെലവ് ബന്ധപ്പെട്ട സ്ഥാനാര്‍ത്ഥിയുടെയോ പാര്‍ട്ടിയുടെയോ തിരഞ്ഞെടുപ്പ് ചെലവ് കണക്കില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും. വൈദ്യുതി പോസ്റ്റുകളിലും സര്‍ക്കാര്‍ മതിലുകളിലും പതിച്ചിട്ടുള്ള പോസ്റ്ററുകള്‍ക്കും ഇതേ നടപടിക്രമങ്ങള്‍ ബാധകമായിരിക്കും.

ഇവര്‍ക്ക് സഹായത്തിനായി പൊലീസ് ഉദ്യോഗസ്ഥരുടെ സേവനവും ലഭ്യമാക്കും. സ്‌ക്വാഡുകള്‍ നടത്തുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളും മറ്റു സുപ്രധാന നീക്കങ്ങളും വീഡിയോയില്‍ പകര്‍ത്തണമെന്നും റിപ്പോര്‍ട്ടുകള്‍ കൃത്യമായി നോഡല്‍ ഓഫീസര്‍മാര്‍ക്ക് കൈമാറണമെന്നും നിര്‍ദ്ദേശമുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് സുതാര്യമായും കൃത്യമായ ചട്ടങ്ങള്‍ പാലിച്ചും നടത്തുന്നുവെന്ന് ഉറപ്പാക്കാന്‍ വേണ്ടിയാണ് സ്‌ക്വാഡുകള്‍ രൂപീരികരിച്ചിരിക്കുന്നത്.

date