അക്കൗണ്ടിങ് ടീമുകള്‍ രൂപീകരിച്ചു
നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ ചെലവ് കണക്കുകള്‍ കൃത്യമായി നിരീക്ഷിക്കാന്‍ ജില്ലയില്‍ അക്കൗണ്ടിങ് ടീമുകള്‍ രൂപീകരിച്ച് ഉത്തരവായി. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടര്‍ എം.എസ് മാധവിക്കുട്ടിയാണ് ജില്ലയിലെ 12 നിയമസഭാ മണ്ഡലങ്ങളിലേക്കുമായി പ്രത്യേക ഉദ്യോഗസ്ഥരെ നിയമിച്ച് ഉത്തരവിറക്കിയത്. തിരഞ്ഞെടുപ്പ് കാലത്തെ പണമിടപാടുകള്‍ സുതാര്യമാക്കുന്നതിനും അനാവശ്യ ചെലവുകള്‍ തടയുന്നതിനുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. ജില്ലയിലെ ഓരോ മണ്ഡലത്തിനും ഓരോ ഇന്‍-ചാര്‍ജ് ഓഫീസറെയും സഹായിയെയും ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. സഹകരണ വകുപ്പിലെ ഇന്‍സ്‌പെക്ടര്‍മാര്‍, ഓഡിറ്റ് വിഭാഗത്തിലെ ഓഡിറ്റര്‍മാര്‍ തുടങ്ങി കണക്കുകള്‍ കൈകാര്യം ചെയ്യുന്നതില്‍ വൈദഗ്ധ്യമുള്ള ഉദ്യോഗസ്ഥരെയാണ് ഈ ടീമുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിക്കുന്ന ചെലവ് നിരീക്ഷകരുമായി ചേര്‍ന്നായിരിക്കും ഇവരുടെ പ്രവര്‍ത്തനം. ഓരോ മണ്ഡലത്തിലും സ്ഥാനാര്‍ത്ഥികള്‍ നടത്തുന്ന പ്രചാരണ പരിപാടികളുടെയും പരസ്യങ്ങളുടെയും കണക്കുകള്‍ ശേഖരിക്കുകയും അവ കൃത്യമായി രേഖപ്പെടുത്തുകയുമാണ് സ്‌ക്വാഡുകളുടെ പ്രധാന ജോലി. ചെലവ് നിരീക്ഷണ നോഡല്‍ ഓഫീസറായ ജില്ലാ ഫിനാന്‍സ് ഓഫീസറായിരിക്കും ഈ ടീമുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
- Log in to post comments