നിയമസഭാ തിരഞ്ഞെടുപ്പ്: വീഡിയോ സര്‍വെയലന്‍സ് ടീമുകള്‍ രൂപീകരിച്ചു
നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മാതൃകാ പെരുമാറ്റച്ചട്ട ലംഘനങ്ങളും തിരഞ്ഞെടുപ്പ് ചെലവുകളും കണ്ടെത്താന്‍ ജില്ലയില്‍ വീഡിയോ സര്‍വെയലന്‍സ് ടീമുകള്‍ (വി.എസ്.ടി) രൂപീകരിച്ചു. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടര്‍ എം.എസ് മാധവിക്കുട്ടി ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. ജില്ലയിലെ 12 മണ്ഡലങ്ങളിലായി പ്രത്യേക നിരീക്ഷണ സംഘങ്ങളെയാണ് നിയമിച്ചിട്ടുള്ളത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച ഈ സംഘങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്ഥാനാര്‍ത്ഥികളുടെയും പൊതുയോഗങ്ങള്‍, ജാഥകള്‍, മറ്റ് പ്രചാരണ പരിപാടികള്‍ എന്നിവ പൂര്‍ണ്ണമായും വീഡിയോയില്‍ പകര്‍ത്തും. ജില്ലയിലെ പത്ത് നിയമസഭാ മണ്ഡലങ്ങളില്‍ ഓരോ സ്‌ക്വാഡ് വീതവും ചെലവ് സെന്‍സിറ്റീവ് മണ്ഡലങ്ങളായി (എക്‌സ്‌പെന്‍ഡിച്ചര്‍ സെന്‍സിറ്റീവ് കോണ്‍സ്റ്റിറ്റിയവുന്‍സീസ്) ജില്ലയില്‍ കണ്ടെത്തിയ മണ്ണാര്‍ക്കാട്, ചിറ്റൂര്‍ മണ്ഡലങ്ങളില്‍ രണ്ടു സ്‌ക്വാഡ് വീതവുമാണ് പ്രവര്‍ത്തിക്കുക. പുറമെ ഒരു ജില്ലാതല സ്‌ക്വാഡും നിരീക്ഷണത്തിനായി രംഗത്തുണ്ട്. വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നുള്ള സീനിയര്‍ ഉദ്യോഗസ്ഥരെയാണ് വീഡിയോ സര്‍വൈലന്‍സ് ഓഫീസര്‍മാരായി നിയോഗിച്ചിരിക്കുന്നത്. ഓരോ സംഘത്തോടൊപ്പവും പ്രൊഫഷണല്‍ വീഡിയോഗ്രാഫര്‍മാരുടെ സേവനവും ലഭ്യമാക്കും.
പ്രചാരണ പരിപാടികളിലെ ജനക്കൂട്ടം, ഉപയോഗിക്കുന്ന വാഹനങ്ങള്‍, പോസ്റ്ററുകള്‍, ബാനറുകള്‍, പന്തലുകള്‍ തുടങ്ങിയവയുടെ ദൃശ്യങ്ങള്‍ ഈ സംഘം ശേഖരിക്കും. ഇത്തരത്തില്‍ ലഭിക്കുന്ന ദൃശ്യങ്ങള്‍ പിന്നീട് അക്കൗണ്ടിങ് ടീമുകള്‍ക്ക് കൈമാറുകയും അതുവഴി സ്ഥാനാര്‍ത്ഥികളുടെ യഥാര്‍ത്ഥ ചെലവ് കണക്കാക്കുകയും ചെയ്യും. ജനപ്രാതിനിധ്യ നിയമത്തിലെയും ഭാരതീയ ന്യായ സംഹിതയിലെയും പ്രസക്തമായ വകുപ്പുകള്‍ പ്രകാരം പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ നടക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും ഈ ദൃശ്യങ്ങള്‍ തെളിവായി ഉപയോഗിക്കും.
- Log in to post comments