Skip to main content

കള്ളിക്കാട് - മുകുന്ദറ, തേവന്‍കോട് പാലങ്ങളുടെ ശിലാസ്ഥാപനം നിര്‍വഹിച്ചു

കള്ളിക്കാട് പഞ്ചായത്തില്‍ മലയോര ഹൈവേ വികസനത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന പുതിയ കള്ളിക്കാട് - മുകുന്ദറ പാലത്തിന്റെയും നെയ്യാര്‍ ജലസേചന കനാലിന് കുറുകെ നിര്‍മ്മിക്കുന്ന തേവന്‍കോട് പാലത്തിന്റെയും ശിലാസ്ഥാപനം സി.കെ ഹരീന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു.

റോഡിനെക്കാളും വീതി കൂടിയ പാലമാണ് നെയ്യാറിന് കുറുകെ നിര്‍മ്മിക്കുന്നതെന്ന് എംഎല്‍എ പറഞ്ഞു. ഭാവി മുന്നില്‍ കണ്ടുള്ള വികസന പ്രവര്‍ത്തനങ്ങളാണ് മണ്ഡലത്തില്‍ നടപ്പിലാക്കുന്നത്. അതിനാല്‍ സമീപഭാവിയില്‍ റോഡിന്റെ വീതി കൂടിയാലും പുതിയ പാലം നിര്‍മ്മിക്കേണ്ടി വരില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

കിഫ്ബിയുടെയും കേരള റോഡ് ഫണ്ട് ബോര്‍ഡിന്റെയും സഹകരണത്തോടെ 6.40 കോടി രൂപ ചെലവിലാണ് പാലങ്ങള്‍ നിര്‍മ്മിക്കുന്നത്. പൊതുമരാമത്ത് വകുപ്പിനാണ് നിര്‍മ്മാണ ചുമതല.

36.30 മീറ്റര്‍ വീതിയുള്ള ഒരു സ്പാനും 16.7 മീറ്റര്‍ വീതിയുള്ള രണ്ട് സ്പാനുകളുമുള്ള മുകുന്ദറ പാലത്തിന്റെ ആകെ നീളം 70 മീറ്ററാണ്. നിലവിലുള്ള പാലത്തിനെ നിലനിര്‍ത്തിക്കൊണ്ട് സമാന്തരമായാണ് പുതിയ പാലം നിര്‍മ്മിക്കുന്നത്. ഒമ്പത് മീറ്റര്‍ നീളവും 13.5 മീറ്റര്‍ വീതിയുമുള്ളതാണ് നെയ്യാര്‍ ജലസേചന കനാലിന് കുറുകെ നിര്‍മ്മിക്കുന്ന തേവന്‍കോട് പാലം. ഇരുവശങ്ങളിലും 1.5 മീറ്റര്‍ വീതിയുള്ള നടപ്പാതയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ബിഎം, ബിസി നിലവാരത്തില്‍ നവീകരിക്കുന്ന മുള്ളിലവിന്‍മൂട് - നീരാഴികോണം -വിയ്യക്കോണം - ഒലട്ടിമൂട് റോഡിന്റെ നിര്‍മ്മാണ ഉദ്ഘാടനവും ചടങ്ങില്‍ എംഎല്‍എ നിര്‍വഹിച്ചു. കള്ളിക്കാട് - ഒറ്റശേഖരമംഗലം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡാണിത്.

കള്ളിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ.എസ്.യു, ബ്ലോക്ക് അംഗം സജിനിമോള്‍, ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയകുമാര്‍, കള്ളിക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാനുമതി തുടങ്ങിയവര്‍ പങ്കെടുത്തു.

date