Skip to main content

കെ എസ് ആർ ടി സിയെ ലാഭത്തിലേക്കെത്തിച്ചത് യാത്രക്കാരും ജീവനക്കാരും - മന്ത്രി കെ. ബി ഗണേഷ് കുമാർ

കെ എസ് ആർ ടി സി യെ ലാഭത്തിലേക്കെത്തിച്ചത് യാത്രക്കാരും ജീവനക്കാരും ചേർന്നാണെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാർ പറഞ്ഞു. മുവാറ്റുപുഴ കെ എസ് ആർ ടി സി ബസ് സ്റ്റേഷൻ കം ഷോപ്പിംഗ് കോംപ്ലക്സിൻ്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. 

സംസ്ഥാനത്ത് പല ബസ് സ്റ്റേഷനുകളിലും വർഷങ്ങളായി നീണ്ടുനിന്ന നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും സർക്കാർ പ്രത്യേക ശ്രദ്ധ നൽകി വരുന്നുണ്ട്.  മുൻപ് ആരംഭിച്ചെങ്കിലും പൂർത്തിയാകാതെ കിടന്നിരുന്ന പല പദ്ധതികളും ഘട്ടം ഘട്ടമായി പൂർത്തിയാക്കി പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. യാത്രക്കാർക്ക് ഏറ്റവും പ്രധാനപ്പെട്ട സൗകര്യങ്ങളായ വൃത്തിയുള്ള ടോയ്ലറ്റുകളും മികച്ച കാത്തിരിപ്പ് സൗകര്യങ്ങളും ഒരുക്കുന്നതിനും സർക്കാർ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. സംസ്ഥാനത്തെ നിരവധി ബസ് സ്റ്റേഷനുകളിൽ ടോയ്ലറ്റ് സംവിധാനങ്ങൾ നവീകരിക്കുകയും പരിപാലനത്തിനായി പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. യാത്രക്കാർക്ക് വൃത്തിയുള്ള സൗകര്യങ്ങൾ ലഭ്യമാക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.

ബസ് സ്റ്റേഷനുകളിൽ ആധുനിക സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി വിവിധ കേന്ദ്രങ്ങളിൽ എയർ കണ്ടീഷൻ ചെയ്ത വെയിറ്റിംഗ് റൂമുകൾ, മൊബൈൽ ചാർജിംഗ് സൗകര്യങ്ങൾ,  സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക ഇരിപ്പിടങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കുന്ന പദ്ധതികൾ നടപ്പിലാക്കുകയാണ്.
കെഎസ്ആർടിസിയിൽ ആധുനിക സൗകര്യങ്ങളുള്ള പുതിയ ബസുകൾ ഉൾപ്പെടുത്തുന്നതും സർവീസുകൾ വികസിപ്പിക്കുന്നതുമായ നടപടികളും പുരോഗമിക്കുന്നു. സംസ്ഥാനത്തെ പ്രധാന നഗരങ്ങൾ തമ്മിൽ കൂടുതൽ സൗകര്യപ്രദമായ സർവീസുകൾ ആരംഭിക്കുന്നതിനുള്ള പദ്ധതികളും പരിഗണനയിലുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

ടൂറിസം മേഖലക്ക് പിന്തുണ നൽകുന്നതിനായി ബഡ്ജറ്റ് ടൂറിസം സർവീസുകൾ വിപുലീകരിക്കുന്നതും സർക്കാർ ലക്ഷ്യമിടുകയാണ്. സംസ്ഥാനത്തെയും സമീപ സംസ്ഥാനങ്ങളിലെയും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രത്യേക സർവീസുകൾ കൂടുതൽ വ്യാപിപ്പിക്കാനുള്ള പദ്ധതികളും നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു .

മുവാറ്റുപുഴ ഡിപ്പോയിൽ നിന്നും പുതുതായി ആരംഭിച്ച മുവാറ്റുപുഴ - കട്ടപ്പന, മുവാറ്റുപുഴ - തൊമ്മൻകുത്ത് ബസ് സർവീസുകളുടെ ഫ്ലാഗ് ഓഫ് കർമ്മവും മന്ത്രി നിർവഹിച്ചു. മൂവാറ്റുപുഴയിൽ നിന്ന് പട്ടിമറ്റം, കിഴക്കമ്പലം വഴി കാക്കനാട്, മൂവാറ്റുപുഴയിൽ നിന്നും കോലഞ്ചേരി വഴി എറണാകുളം, മൂവാറ്റുപുഴയിൽ നിന്നും ആലപ്പുഴ പള്ളിത്താഴം വഴി ഭരണങ്ങാനം, മൂവാറ്റുപുഴയിൽ നിന്നും തൃക്കളത്തൂർ വഴി കാക്കനാട് എന്നീ റൂട്ടുകളിൽ പുതിയ സർവീസുകൾ ഉടൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു

മാത്യു കുഴൽനാടൻ എം എൽ എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് ബസ് സ്റ്റേഷൻ്റെയും കം ഷോപ്പിംഗ് കോംപ്ലക്സിൻ്റെയും നിർമാണം പൂർത്തീകരിച്ചത്. 

ചടങ്ങിൽ മാത്യു കുഴൽനാടൻ എം എൽ എ അധ്യക്ഷനായി. പി ഡബ്ല്യു ഡി കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ വി പി സിൻ്റോ റിപ്പോർട്ട് അവതരിപ്പിച്ചു.

ഡീൻ കുര്യാക്കോസ് എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി രാധാകൃഷ്ണൻ, മുവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് നെജി ഷാനവാസ്, നഗരസഭാ ചെയർപേഴസൺ ജോയ്സ് മേരി ആൻ്റണി നഗരസഭാ വൈസ് ചെയർമാൻ പി.എം അബ്ദുൽ സലാം, നഗരസഭാ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ ജിനു ആൻ്റണി, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഇ രജിത, വാർഡ് കൗൺസിലർ ഷീതാ റാണി തോമസ്, മുൻ എം എൽ എ മാരായ ബാബു പോൾ, ജോണി നെല്ലൂർ, മുൻ നഗരസഭാ ചെയർമാൻ പി.പി എൽദോസ്, കെ എസ് ആർ ടി സി എക്സിക്യൂട്ടീവ് ഡയറക്ടർ പി എം ഷറഫ് മുഹമ്മദ്,വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

date