പാലയാട് ക്യാമ്പസിൽ വിവിധ വികസന പ്രവൃത്തികൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും കണ്ണൂർ സർവകലാശാല പാലയാട് ഡോ. ജാനകി അമ്മാൾ ക്യാമ്പസിൽ നിർമിച്ച സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിന്റെയും വനിതാ ഹോസ്റ്റലിന്റെയും മറ്റ് വികസന പ്രവർത്തനങ്ങളുടെയും ഉദ്ഘാടനം മാർച്ച് 14ന് വൈകീട്ട
കണ്ണൂർ സർവകലാശാല പാലയാട് ഡോ. ജാനകി അമ്മാൾ ക്യാമ്പസിൽ നിർമിച്ച സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിന്റെയും വനിതാ ഹോസ്റ്റലിന്റെയും മറ്റ് വികസന പ്രവർത്തനങ്ങളുടെയും ഉദ്ഘാടനം മാർച്ച് 14ന് വൈകീട്ട് മൂന്ന് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ ഷംസീർ അധ്യക്ഷനാകും.
സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് കെട്ടിടത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി മുഖ്യമന്ത്രിയുടെ ഫണ്ടിൽ നിന്നും 5.30 കോടി രൂപയുടെ പ്രാഥമിക ധനസഹായവും പിന്നീട് ഒരു കോടി രൂപയുടെ അധിക ധനസഹായവും ലഭിച്ചു. കൂടാതെ പഠനവകുപ്പിലേക്കും, ലൈബ്രറിയിലേക്കും പുതിയ ഫർണിച്ചറുകൾ, പുസ്തകങ്ങൾ എന്നിവ വാങ്ങുന്നതിനായി 23 ലക്ഷം രൂപയുടെയും, ബാഡ്മിന്റൺ കോർട്ട് നിർമിക്കുന്നതിനായി 11.50 ലക്ഷം രൂപയുടെയും ധനസഹായം പഠനവകുപ്പിനു ലഭിച്ചു. 2026-27 സാമ്പത്തിക വർഷത്തിലെ സംസ്ഥാന ബജറ്റിൽ പഠന വകുപ്പിലെ ഐ സി ടി എനേബിൾഡ് ക്ലാസ് മുറികളുടെ നവീകരണത്തിനായി 75 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ ഫണ്ട് ഉപയോഗിച്ചുകൊണ്ട് കേരള പൊതുമരാമത്ത് വകുപ്പിന്റെ മേൽനോട്ടത്തിൽ പൂർത്തീകരിച്ച സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് പഠന വകുപ്പിന്റെ പുതിയ കെട്ടിടത്തിൽ ഐ സി ടി ഇനേബിൾഡ് ക്ലാസ് മുറികൾ, ഫാക്കൽറ്റി റൂം, ആധുനിക സങ്കേതങ്ങളോട് കൂടി സജ്ജീകരിച്ച 250 പേരെ ഉൾക്കൊള്ളുന്ന സെമിനാർ ഹാൾ, ബൃഹത്തായ ലൈബ്രറി, കാന്റീൻ, മൂട്ട് കോർട്ട് ഹാൾ തുടങ്ങിയവ ഉൾക്കൊള്ളുന്നു. ഭിന്നശേഷി സൗഹൃദപരമായി നിർമ്മിച്ച പുതിയ കെട്ടിടത്തിൽ ലിഫ്റ്റ്, റാമ്പ് മുതലായ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
വിദ്യാർഥികളുടെ എണ്ണത്തിന് ആനുപാതികമായി ഹോസ്റ്റൽ സൗകര്യങ്ങൾ വിപുലീകരിക്കുന്നതിനായി സംസ്ഥാന പ്ലാൻ ഫണ്ട് ഉപയോഗിച്ച് ലേഡീസ് ഹോസ്റ്റലിന്റെ വിപുലീകരണവും നിലവിൽ പൂർത്തീകരിച്ചിട്ടുണ്ട്. ഒരു കോടി 17 ലക്ഷം രൂപ എസ്റ്റിമേറ്റിൽ, 546 ചതുരശ്ര മീറ്ററിൽ വിപുലീകരിച്ച നിലവിലെ ലേഡീസ് ഹോസ്റ്റലിന്റെ രണ്ടാം നിലയിൽ പതിനാലു മുറികൾ, റീഡിങ് റൂം, വരാന്ത ഉൾപ്പെടെ 56 വിദ്യാർഥിനികൾക്ക് താമസിക്കുവാൻ കഴിയും. കണ്ണൂർ ജില്ലാ നിർമിതി കേന്ദ്രമാണ് നിർമാണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് പൂർത്തീകരിച്ചത്.
- Log in to post comments