വിപണി ചൂഷണങ്ങളിൽ നിന്ന് കർഷകരെയും ഉപഭോക്താക്കളെയും സംരക്ഷിക്കാനാണ് ഹോർട്ടികോർപ്പ് പ്രീമിയം സ്റ്റാളുകൾ: മന്ത്രി പി പ്രസാദ്
*നവീകരിച്ച പച്ചക്കറി സംഭരണ-വിതരണ കേന്ദ്രം കളക്ടറേറ്റിൽ മന്ത്രി ഉദ്ഘാടനം ചെയ്തു
വിപണിയിലെ ചൂഷണങ്ങളിൽ നിന്ന് കർഷകരെയും ഉപഭോക്താക്കളെയും ഒരുപോലെ സംരക്ഷിക്കുന്ന മികച്ച സംവിധാനമാണ് ഹോർട്ടികോർപ്പ് പ്രീമിയം സ്റ്റാളുകളെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. കളക്ടറേറ്റ് അങ്കണത്തിൽ പ്രവർത്തനം ആരംഭിച്ച ഹോർട്ടികോർപ്പിന്റെ പ്രീമിയം സ്റ്റാൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കർഷകരിൽ നിന്ന് നേരിട്ട് ഗുണമേന്മയുള്ള പച്ചക്കറികൾ സംഭരിച്ച് മിതമായ നിരക്കിൽ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നവയാണ് ഇത്തരം സ്റ്റാളുകളെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ എഡിഎം ബി ജ്യോതിക്ക് പച്ചക്കറി കിറ്റ് വിതരണം ചെയ്തുകൊണ്ട് ആദ്യ വില്പനയും മന്ത്രി നിർവഹിച്ചു.
ആലപ്പുഴ നഗരസഭ പരിധിയിലെയും സമീപ പഞ്ചായത്തുകളിലെയും ചെറുകിട കർഷകരിൽ നിന്നും സംഭരിക്കുന്ന പച്ചക്കറികളും പഴവർഗങ്ങളുമാണ് സ്റ്റാളിൽ വില്പന നടത്തുന്നത്. ചെറുകിട കർഷകരിൽ നിന്ന് നേരിട്ട് സംഭരിക്കുന്ന ഗുണമേന്മയുള്ള പച്ചക്കറികളും പഴവർഗ്ഗങ്ങളും കുറഞ്ഞ നിരക്കിൽ പൊതുജനങ്ങൾക്ക് സ്റ്റആളിൽ നിന്ന് ലഭിക്കും. പച്ചക്കറികൾക്ക് പുറമെ, ഹോർട്ടികോർപ്പിന്റെ തനത് ഉൽപ്പന്നങ്ങളായ തേൻ, ഹണി കോള എന്നിവയും കുട്ടനാടൻ അരി, വിവിധയിനം മില്ലറ്റുകൾ, മറ്റ് മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ എന്നിവയും സ്റ്റാളിൽ ലഭ്യമാണ്. ദിവസവും രാവിലെ 10 മണി മുതൽ വൈകിട്ട് 5.30 വരെയാണ് പ്രവർത്തനം.
ചടങ്ങിൽ കെഎൽഡിസി ചെയർമാൻ പി വി സത്യനേശൻ അധ്യക്ഷനായി. നഗരസഭാഗം എ എം നൗഫൽ, ഡെപ്യൂട്ടി കളക്ടർ ആശാ സി എബ്രഹാം, ജില്ലാ കൃഷി ഓഫീസർ വി പി സിന്ധു, ഹോർട്ടികോർപ്പ് ജില്ലാ മാനേജർ അക്ഷയ് ശശിധരൻ, അസിസ്റ്റന്റ് മാനേജർ സംഗീത ഷംനാദ്, മറ്റ് ജനപ്രതിനിധികൾ, കളക്ടറേറ്റ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments