അത്യാധുനിക സൗകര്യങ്ങളുള്ള സ്കൂൾ കെട്ടിടങ്ങൾ സർക്കാരിന്റെ വികസനനയങ്ങളുടെ ഉദാഹരണം: ദലീമ ജോജോ എംഎൽഎ
*മറ്റത്തിൽഭാഗം ഗവ. എൽ പി സ്കൂളിൽ നിർമ്മിച്ച പുതിയ കെട്ടിടം നാടിന് സമർപ്പിച്ചു
പിണറായി വിജയൻ സർക്കാരിന്റെ വികസന നയങ്ങളുടെയും ഇച്ഛാശക്തിയുടെയും ഉത്തമ ഉദാഹരണങ്ങളാണ് മറ്റത്തിൽഭാഗം ഉൾപ്പെടെയുള്ള നിരവധി സ്കൂളുകളിൽ ഉയർന്നുപൊങ്ങിയ അത്യാധുനിക സൗകര്യങ്ങളുള്ള കെട്ടിടങ്ങളെന്ന് ദലീമ ജോജോ എംഎൽഎ പറഞ്ഞു. മറ്റത്തിൽഭാഗം ഗവ. എൽ പി സ്കൂളിൽ നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു എംഎൽഎ. പ്രളയവും മഹാമാരിയും തളർത്തിയ ഒരു കാലഘട്ടത്തിൽനിന്ന് നിശ്ചയദാർഢ്യത്തോടെ വികസന പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ സർക്കാരിന് സാധിച്ചു. കിഫ്ബി വഴിയുള്ള ധനസഹായ പദ്ധതികളുടെ വേഗത വർദ്ധിപ്പിച്ചുവെന്നും വികസന പ്രവർത്തനങ്ങളെ നിസ്സാരവൽക്കരിക്കുന്ന സമീപനം നിർഭാഗ്യകരമാണെന്നും എംഎൽഎ പറഞ്ഞു. കോടിക്കണക്കിന് രൂപയുടെ സർക്കാർ ഫണ്ടുകൾ വിനിയോഗിക്കുമ്പോൾ അതിന് അർഹമായ പ്രാധാന്യം നൽകാൻ എല്ലാവരും തയ്യാറാകണം. കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ ഇരുപതോളം സ്കൂൾ കെട്ടിടങ്ങളാണ് അരൂർ മണ്ഡലത്തിൽ അനുവദിച്ചത്. ഇതിൽ പകുതിയോളം പൂർത്തിയായിക്കഴിഞ്ഞെന്നും എംഎൽഎ പറഞ്ഞു. മറ്റത്തിൽഭാഗം സ്കൂളിന്റെ അടുത്ത ഘട്ട വികസനത്തിനായി 2.5 കോടി രൂപ കൂടി അനുവദിച്ചതായും ചടങ്ങിൽ എംഎൽഎ പ്രഖ്യാപിച്ചു. ഉദ്ഘാടനത്തിന്റെ ഭാഗമായി സ്കൂളിൽ പുതുതായി പ്രവേശനം നേടിയ നൂറ് കുട്ടികൾ ചേർന്ന് എംഎൽഎയോടൊപ്പം ആകാശത്തേക്ക് വർണ്ണ ബലൂണുകൾ പറത്തി.
മറ്റത്തിൽഭാഗം ഗവ. എൽ പി സ്കൂളിന്റെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് കിഫ്‌ബിയിൽ നിന്ന് ഒരു കോടി 48 ലക്ഷം രൂപ വിനിയോഗിച്ച് പുതിയ കെട്ടിടം നിർമിച്ചത്. മൂന്ന് നിലകളുള്ള കെട്ടിടത്തിൽ ആറ് ക്ലാസ് മുറികളാണ് സജ്ജമാക്കിയിരിക്കുന്നത്. ഇതോടൊപ്പം സ്കൂളിൽ മറ്റൊരു കെട്ടിടം നിർമ്മിക്കുന്നതിനായി 2.5 കോടി രൂപയും സർക്കാർ ഇപ്പോൾ അനുവദിച്ചിട്ടുണ്ട്.
ചടങ്ങിൽ തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ആർ രജിത അധ്യക്ഷയായി. അരൂക്കുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനിത പ്രമോദ്, വൈസ് പ്രസിഡന്റ് ടി എം അജയകുമാർ, സ്ഥിരംസമിതി അധ്യക്ഷരായ അക്ഷയരാജ്, എൻ എം ബഷീർ, തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്തംഗം ആഗി ജോസ്, സ്കൂൾ പ്രഥമാധ്യാപകൻ എം കെ അബ്ദുൽ റഹ്മാൻ, എസ്എംസി ചെയർമാൻ കെ പി കബീർ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments