ആരോഗ്യത്തോടുകൂടിയ ജീവിതം ഏറ്റവും വലിയ വികസനം: മന്ത്രി പി പ്രസാദ്
പാണാവള്ളി കൃഷിഭവൻ പുതിയ കെട്ടിടം മന്ത്രി നാടിന് സമർപ്പിച്ചു.
ആരോഗ്യത്തോടു കൂടിയ ജീവിതമാണ് ഏറ്റവും വലിയ വികസനമെന്നും അതിന് വിഷരഹിതമായ ആഹാരവും മികച്ച കാർഷിക സംസ്കാരവും അനിവാര്യമാണെന്നും കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. പാണാവള്ളി പഞ്ചായത്തിൽ നിർമിച്ച പുതിയ കൃഷി ഭവൻ കെട്ടിടത്തിന്റെ ഉദ്ഘാടനം കൃഷിഭവൻ അങ്കണത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് മഹാമാരി സൃഷ്ടിച്ച കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും വികസന പ്രവർത്തനങ്ങൾ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാൻ സർക്കാരിന് സാധിച്ചു. റോഡുകൾക്കും പാലങ്ങൾക്കും നൽകുന്ന പ്രാധാന്യത്തോടൊപ്പംതന്നെ അങ്കണവാടികൾക്കും കൃഷിഭവനുകൾക്കും മുൻഗണന നൽകുന്ന വികസന നയമാണ് സർക്കാർ സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. എംഎൽഎ ഫണ്ടിൽ നിന്നും 33 ലക്ഷത്തോളം രൂപ വിനിയോഗിച്ച് കൃഷി ഭവന് സ്വന്തമായി മനോഹരമായ കെട്ടിടം ഒരുക്കിയത് ദലീമ ജോജോ എംഎൽഎയുടെ നിരന്തരമായ ഇടപെടലിന്റെ ഫലമാണെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ ദലീമ ജോജോ എംഎൽഎ അധ്യക്ഷയായി. മനുഷ്യജീവനെ നിലനിർത്തുന്നതിൽ കൃഷിക്കുള്ള പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ടുള്ള വികസന പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പിലാക്കുന്നതെന്ന് എംഎൽഎ പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പംതന്നെ പ്രകൃതിയെയും മനുഷ്യന്റെ ആരോഗ്യത്തെയും സംരക്ഷിക്കുന്ന ഇത്തരം സംരംഭങ്ങൾ വികസനത്തിന്റെ അവിഭാജ്യ ഘടകമാണ്. സ്വന്തമായി ഓഫീസ് സംവിധാനം ഒരുങ്ങുന്നതോടെ കർഷകർക്ക് കൂടുതൽ മെച്ചപ്പെട്ട സേവനം ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് സാധിക്കുമെന്നും പ്രതികൂല സാഹചര്യങ്ങളിലും ജനങ്ങളെ ചേർത്തുപിടിച്ചുകൊണ്ട് മണ്ഡലത്തിൽ കോടിക്കണക്കിന് രൂപയുടെ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ സർക്കാരിന് സാധിച്ചുവെന്നും എംഎൽഎ പറഞ്ഞു.
ദലീമ ജോജോ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി അനുവദിച്ച 33.7 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ കൃഷിഭവൻ കെട്ടിട നിർമ്മാണം പൂർത്തിയാക്കിയത്.
ചടങ്ങിൽ തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ആർ രജിത മുഖ്യാതിഥിയായി. പാണാവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ബി ബാബുരാജ്, ജില്ലാ പഞ്ചായത്തംഗങ്ങളായ കെ ജെ ജിസ്മി, രാജേഷ് വിവേകാനന്ദ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി സതീശൻ, സ്ഥിരംസമിതി അധ്യക്ഷരായ ജി ധനേഷ് കുമാർ, രാഗണി രമണൻ, റ്റി എസ് മണികണ്ഠൻ, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഐ റംല ബീവി, കൃഷി ഡെപ്യൂട്ടി ഡയറക്ടർ ആനി മാത്യു, പാണാവള്ളി കൃഷി അസിസ്റ്റന്റ് ഡയറക്ടർ എം ജ്യോത്സന, കൃഷി ഓഫീസർ ഡോ. എൻ എൽ എബിമോൾ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments