കണ്ണൂർ മണ്ഡലത്തിന്റെ ഭാവി വികസന ദിശ നിർണയിക്കാൻ വികസന സെമിനാർ
കണ്ണൂർ മണ്ഡലത്തിന്റെ ഭാവി വികസന ദിശ നിർണയിക്കാൻ മണ്ഡലം വികസന സെമിനാർ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ മുൻ മന്ത്രി ഇ. പി ജയരാജൻ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ പത്ത് വർഷത്തിനിടെ കണ്ണൂർ മണ്ഡലത്തിൽ വലിയ രീതിയിലുള്ള വികസന മാറ്റങ്ങളാണ് സംഭവിച്ചതെന്ന് അദ്ദേഹം പറഞ്ഞു. തീരദേശ ഹൈവേ, ഉൾനാടൻ പ്രദേശങ്ങളിലേക്കുള്ള റോഡുകൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെട്ടതായും ദേശീയപാത നിർമാണം പൂർത്തിയാകുന്നതോടെ മണ്ഡലത്തിൽ വ്യാപാര കേന്ദ്രങ്ങൾ കൂടുതൽ വളർച്ച നേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രജിസ്ട്രേഷൻ, പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനായി. മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനുള്ള ആശയങ്ങളും പൊതുജനങ്ങളുടെ നിർദേശങ്ങളും സമാഹരിക്കുകയെന്ന ലക്ഷ്യത്തോടെ നടത്തിയ ചർച്ചയിൽ ഭാവി കണ്ണൂർ മണ്ഡലത്തിനെ മുന്നേറ്റത്തിന്റെ പാതയിലേക്ക് നയിക്കാനുള്ള ക്രീയാത്മക നിർദേശങ്ങളാണ് ഉയർന്നത്.
രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, വ്യാവസായിക മേഖലകളിലെ പ്രതിനിധികൾ ചർച്ചയിൽ പങ്കാളികളായി.
പത്ത് വർഷങ്ങളായി സർക്കാർ മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ വീഡിയോ ദൃശ്യങ്ങളോടൊപ്പം മന്ത്രി അവതരിപ്പിച്ചു. മണ്ഡലം വികസന സമിതി കൺവീനവർ എൻ ചന്ദ്രൻ വികസന രേഖ അവതരിപ്പിച്ചു.
കണ്ണൂരിലെ ടൂറിസം കേന്ദ്രങ്ങൾ ലക്ഷ്യമാക്കിവരുന്ന വിനോദ സഞ്ചാരികൾക്ക് യാത്രാ സൗകര്യവും താമസ സൗകര്യങ്ങളും ഒരുക്കുന്നതിന് ഒരു സർക്കാർ ഏജൻസി വേണമെന്നും തോട്ടട റെയിൽവേ ഗേറ്റിൽ ഫ്ളൈ ഓവർ കൊണ്ടുവരണമെന്നും തോട്ടട സ്വദേശി ചന്ദ്രശേഖരൻ പറഞ്ഞു.
വാരം ടൗണിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരംകാണുന്നതിന് പദ്ധതി ആവിഷ്കരിക്കണമെന്നും വാരം മീൻ മാർക്കറ്റിൽ എത്തുന്നവർക്ക് പാർക്കിംഗ് സൗകര്യം ഒരുക്കണമെന്നും വാരം സ്വദേശി സെയ്ദ് അഭിപ്രായപ്പെട്ടു.
സ്വന്തമായി പാർപ്പിടം ഇല്ലാത്തവരെ സംരക്ഷിക്കാൻ ഫ്ലാറ്റുകൾ നിർമ്മിക്കണം, ചേലോറ പ്രാഥമിക ആരോഗ്യ കേന്ദ്രം കൂടുതൽ മെച്ചപ്പെടുത്തണം, കാനാമ്പുഴയിലെത്തുന്ന ആളുകൾക്ക് വിശ്രമിക്കാൻ ഇരിപ്പിടങ്ങൾ വേണം തുടങ്ങിയവ ചർച്ചയിൽ ഉയർന്നു.
യുവജന കമ്മീഷൻ ചെയർമാൻ എം ഷാജർ, കണ്ണൂർ കോർപറേഷൻ കൗൺസിലർമാരായ അഡ്വ. അജയകുമാർ, വി കെ പ്രകാശിനി, രാഷ്ട്രീയ കക്ഷി നേതാക്കളായ യു. ബാബുഗോപിനാഥ്, കെ നാരായണൻകുട്ടി, വെള്ളോറ രാജൻ, രാഗേഷ് മന്നമ്പേത്ത്, ഇ പി ആർ വേശാല തുടങ്ങിയവർ പങ്കെടുത്തു.
പത്തുവർഷത്തിൽ 1600 കോടിയുടെ വികസനം
* 1600 കോടി രൂപയുടെ വികസന പദ്ധതികളാണ് കണ്ണൂർ മണ്ഡലത്തിൽ പത്ത് വർഷത്തിനിടെ നടപ്പാക്കിയത്. പശ്ചാത്തല മേഖലയിൽ മാത്രം 1110 കോടി രൂപ ചെലവഴിച്ചു. സംസ്ഥാനത്തു തന്നെ എല്ലാ പി.ഡബ്ല്യുഡി റോഡുകളും മെക്കാഡം ചെയ്യുന്ന ആദ്യ നിയോജക മണ്ഡലമാണ് കണ്ണൂർ. തദ്ദേശ റോഡുകൾ ഉന്നത നിലവാരത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ 35 റോഡുകൾ തെരഞ്ഞെടുത്ത് പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്.
* അഞ്ച് പാലങ്ങൾ നിർമ്മിച്ചു. രണ്ട് പാലങ്ങളുടെ നിർമ്മാണം പുരോഗമിക്കുന്നു. ഏഴ് പാലങ്ങൾക്ക് ഭരണാനുമതി ലഭിച്ചു.
* കണ്ണൂർ നഗരത്തിലെ ഗതാഗത കുരുക്ക് ശാശ്വതമായി പരിഹരിക്കുന്നതിനനായി, നഗരത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന 748 കോടി രൂപയുടെ സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതി ആരംഭിച്ചു. ഈ പദ്ധതിയുടെ ഭാഗമായ മേലെചൊവ്വ മേൽപ്പാലത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി 130.87 കോടി രൂപയാണ് വകയിരുത്തിയത്.
* ചാല കട്ടിംഗ് മേൽപ്പാലം, താഴെ ചൊവ്വ സ്പിന്നിങ് മിൽ റോഡ്, തീരദേശ ഹൈവേ എന്നിവയുടെ പ്രവൃത്തിക്കും അനുമതിയായി.
* പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി സർക്കാർ വിദ്യാലയങ്ങളെ ഹൈടെക് നിലവാരത്തിൽ എത്തിക്കാൻ 129 കോടിയുടെ വികസന പ്രവർത്തങ്ങളാണ് നടത്തിയത്. തോട്ടട, മുണ്ടേരി ഹയർ സെക്കൻഡറി സ്കൂളുകൾ അന്താരാഷ്ട്ര പദവിയിലേക്ക് ഉയർത്തി.
* ആരോഗ്യ മേഖലയിൽ നടത്തിയ ഇടപെടലുകളുടെ ഫലമായി ജില്ലാ ഗവ. ആശുപത്രി ഉൾപ്പെടെ 100 കോടി രൂപയുടെ നിർമ്മാണ പ്രവൃത്തികളാണ് നടത്തിയത്. ജില്ലാ ഗവ. ആശുപത്രി സൂപ്പർ സ്പെഷാലിറ്റി തലത്തിലേക്ക് ഉയർത്തുന്നതിന് ആവശ്യമായ കെട്ടിടങ്ങളും അനുബന്ധ സൗകര്യങ്ങളും ഒരുക്കാനും ഇതിനകം സാധിച്ചു. കാത്ത് ലാബ് പ്രവർത്തനം ആരംഭിക്കുന്നതിനും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനും സാധിച്ചു.
പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഡയാലിസിസ് യൂണിറ്റ് സംസ്ഥാനത്ത് ആദ്യം ആരംഭിച്ചത് എടക്കാട് ആറ്റടപ്പയിലാണ്. കോവിഡ് കാലത്ത് കോവിഡ് രോഗികൾക്ക് മാത്രമായി നടത്തിയ രാജ്യത്തെ തന്നെ ഏക യൂണിറ്റും ആറ്റടപ്പയിലാണ്.
* ടൂറിസം, പരിസ്ഥിതി പുന:സ്ഥാപന മേഖലകളിൽ നടത്തിയ ഇടപെടലുകൾ മണ്ഡല ചരിത്രത്തിൽ തന്നെ ആദ്യത്തേതാണ്. പയ്യാമ്പലം ഗാർഡൻ, ഗസ്റ്റ് ഹൗസ് ബീച്ച്, കക്കാട് റോഡിലെ പാലക്കാട് സ്വാമിമഠം പാർക്ക്, തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയിൽ ഉൽപ്പെടുത്തി. ഊർപ്പഴശ്ശിക്കാവിന്റെ നടുമുറ്റം, കുളം എന്നിവ പുതുക്കി പണിയൽ പ്രവൃത്തി, കണ്ണൂർ ഗസ്റ്റ് ഹൗസ് ബിൽഡിംഗ് പുതുക്കി പണിയൽ തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് പൂർത്തിയാക്കിയത്. അറക്കൽ കൊട്ടാരത്തിന്റെ പുനരുദ്ധാരണത്തിന് ഏഴ് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. കടലായി ബീച്ച് സൗന്ദര്യവത്കരണത്തിന് രണ്ട് കോടി, മാപ്പിളബേ ഹാർബർ സൗന്ദര്യവത്കരണത്തിന് മൂന്ന് കോടി എന്നിങ്ങനെ തുക അനുവദിച്ചു.
* തറികളുടെ നാടായ കണ്ണൂരിന്റെ ഗതകാല സ്മരണകൾ ഓർത്തു വെക്കാൻ കണ്ണൂരിൽ കൈത്തറി മ്യൂസിയം ആരംഭിച്ചു.
* ഫോട്ടോഗ്രാഫി മ്യൂസിയം എടക്കാട് ആരംഭിക്കുന്നതിന് ടെണ്ടർ നടപടിയായി.
* കായികരംഗത്തും ഒട്ടേറെ പ്രവർത്തനങ്ങളാണ് ഏറ്റെടുത്തത്. കണ്ണൂർ കായിക സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തി.
* മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിലെ അറ്റകുറ്റപ്പണികൾ പൂർത്തികരിച്ചു.
* 12 കോടി രൂപ ചെലവിൽ പുതിയ സ്പോർട്സ് ഹോസ്റ്റൽ ഉടൻ യാഥാർഥ്യമാക്കും. ചേലോറ സ്കൂൾ ഗ്രൗണ്ട് ഒരു കോടി രൂപ ഉപയോഗിച്ച് നവീകരിച്ചു. * തോട്ടട പോളിടെക്നിക് കോളജ് ഗ്രൗണ്ട് നിർമ്മാണ പ്രവൃത്തി ഉടൻ പൂർത്തിയാക്കും.
* തലമുണ്ട സ്റ്റേഡിയം എഴ് കോടി രൂപ ചെലവിൽ നിർമ്മിക്കുന്നതിന് ടെൻഡർ നടപടികൾ പൂർത്തിയായി.
* കണ്ണൂർ ശ്രീ നാരായണ കോളേജ് ഗ്രൗണ്ട് ഒരു കോടി രൂപ ഉപയോഗിച്ച നവീകരിക്കും.
* കണ്ണൂർ കോടതിക്ക് 25 കോടി ചെലവിൽ നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ഒന്നാംനില കോൺക്രീറ്റ് കഴിഞ്ഞു. കൂടാതെ ജുഡീഷ്യൽ ഓഫീസർ മാർക്കുള്ള ക്വാർട്ടേർസ്, പബ്ലിക്ക് സർവീസ് കമ്മീഷന് സ്വന്തമായി പുതിയ ഓഫീസ്, മുനിസിപ്പൽ കോർപ്പറേഷന് പുതിയ ഓഫീസ് എന്നിവയെല്ലാം യാഥാർഥ്യമാവുകയാണ്.
* നദീതട നീർത്തട പരിപാലന മാതൃകകളിലൊന്നായ കാനാമ്പുഴ പുനരുജ്ജീവനപദ്ധതിയിൽ 10 കിലോമീറ്റർ ദൈർഘ്യമുള്ള പുഴയെ മാലിന്യങ്ങൾ നീക്കി പുനരുജ്ജീവിപ്പിക്കാൻ സാധിച്ചത് രാജ്യത്ത് തന്നെ വേറിട്ട ശ്രമങ്ങളിലൊന്നാണ്.
- Log in to post comments