Skip to main content

ആറാട്ടുപുഴ പൂരം; മുന്നൊരുക്കങ്ങള്‍ വിലയിരുത്തി

2026 ലെ ആറാട്ടുപുഴ പൂരത്തിന്റെ സുഗമമായ നടത്തിപ്പുമായി ബന്ധപ്പെട്ട് വന്യു, ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്റെ അധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ യോഗം ചേര്‍ന്നു. ഘടക പൂരങ്ങള്‍ എത്തിച്ചേരുന്ന വഴികളില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ ബാക്കിയുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശം നല്‍കി. പോലീസും ഫയര്‍ഫോഴ്‌സും മറ്റ് ബന്ധപ്പെട്ട വകുപ്പുകളും പൂര്‍ണ്ണ സജ്ജമായി ഉത്സവപ്രദേശങ്ങളില്‍ നിലകൊള്ളണം. ആരോഗ്യവകുപ്പ് അടിയന്തര ചികിത്സയ്ക്ക് ആവശ്യമായ സജ്ജീകരണങ്ങളുമായി പ്രത്യേക കണ്‍ട്രോള്‍ റൂം ഒരുക്കണം. ആചാരമനുസരിച്ച് പൂരം നടത്തുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കണമെന്ന് വകുപ്പുകള്‍ക്കും കമ്മിറ്റി അംഗങ്ങള്‍ക്കും മന്ത്രി നിര്‍ദ്ദേശം നല്‍കി.

പൂരത്തിനെത്തുന്ന ആനകളുടെയും പാപ്പാന്‍മാരുടെയും ഫിറ്റ്‌നസ് നടപടിക്രമങ്ങള്‍ കൃത്യതയോടെ നടപ്പിലാക്കണമെന്ന് മൃഗസംരക്ഷണ വകുപ്പിനോട് മന്ത്രി നിര്‍ദ്ദേശിച്ചു. ഉത്സവ പരിസരത്ത് പ്രധാനപ്പെട്ട വകുപ്പുകളിലെ പ്രതിനിധികളെ ഉള്‍പ്പെടുത്തി കണ്‍ട്രോള്‍ റൂം സ്ഥാപിക്കണമെന്നും ആവശ്യ ഘട്ടങ്ങളില്‍ സേവനം അതിവേഗം നടപ്പിലാക്കണമെന്നും മന്ത്രി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഉത്സവത്തിന് മുന്നോടിയായി ആറാട്ട് നടക്കുന്ന മന്ദാരക്കടവിലെ ചളി നീക്കം ചെയ്ത് വൃത്തിയാക്കണമെന്നും നിര്‍ദ്ദേശിച്ചു. ഉത്സവത്തിന് എത്തുന്നവര്‍ക്ക് കുടിവെള്ളം, ഇ-ടോയ്‌ലറ്റ്, വാഹന പാര്‍ക്കിംഗ് സംവിധാനം, ദിശാ ബോര്‍ഡ് സ്ഥാപിക്കല്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സംവിധാനങ്ങള്‍ ഒരുക്കണമെന്നും യോഗത്തില്‍ നിര്‍ദ്ദേശിച്ചു.

കളക്ടറേറ്റ് എക്‌സിക്യുട്ടീവ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കെ.കെ രാമചന്ദ്രന്‍ എം.എല്‍.എ, കൊച്ചിന്‍ ദേവസ്വം പ്രസിഡന്റ് ആര്‍. രവീന്ദ്രന്‍, റൂറല്‍ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍, എ.ഡി.എം ആര്‍. മനോജ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ഉത്സവ കമ്മിറ്റി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

date