Skip to main content

നിയമസഭാ തിരഞ്ഞെടുപ്പ്

 

50,000 രൂപയ്ക്ക് മുകളിൽ കൈവശം വെച്ച് യാത്ര ചെയ്യുമ്പോൾ രേഖ വേണം

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിശോധനകളുടെ ഭാഗമായി, മതിയായ രേഖകളില്ലാതെ 50,000 രൂപയ്ക്ക് മുകളിൽ കൈവശം വച്ച് യാത്ര ചെയ്താൽ സ്റ്റാറ്റിക് സർവൈലൻസ് ടീം, ഫ്‌ളൈയിംഗ് സ്‌ക്വാഡ് എന്നിവർ തുക പിടിച്ചെടുക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറാായ ജില്ലാ കളക്ടർ അരുൺ കെ.വിജയൻ അറിയിച്ചു. നിയമാനുസൃതമല്ലാത്ത രീതിയിലുള്ള മദ്യം, കൂടാതെ മയക്കുമരുന്ന്, പുകയില ഉത്പന്നങ്ങൾ എന്നിവയുമായി യാത്ര ചെയ്യുന്നവർക്കെതിരെയും നടപടി സ്വീകരിക്കും. പണം പിടിച്ചെടുക്കുന്നത് സംബന്ധിച്ച് ആക്ഷേപമുള്ളവർക്ക് സിവിൽ സ്റ്റേഷൻ അനക്‌സിലെ അപ്പീൽ കമ്മിറ്റി മുമ്പാകെ അപ്പീൽ ഫയൽ ചെയ്യാം. തിരഞ്ഞെടുപ്പ് ചിലവ് നോഡൽ ഓഫീസറായ ജിഎസ്ടി ഡെപ്യൂട്ടി കമ്മീഷണർ (ഇന്റലിജൻസ്) സി.എം സുനിൽകുമാർ കൺവീനറായും സീനിയർ ഫിനാൻസ് ഓഫീസർ ശിവപ്രകാശൻ നായർ, ജില്ലാ ട്രഷറി ഓഫീസർ ഷാജി യു എസ് എന്നിവർ അംഗങ്ങളായുമുള്ള കമ്മിറ്റിയാണ് അപ്പീലുകൾ പരിശോധിക്കുക. 

ഓഡിറ്റോറിയം/കമ്മ്യൂണിറ്റി ഹാളുകൾ: പാലിക്കേണ്ട വ്യവസ്ഥകൾ

തിരഞ്ഞെടുപ്പ് കാലയളവിൽ വിവാഹ ഹാളുകൾ, കമ്മ്യൂണിറ്റി ഹാളുകൾ തുടങ്ങിയ സ്ഥലങ്ങളുടെ ഉപയോഗം ജില്ലാ തിരഞ്ഞെടുപ്പ് സംവിധാനം കൃത്യമായി നിരീക്ഷിക്കുന്നതാണ്.

തെളിവ് ശേഖരിക്കൽ: തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി ചെലവ് മറച്ചുവെക്കുന്നില്ലെന്ന് ഉറപ്പാക്കാൻ, ഹാൾ ബുക്ക് ചെയ്തതിന്റെ ഉദ്ദേശ്യം വ്യക്തമാക്കുന്ന തെളിവുകൾ (വിവാഹ ക്ഷണക്കത്ത് പോലുള്ളവ) സൂക്ഷിക്കേണ്ടതുണ്ട്.

ദൈനംദിന റിപ്പോർട്ടുകൾ: ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഇത്തരം ബുക്കിംഗുകളുടെ ദൈനംദിന റിപ്പോർട്ടുകൾ ശേഖരിക്കുകയും വോട്ടർമാരെ സ്വാധീനിക്കാൻ വ്യാജ പാർട്ടികൾ സംഘടിപ്പിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യും.

സംശയാസ്പദമായ ബുക്കിംഗുകൾ: സംശയാസ്പദമായ ബുക്കിംഗുകളെക്കുറിച്ചോ സംഭവങ്ങളെക്കുറിച്ചോ ഉള്ള റിപ്പോർട്ടുകൾ ബന്ധപ്പെട്ടവർ  അതാത് വരണാധികാരികൾക്ക് കൈമാറേണ്ടതാണ്.

അന്നദാനം എന്ന വ്യാജേനയുള്ള വിരുന്ന്: ആരാധനാലയങ്ങൾക്ക് പുറത്ത് 'അന്നദാനം' എന്ന പേരിൽ വലിയ തോതിൽ ഭക്ഷണം വിളമ്പുന്നത്, തിരഞ്ഞെടുപ്പ് വേളയിൽ വോട്ടർമാരെ സ്വാധീനിക്കാൻ വേണ്ടിയാണോയെന്നത് പരിശോധിക്കും.

നിയമവിരുദ്ധ നടപടി: ഇത്തരം പ്രവൃത്തികൾ 1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 123 പ്രകാരവും ഐ.പി.സി ചാപ്റ്റർ കതഅ പ്രകാരവും അഴിമതിയായും തിരഞ്ഞെടുപ്പ് കുറ്റകൃത്യമായും കണക്കാക്കപ്പെടുന്നു.

തടയാനുള്ള നടപടികൾ: വലിയ തോതിൽ ഭക്ഷണം വിളമ്പുന്നത് സംബന്ധിച്ച് എന്തെങ്കിലും സംശയം തോന്നിയാൽ, ചീഫ് ഇലക്ടറൽ ഓഫീസർമാരും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെയും വരണാധികാരിയെയും അറിയിക്കേണ്ടതാണ്. 

സ്ഥാനാർഥിക്ക് ചെലവഴിക്കാവുന്ന പരമാവധി തുക 40 ലക്ഷം  

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒരു സ്ഥാനാർഥിക്ക് ചെലവാക്കാവുന്ന പരമാവധി തുക 40 ലക്ഷം രൂപയാണ്. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്ന വാഹനങ്ങൾക്കും പ്രചാരണത്തിനുപയോഗിക്കുന്ന മറ്റു സാമഗ്രികൾക്കും നിഷ്‌കർഷിക്കുന്ന തുക സംബന്ധിച്ച റേറ്റ് ചാർട്ട് പ്രസിദ്ധീകരിച്ചതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ അരുൺ കെ വിജയൻ അറിയിച്ചു. സ്ഥാനാർഥികളുടേയും രാഷ്ട്രീയ പാർട്ടികളുടേയും ചെലവ് കണക്കാക്കുന്നതിന്റെ ഭാഗമായാണ് റേറ്റ് ചാർട്ട് തയ്യാറാക്കിയിരിക്കുന്നത്. സ്ഥാനാർഥികൾക്ക് റേറ്റ് ചാർട്ടിന്റെ പകർപ്പ് നോഡൽ ഓഫീസർ തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണ സെൽ ആൻഡ് ഡെപ്യൂട്ടി കമ്മീഷണർ (ഇന്റലിജൻസ്), കണ്ണൂർ കാര്യാലയത്തിൽ പരിശോധനയ്ക്ക് ലഭ്യമാണ്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും സ്ഥാനാർഥികളുടെ ചെലവ് കണക്കാക്കുക. 

ലഘുലേഖകളുടെയും പോസ്റ്ററുകളുടെയും അച്ചടിക്കും പ്രസിദ്ധീകരണത്തിനും നിയന്ത്രണങ്ങൾ

1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 127എ പ്രകാരം തിരഞ്ഞെടുപ്പ് ലഘുലേഖകളുടെയും പോസ്റ്ററുകളുടെയും അച്ചടിക്കും പ്രസിദ്ധീകരണത്തിനും നിയമപരമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഓരോ തെരഞ്ഞെടുപ്പ് ലഘുലേഖയുടെയോ പോസ്റ്ററിന്റെയോ മുഖഭാഗത്ത് അച്ചടിക്കുന്നയാളുടെയും പ്രസിദ്ധീകരിക്കുന്നയാളുടെയും (Publisher) പേരും മേൽവിലാസവും ഉണ്ടായിരിക്കണം.

പ്രസിദ്ധീകരിക്കുന്നയാളുടെ ഐഡന്റിറ്റി വ്യക്തമാക്കുന്നതും, ഒപ്പിട്ടതും, സാക്ഷ്യപ്പെടുത്തിയതുമായ ഡിക്ലറേഷൻ രണ്ട് കോപ്പികളായി അച്ചടിക്കുന്നയാൾക്ക് നൽകുന്നതുവരെ അത്തരം വസ്തുക്കൾ അച്ചടിക്കാൻ പാടില്ല.

അച്ചടി കഴിഞ്ഞാലുടൻ, പ്രസ്തുത ഡിക്ലറേഷന്റെ ഒരു പകർപ്പും അച്ചടിച്ച വസ്തുവിന്റെ ഒരു പകർപ്പും അച്ചടിക്കുന്നയാൾ ചീഫ് ഇലക്ടറൽ ഓഫീസർക്കോ അല്ലെങ്കിൽ ജില്ലാ മജിസ്ട്രേറ്റിനോ നിശ്ചിത സമയത്തിനുള്ളിൽ അയച്ചു കൊടുക്കേണ്ടതാണ്.

ഈ നിയമങ്ങൾ ലംഘിക്കുന്ന വ്യക്തിക്ക് ആറുമാസം വരെയുള്ള തടവോ, രണ്ടായിരം രൂപ വരെയുള്ള പിഴയോ അല്ലെങ്കിൽ ഇവ രണ്ടുമോ ശിക്ഷയായി ലഭിക്കാവുന്നതാണ്.

പ്രിന്റിംഗ് പ്രസുകൾക്കുള്ള പ്രത്യേക നിർദ്ദേശങ്ങൾ

തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശാനുസരണം എല്ലാ പ്രിന്റിംഗ് പ്രസുകളും താഴെ പറയുന്നവ പാലിക്കേണ്ടതാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ അരുൺ കെ വിജയൻ അറിയിച്ചു.  
പേരും മേൽവിലാസവും: അച്ചടിക്കുന്ന ഓരോ തിരഞ്ഞെടുപ്പ് ലഘുലേഖയിലോ പോസ്റ്ററിലോ പ്രിന്ററുടെയും പബ്ലിഷറുടെയും പേരും വിലാസവും വ്യക്തമായും കൃത്യമായും രേഖപ്പെടുത്തണം.
രേഖകൾ സമർപ്പിക്കൽ: അച്ചടി കഴിഞ്ഞ് മൂന്ന് ദിവസത്തിനുള്ളിൽ, അച്ചടിച്ച വസ്തുക്കളുടെ പകർപ്പുകൾ, അവയുടെ മൂന്ന് അധിക പകർപ്പുകൾ, പബ്ലിഷറിൽ നിന്ന് ലഭിച്ച ഡിക്ലറേഷൻ എന്നിവ ബന്ധപ്പെട്ട അധികാരിക്ക് സമർപ്പിക്കണം.
ഈ നിയമങ്ങൾ ലംഘിക്കുന്നത് ഗൗരവമായി കാണുന്നതാണ്. നിയമനടപടികൾക്ക് പുറമെ, ഉചിതമായ സന്ദർഭങ്ങളിൽ പ്രിന്റിംഗ് പ്രസിന്റെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുന്നതാണെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

date