മുഖ്യമന്ത്രി പിണറായി വിജയൻ ധർമ്മടത്ത് പത്രിക നൽകി
ജില്ലയിൽ നാമനിർദേശ പത്രികാ സമർപ്പണം തുടങ്ങി
കണ്ണൂർ ജില്ലയിൽ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികാ സമർപ്പണം തുടങ്ങി. ധർമ്മടം നിയമസഭ മണ്ഡലത്തിൽ സ്ഥാനാർഥിയായി മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച നാമനിർദേശ പത്രിക സമർപ്പിച്ചു. രാവിലെ 11 മണിയോടെ എൽഡിഎഫ് നേതാക്കളോടൊപ്പമെത്തിയാണ് ജില്ലാ രജിസ്ട്രാർ സച്ചിൻ കൃഷ്ണൻ മുൻപാകെ അദ്ദേഹം പത്രിക നൽകിയത്. കണ്ണൂർ ജില്ലയിൽ ലഭിക്കുന്ന ആദ്യത്തെ നാമനിർദേശ പത്രികയാണിത്.
സ്പീക്കർ എ എൻ ഷംസീർ, മറ്റ് ഇടതുമുന്നണി നേതാക്കൾ എന്നിവർ കൂടെയുണ്ടായിരുന്നു. ധർമ്മടത്ത് നിന്ന് ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ജനവിധി തേടുന്നത്.
കൊല്ലം, പത്തനാപുരം ഗാന്ധിഭവനിലെ അഗതികളായ അമ്മമാരാണ് തിരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കാനുള്ള തുക നൽകിയത്. കഴിഞ്ഞ രണ്ട് തവണയും ഇവർ തന്നെയായിരുന്നു കെട്ടിവെക്കാനുള്ള തുക നൽകിയത്. ഗാന്ധിഭവനിൽ വച്ച് അഗതികൾ നിർമ്മിച്ച കരകൗശല വസ്തുക്കളും മറ്റും വിറ്റു കിട്ടിയ തുകയിൽ നിന്നുള്ള ഒരു പങ്ക് മുഖ്യമന്ത്രിക്ക് നൽകാനായി അമ്മമാർ ഗാന്ധി ഭവൻ ഭാരവാഹികളെ ഏൽപിക്കുകയായിരുന്നു.
- Log in to post comments