ചെലവ് നിരീക്ഷകരുടെ യോഗം ചേർന്നു
നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സുരക്ഷാക്രമീകരണങ്ങളും ചെലവ് നിരീക്ഷണ സംവിധാനങ്ങളും ശക്തമാക്കുന്നതിന്റെ ഭാഗമായി കളക്ടറേറ്റിൽ ചെലവ് നിരീക്ഷകരുടെയും പൊലീസ്, എക്സൈസ്, റിട്ടേണിംഗ് ഓഫീസർമാരുടെയും യോഗം ചേർന്നു. ജില്ലാ കളക്ടർ അനു കുമാരി യോഗത്തിൽ അധ്യക്ഷത വഹിച്ചു.
തിരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമാക്കുന്നതിനും വോട്ടർമാരെ സ്വാധീനിക്കാൻ സാധ്യതയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനും കർശന നടപടികൾ സ്വീകരിക്കാൻ യോഗം നിർദ്ദേശം നൽകി. അതിർത്തി കടന്നുള്ള ലഹരികടത്തും മദ്യത്തിന്റെ അനിയന്ത്രിത വിതരണവും തടയാൻ എക്സൈസ്, പോലീസ് വകുപ്പുകൾ സംയുക്തമായി പരിശോധനകൾ നടത്തും. അന്യസംസ്ഥാനങ്ങളിൽ നിന്ന് ലഹരിവസ്തുക്കൾ എത്താൻ സാധ്യതയുള്ളതിനാൽ അതിർത്തി പങ്കിടുന്ന ചെക്ക് പോസ്റ്റുകളിൽ നിരീക്ഷണം ശക്തമാക്കും.
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ മദ്യത്തിന്റെ ഉത്പാദനത്തിലോ വിതരണത്തിലോ ഉണ്ടാകുന്ന അസ്വാഭാവികമായ വർദ്ധനവ് നിരീക്ഷിക്കാനും ഇതുസംബന്ധിച്ച റിപ്പോർട്ടുകൾ ദിവസേന സമർപ്പിക്കാനും എക്സൈസ് വകുപ്പിനോട് ആവശ്യപ്പെട്ടു. സാമ്പത്തിക ഇടപാടുകൾ നിരീക്ഷിക്കുന്നതിനായി പ്രത്യേക സ്ക്വാഡിനെ നിയോഗിച്ചിട്ടുണ്ട്. ബാങ്കുകളിൽ നിന്ന് പത്ത് ലക്ഷം രൂപയിൽ കൂടുതൽ പിൻവലിക്കുകയോ സംശയാസ്പദമായ രീതിയിൽ പണമിടപാടുകൾ നടത്തുകയോ ചെയ്താൽ ബാങ്ക് മാനേജർമാർ ഉടൻ റിപ്പോർട്ട് ചെയ്യണം. വോട്ടർമാരെ സ്വാധീനിക്കാൻ നൽകുന്ന സൗജന്യങ്ങൾ തടയാൻ പ്രത്യേക ശ്രദ്ധ വേണമെന്നും ഒബ്സർവർമാർ നിർദ്ദേശിച്ചു. നിരീക്ഷണ സംഘങ്ങൾ ഒരേ സ്ഥലത്ത് കേന്ദ്രീകരിച്ച് പരിശോധന നടത്താതെ പലയിടങ്ങളിലായി പ്രവർത്തനം വ്യാപിപ്പിക്കണമെന്നും യോഗം വിലയിരുത്തി.
യോഗത്തിൽ ചെലവ് നിരീക്ഷകരായ പ്രമോദ് എ നിഖാൽജെ, ഉമേഷ് കുമാർ, കെ വീരമണി, ലോകേഷ് സിംഖാല, സിറ്റി പൊലീസ് കമ്മീഷണർ കെ കാർത്തിക്, സബ് കളക്ടർ ആൽഫ്രഡ് ഒ വി, എക്സൈസ് ഉദ്യോഗസ്ഥർ, വിവിധ റിട്ടേണിംഗ് ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments