Skip to main content

സ്വതന്ത്രവും നീതിപൂർവവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കും: തിരഞ്ഞെടുപ്പ് നിരീക്ഷകർ

നിരീക്ഷകർ നോഡൽ ഓഫീസർമാരുടെ യോഗം ചേർന്നു

സ്വതന്ത്രവും നീതിപൂർവവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന്  ശക്തമായ നടപടി സ്വീകരിക്കാൻ ജില്ലതല തിരഞ്ഞെടുപ്പ് നിരീക്ഷകർ  നോഡൽ ഓഫീസർമാർക്ക് നിർദ്ദേശം നൽകി. രാവിലെ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ  കൂടിയായ ജില്ലാ കളക്ടർ കെ ഇമ്പശേഖറിന്റെ സാന്നിധ്യത്തിൽ കളക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ് നിർദ്ദേശം നൽകിയത്. ഉദ്യോഗസ്ഥർ ചട്ടങ്ങൾ അനുസരിച്ച് ക്രമീകരണങ്ങൾ മുന്നോട്ടുപോകുന്നുവെന്ന് ജാഗ്രത പുലർത്തണം. ആദ്യഘട്ട പ്രവർത്തനങ്ങളിൽ സംതൃപ്തി രേഖപ്പെടുത്തിയ സംഘം നടപടികളിൽ സുതാര്യത ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം വിശദീകരിച്ചു. 

തിരഞ്ഞെടുപ്പ് സംബന്ധിച്ച് എന്ത് പരാതിയും നിരീക്ഷകരെ നേരിട്ട് അറിയിക്കാമെന്ന് പൊതുനിരീക്ഷകൻ പി. മോഹൻഗാന്ധി യോഗത്തിൽ പറഞ്ഞു.
തിരഞ്ഞെടുപ്പിന്റെ സുതാര്യത ഉറപ്പാക്കുന്നതിനായി ഫോൺ നമ്പറുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പൊതു നിരീക്ഷകൻ പദുംസിങ് അൽമയും യോഗത്തിൽ സന്നിഹിതനായി. സ്ഥാനാർഥികളുടെ ചെലവ് സംബന്ധിച്ച രജിസ്റ്ററുകൾ കൃത്യമായി പാലിക്കപ്പെടണമെന്ന് ചെലവ് സംബന്ധിച്ച നിരീക്ഷകൻ  പ്രശാന്ത് കുമാർ  ഝാ പറഞ്ഞു.

 സ്റ്റാറ്റിക് സർവൈലൻസ് ടീം പോയിന്റുകളിലെ സിസിടിവി ക്യാമറകൾ മുടക്കം കൂടാതെ  കൃത്യമായ നടപടിക്രമം ഉണ്ടാകണമെന്ന്      
 നിരീക്ഷക യോഗീത ശർമ്മ നിർദ്ദേശിച്ചു. തിരഞ്ഞെടുപ്പിൽ പണത്തിന്റെ ദുരുപയോഗവും അനധികൃത പണമിടപാടുകളും തടയുന്നതിന് 
സംശയാസ്പദമായ പ്രവർത്തനങ്ങൾ സൂക്ഷ്മമായി പരിശോധിക്കണമെന്നും പണവിതരണം നടക്കാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്നും നിരീക്ഷക മുന്നറിയിപ്പ് നൽകി. 

അനധികൃത കടത്ത് തടയുന്നതിന് നടപടികൾ  ശക്തമാക്കാൻ പോലീസ് നിരീക്ഷകൻ അവിജിത്ത് ബാനർജി നിർദ്ദേശിച്ചു. 
ജില്ലയിലെ തിരഞ്ഞെടുപ്പ് ജോലികളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനുള്ള നടപടികൾ 100 ശതമാനം പൂർത്തിയായിട്ടുണ്ടെന്നും  തിരഞ്ഞെടുപ്പ് നടപടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള   വിവിധ നിരീക്ഷണ സംഘങ്ങളെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടർ കെ ഇമ്പശേഖർ പറഞ്ഞു.ജില്ലയിലെ 34 പോലീസ് സ്റ്റേഷനുകളെ ഒൻപത് സബ് ഡിവിഷനുകളായി തിരിച്ച്  അതിന്റെ ചുമതല ഡിവൈഎസ്പിമാർക്ക്  നൽകിയിട്ടുണ്ടെന്നും ക്രമസമാധാനം സംരക്ഷിക്കുന്നതിന് നടപടികൾ സ്വീകരിച്ചിണ്ടെന്നും ജില്ല പോലീസ് മേധാവി എം.പി.മോഹന  ചന്ദ്രൻ പറഞ്ഞു.

തിരഞ്ഞെടുപ്പ് പൊതു നിരീക്ഷകരായ പി. മോഹൻഗാന്ധി, പദും സിംഗ് അൽമ, ചെലവ് നിരീക്ഷകരായ പ്രശാന്ത് കുമാർ ഝാ, യോഗീത ശർമ്മ, പോലീസ് നിരീക്ഷകൻ അവിജിത്ത് ബാനർജി, ജില്ലാ കളക്ടർ കെ ഇമ്പശേഖർ, ജില്ല പോലീസ് മേധാവി എം.പി.മോഹനചന്ദ്രൻ, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ പി.എൻ അനി, വിവിധ നോഡൽ ഓഫീസർമാർ,  വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date