*പോളിംഗ് ഡ്യൂട്ടി ഉത്തരവുകൾ ഓർഡർ സോഫ്റ്റ്‌വെയറിൽ പ്രസിദ്ധീകരിച്ചു*
കേരള നിയമസഭയിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് ഡ്യൂട്ടിക്കായി നിയോഗിച്ച ഉദ്യോഗസ്ഥർക്കുള്ള ഉത്തരവുകൾ ഓർഡർ സോഫ്റ്റ്‌വെയറിൽ ( ലിങ്ക് - https://order.ceo.kerala.gov.in) പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാകളക്ടർ ശിഖ സുരേന്ദ്രൻ അറിയിച്ചു. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്ക് അവരുടെ ഡ്യൂട്ടി സംബന്ധിച്ച വിശദാംശങ്ങൾ ബന്ധപ്പെട്ട ഓഫീസുകളിൽ നിന്നും ഓർഡർ സോഫ്റ്റ്‌വെയറിലൂടെ ലഭ്യമാകുന്നതാണ്. സ്ഥാപനമേധാവികൾ ഡ്യൂട്ടിയ്ക്കായുള്ള ഉത്തരവുകൾ ഡൌൺലോഡ് ചെയ്ത് ബന്ധപ്പെട്ട ജീവനക്കാർക്ക് നൽകി ഓർഡർ സോഫ്റ്റ്‌വെയറിൽ സെർവ്ഡ് സ്റ്റാറ്റസ് ചെയ്യേണ്ടതാണ്.
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ സെക്രട്ടറിമാർ ഓർഡർ സർവ്ഡ് ഇൻസ്റ്റിട്യൂഷൻസ്, ഓർഡർ നോട്ട് സർവ്ഡ് ഇൻസ്റ്റിട്യൂഷൻസ് എന്നിവ കൃത്യമായി രേഖപ്പെടുത്തുകയും പരിശോധിച്ച് എല്ലാ ഓർഡർ നോട്ട് സർവ്ഡ് സ്റ്റാറ്റസ് സീറോ ആയെന്ന് ഉറപ്പുവരുത്തേണ്ടതാണ് എന്നും ജില്ലാതിരഞ്ഞെടുപ്പ് അധികൃതർ അറിയിച്ചു. പോളിംഗ് ഡ്യൂട്ടി ലഭിച്ച ഉദ്യോഗസ്ഥരായ, പ്രിസൈഡിംഗ് ഓഫീസർ, ഫസ്റ്റ് പോളിങ് ഓഫീസർ എന്നിവർക്കുള്ള ക്ലാസ്സുകൾ മാർച്ച് 24 മുതൽ വിവിധ ട്രെയിനിംഗ് സെന്ററുകളിലായി ഉണ്ടായിരിക്കും. ഉദ്യോഗസ്ഥർക്കുള്ള ഉത്തരവിൽ രേഖപ്പെടുത്തിയിട്ടുള്ള ട്രെയിനിംഗ് സെന്ററുകളിൽ നിശ്ചയിച്ച സമയക്രമപ്രകാരം ക്ലാസ്സുകളിൽ നിർബന്ധമായും പങ്കെടുക്കേണ്ടതാണെന്നും മതിയായ കാരണം ബോധിപ്പിക്കാതെ ട്രെയിനിംഗ് ക്ലാസ്സുകളിൽ പങ്കെടുക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ തിരഞ്ഞെടുപ്പ് ചട്ടപ്രകാരമുള്ള ശിക്ഷാനടപടികൾ സ്വീകരിക്കുന്നതാണെന്നും ജില്ലാതിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാകളക്ടർ അറിയിച്ചു.
- Log in to post comments