തിരഞ്ഞെടുപ്പ് പരസ്യങ്ങള്‍ സര്‍ട്ടിഫൈ ചെയ്യണം - ജില്ലാ കലക്ടര്‍
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ സര്‍ട്ടിഫൈ ചെയ്യണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. സമൂഹമാധ്യമങ്ങളിലെ പരസ്യങ്ങളും ഇതര ദൃശ്യ-ശ്രവ്യമാധ്യമങ്ങളിലെ പരസ്യങ്ങളും എം.സി.എം.സി കമ്മിറ്റിക്ക് സമര്‍പിച്ചാണ് സാക്ഷ്യപത്രം നേടേണ്ടത്. ഇതിനായി കലക്ട്രേറ്റില്‍ മൂന്നാം നിലയില്‍ ഒരുക്കിയിരിക്കുന്ന മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മീഡിയ മോണിറ്ററിങ് സെല്ലില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച ഫോം എ അപേക്ഷയില്‍ പരസ്യത്തിന്റെ ഉള്ളടക്കം രേഖാമൂലം സമര്‍പ്പിക്കണം. പരസ്യങ്ങള്‍ പെരുമാറ്റചട്ടങ്ങള്‍ക്ക് അനുസൃതമാണോ എന്ന് വിലയിരുത്തി എം സി എം സിയില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് വാങ്ങാം.
അപേക്ഷയോടൊപ്പം പരസ്യത്തിന്റെ ഡിജിറ്റല്‍ പതിപ്പ് പെന്‍ഡ്രൈവിലും സ്‌ക്രിപ്റ്റിന്റെ ഡി.ടി.പി പകര്‍പ്പ് സ്വയംസാക്ഷ്യപ്പെടുത്തിയ രണ്ടു പകര്‍പ്പുകളിലും സമര്‍പ്പിക്കണം. പരസ്യംതയ്യാറാക്കുന്നതിനും പ്രദര്‍ശിപ്പിക്കുന്നതിനുമുള്ള ചിലവ് ഉള്‍പ്പെടെ അപേക്ഷയില്‍ വ്യക്തമാക്കിയിരിക്കണം. അംഗീകൃത രാഷ്ട്രീയപാര്‍ട്ടികള്‍ പരസ്യം പ്രദര്‍ശിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതിന് മൂന്നു ദിവസം മുന്‍പും മറ്റുള്ളവര്‍ ഏഴു ദിവസം മുന്‍പും അപേക്ഷിക്കണം. വോട്ടെടുപ്പു ദിവസവും തലേന്നും പത്രങ്ങളില്‍ പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിക്കുന്ന പരസ്യങ്ങള്‍ നിശ്ചിത തീയതിയുടെ രണ്ടു ദിവസം മുന്‍പ് അംഗീകാരത്തിന് സമര്‍പ്പിക്കണം.
ബള്‍ക്ക് എസ്.എം.എസുകള്‍, വോയ്‌സ് മെസേജുകള്‍, ഇ-പേപ്പറുകള്‍, പൊതു സ്ഥലങ്ങളിലെ ഓഡിയോ-വിഷ്വല്‍ ഡിസ്‌പ്ലേകള്‍, വെബ്‌സൈറ്റുകള്‍, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍, സിനിമ തിയേറ്ററുകള്‍ എന്നിവയിലെ പരസ്യങ്ങള്‍ക്കും സാക്ഷ്യപത്രം ബാധകമാണ്.
സമിതിയുടെഅംഗീകാരമില്ലാത്ത പരസ്യങ്ങള്‍ പെയ്ഡ് ന്യൂസുകള്‍ തുടങ്ങിയവ എം.സി.എം.സി കമ്മിറ്റിക്കും ചിലവ് നിരീക്ഷണ വിഭാഗത്തിനും റിപ്പോര്‍ട്ട് ചെയ്യും. പരസ്യത്തിന് ചിലവാകുന്ന തുക സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് ചിലവ് കണക്കില്‍ ഉള്‍പ്പെടുത്തുകയും മറ്റു നിയമലംഘനങ്ങളുണ്ടെങ്കില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.
- Log in to post comments