നിയമസഭാ തിരഞ്ഞെടുപ്പ്; പരസ്യങ്ങള്‍ക്ക് മുന്‍കൂര്‍ അംഗീകാരം വാങ്ങണം
നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇലക്ട്രോണിക് മാധ്യമങ്ങളില്‍ നല്‍കുന്ന പരസ്യങ്ങള്‍ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദ്ദേശപ്രകാരം മുന്‍കൂര്‍ അംഗീകാരം വാങ്ങണം. തിരഞ്ഞെടുപ്പ് ദിവസവും തലേന്നും അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന പരസ്യങ്ങള്‍ക്കും മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിയുടെ അംഗീകാരം വാങ്ങിയിരിക്കണം. സര്‍ട്ടിഫിക്കേഷന്‍ ഇല്ലാതെ പരസ്യങ്ങള്‍ പ്രചാരണത്തിന് ഉപയോഗിക്കുന്നത് ചട്ടവിരുദ്ധമാണ്. ടെലിവിഷന്‍ ചാനലുകള്‍, കേബിള്‍ ചാനലുകള്‍, ബള്‍ക്ക് എസ്.എം.എസുകളും വോയ്‌സ് മെസേജുകളും, ഇ-പേപ്പറുകള്‍, പൊതുസ്ഥലങ്ങളിലെ ഓഡിയോ വിഷ്വല്‍ ഡിസ്‌പ്ലേകള്‍, വെബ്‌സൈറ്റുകള്‍, സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകള്‍, സിനിമാ തിയേറ്ററുകള്‍, റേഡിയോ സ്റ്റേഷനുകള്‍ എന്നിവയിലെ പരസ്യങ്ങള്‍ക്കാണ് അനുമതി വാങ്ങേണ്ടത്.
ജില്ലാ മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിട്ടറിങ് കമ്മിറ്റിക്ക് നിശ്ചിത മാതൃകയില്‍ (ഫോം അനക്സര്‍ എ) അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികള്‍ പരസ്യം സംപ്രേഷണം ചെയ്യാന്‍ നിശ്ചയിച്ചതിന് മൂന്നു ദിവസം മുന്‍പും വ്യക്തികളോ ദേശീയ-സംസ്ഥാന രജിസ്‌ട്രേഷന്‍ ലഭിക്കാത്ത പാര്‍ട്ടികളോ ഏഴു ദിവസം മുമ്പും സര്‍ട്ടിഫിക്കേഷന് അപേക്ഷ നല്‍കണം. പരസ്യത്തിന്റെ ഇലക്ട്രോണിക് പതിപ്പിന്റെ രണ്ടു പകര്‍പ്പുകളും സാക്ഷ്യപ്പെടുത്തിയ സ്‌ക്രിപ്റ്റും സഹിതമാണ് അപേക്ഷിക്കേണ്ടത്. പരസ്യത്തിന്റെ നിര്‍മ്മാണച്ചെലവ്, സംപ്രേഷണം ചെയ്യുന്നതിനുള്ള ഏകദേശ ചെലവ് അപേക്ഷയില്‍ വ്യക്തമാക്കണം.
സിവില്‍സ്റ്റേഷനിലെ അനക്സ് ഹാളില്‍ പ്രവര്‍ത്തിക്കുന്ന മീഡിയ സെര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിയുടെ സെന്ററിലാണ് അപേക്ഷ നല്‍കേണ്ടത്. ജില്ലാ കളക്ടര്‍ അധ്യക്ഷയായ ജില്ലാതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി പരിശോധിച്ച് അംഗീകാരം നല്‍കിയ ശേഷം അപേക്ഷകന് സര്‍ട്ടിഫിക്കറ്റ് നല്‍കും.
- Log in to post comments