നിയമസഭാ തിരഞ്ഞെടുപ്പ്: ഹരിതചട്ടങ്ങൾ പ്രചരിപ്പിക്കാൻ കളക്ടറേറ്റിൽ മാതൃകാ ഹരിത ബൂത്ത് ഒരുങ്ങി
നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് ഒരുക്കിയ മാതൃകാ ഹരിത പോളിംഗ് ബൂത്തിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ കെ ഇമ്പശേഖർ നിര്‍വ്വഹിച്ചു. പ്രകൃതിസൗഹൃദ തിരഞ്ഞെടുപ്പ് എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ശുചിത്വ മിഷന്‍, ജില്ലാ ഭരണകൂടം എന്നിവയുടെ ആഭിമുഖ്യത്തിലാണ് മാതൃകാ ബൂത്ത് ഒരുക്കിയത്. 'ഹരിത ചട്ടം പാലിക്കണം' എന്ന സന്ദേശവുമായി സംഘടിപ്പിച്ച സിഗ്നേച്ചർ കാമ്പയിനിൻ്റെ ഉദ്ഘാടനവും ജില്ലാ കളക്ടർ നിർവഹിച്ചു.
പ്രകൃതിസൗഹൃദ പാത്രങ്ങൾ, അലങ്കാര വസ്തുക്കൾ, മൺകൂജ എന്നിവയുടെ പ്രദർശനത്തോടൊപ്പം മായാത്ത മഷി ചില്ല് കുപ്പിയിലോ സ്റ്റീൽ കുപ്പിയിലോ സൂക്ഷിക്കുന്നതിനുള്ള മാതൃകയും ഇവിടെ ഒരുക്കിയിട്ടുണ്ട്. തടി, മുള, ഓല, കയര്‍ തുടങ്ങി പൂര്‍ണമായും പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങളാണ് ബൂത്ത് നിര്‍മിക്കാന്‍ ഉപയോഗിച്ചത്. പൊതുജനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഹരിതചട്ടത്തിന്റെ പ്രാധാന്യം മനസ്സിലാക്കി നല്‍കാന്‍ സൗജന്യ ലഘുലേഖകള്‍, വിവരങ്ങള്‍ നല്‍കാന്‍ റിസോഴ്‌സ് പേഴ്‌സണ്‍ സേവനം എന്നിവയും ബൂത്തില്‍ ഒരുക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പരിസ്ഥിതിസൗഹൃദ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഹരിത മാർഗ്ഗനിർദേശങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നതിനും മാതൃകാ ഹരിത ബൂത്ത് സഹായകരമാകുമെന്ന് ശുചിത്വ മിഷൻ ഡെപ്യൂട്ടി ഡയറക്ടറും ജില്ലാ കോഓർഡിനേറ്ററുമായ ഡി ഷിൻസ് പറഞ്ഞു. തിരഞ്ഞെടുപ്പ് ദിവസംവരെ സിവില്‍ സ്റ്റേഷനില്‍ ബൂത്ത് പ്രവര്‍ത്തിക്കും.
ഹരിതചട്ടം പാലിക്കുന്നതിന്റെ ഭാഗമായി പ്രചാരണത്തിന് ഉപയോഗിക്കുന്ന ബോര്‍ഡുകള്‍, ബാനറുകള്‍, കൊടിതോരണങ്ങള്‍ തുടങ്ങിയവ നൂറ് ശതമാനം കോട്ടണ്‍, പനമ്പായ, പുല്‍പ്പായ, ഓല, ഈറ, മുള, പാള തുടങ്ങിയ പ്രകൃതിസൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ചുളളതാവണം. വാട്ടർ ക്യാനുകൾ, സ്റ്റീൽ കുപ്പികൾ, സ്റ്റീൽ, ചില്ല് ഗ്ലാസ്സുകൾ, സ്റ്റീൽ, സെറാമിക് പ്ലെയിറ്റുകൾ എന്നിവയാണ് ഉപയോഗിക്കേണ്ടത്. പേപ്പർ, ചണം, തടി, ലോഹം, മുള, ഈറ, പനമ്പായ, പാള, മുതലായവയിൽ നിർമ്മിതമായ ബോർഡുകൾ/സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് അംഗീകരിച്ച റീസൈക്ലബിൾ പോളിഎത്തിലീൻ/100 ശതമാനം കോട്ടൺ തുണി എന്നിവ ഉപയോഗിക്കാം. വാഴയിലയിൽ പൊതിഞ്ഞ് വരുന്ന ഭക്ഷണ പദാർത്ഥങ്ങൾ, പൂക്കളിലുള്ള ഹാരങ്ങൾ, പുസ്‌തകങ്ങൾ, കുടുംബശ്രീ ബഡ്‌സ് സ്‌കൂൾ ഉൽപന്നങ്ങൾ, പുനരുപയോഗ സാധ്യമായ ഉൽപ്പന്നങ്ങൾ, ജൈവ- അജൈവ മാലിന്യം തരംതിരിച്ച് നിക്ഷേപിക്കുന്നതിന് ബിന്നുകൾ സ്ഥാപിക്കൽ, ബിന്നുകൾ യഥാസമയം കാലിയാക്കൽ തുടങ്ങിയവ കാര്യങ്ങൾ പ്രകൃതിസൗഹൃദ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാലിക്കണം.
ചടങ്ങിൽ ശുചിത്വ മിഷൻ അസിസ്റ്റന്റ് കോഓർഡിനേറ്റർമാരായ സിജോ രാജു, വി രേവതി, പ്രോഗ്രാം ഓഫീസർ പി അഖിൽ, ടെക്നിക്കൽ കൺസൾട്ടന്റ് സി ആർ സന്ധ്യ, ഷെഹന, ബിനുലാൽ, റിസോഴ്സ് പേഴ്സൺമാരായ ആർ വിജിമോൾ, എസ് ദിവ്യ, ഐഇസി ഇന്റേൺ ഹരിതകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments