നിയമസഭാ തിരഞ്ഞെടുപ്പ്: പ്രിസൈഡിങ് ഓഫീസർമാർക്കും ഫസ്റ്റ് പോളിങ് ഓഫീസർമാർക്കുമുള്ള പരിശീലനത്തിന് ജില്ലയിൽ തുടക്കമായി
നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രിസൈഡിങ് ഓഫീസർമാർക്കും ഫസ്റ്റ് പോളിങ് ഓഫീസർമാർക്കുമുള്ള പരിശീലന പരിപാടികൾക്ക് ജില്ലയിൽ തുടക്കമായി. ആലപ്പുഴ, അമ്പലപ്പുഴ മണ്ഡലങ്ങളുടെ പരിശീലന കേന്ദ്രങ്ങളായ ആലപ്പുഴ എസ് ഡി കോളേജ്, ചേർത്തല മണ്ഡലത്തിൻ്റെ പരിശീലന കേന്ദ്രമായ സെന്റ് മൈക്കിൾസ് കോളേജ്, അരൂർ മണ്ഡലത്തിന്റെ കേന്ദ്രമായ പള്ളിപ്പുറം എൻഎസ്എസ് കോളേജ് എന്നിവിടങ്ങളിൽ ജില്ലാ കളക്ടർ കെ ഇമ്പശേഖർ സന്ദർശനം നടത്തി. പരിശീലന കേന്ദ്രങ്ങളിൽ വോട്ടിങ് യന്ത്രങ്ങളുമായി ബന്ധപ്പെട്ട് ആവശ്യത്തിന് മോക്ക് ഡ്രിൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളതായി ജില്ലാ കളക്ടർ അറിയിച്ചു.
ഡമ്മി ബാലറ്റുകൾ ഉപയോഗിച്ച് നടത്തുന്ന മോക്ക് ഡ്രില്ലിലൂടെ ഓരോ ഉദ്യോഗസ്ഥനും കുറഞ്ഞത് 100 വോട്ടുകൾ രേഖപ്പെടുത്തി പരിശീലിക്കാനും വി.വി.പാറ്റ് ഡിസ്‌പ്ലേ ജാലകത്തിലൂടെ സ്ലിപ്പുകൾ കൃത്യമായി പ്രദർശിപ്പിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും അവസരം ലഭിക്കും.
ബാലറ്റ് യൂണിറ്റ്, കൺട്രോൾ യൂണിറ്റ്, വിവിപാറ്റ് എന്നിവ തമ്മിലുള്ള കണക്ഷൻ, കൺട്രോൾ യൂണിറ്റിലെ ആകെ വോട്ടുകളുടെ പരിശോധന, മോക്ക് പോളിംഗ് സമയത്തെ മാനുവൽ റെക്കോർഡുകളുമായുള്ള താരതമ്യം, കൺട്രോൾ യൂണിറ്റിൽ നിന്ന് മോക്ക് വോട്ടുകൾ ക്ലിയർ ചെയ്യൽ തുടങ്ങിയ സാങ്കേതിക കാര്യങ്ങളിലാണ് പ്രധാനമായും പരിശീലനം നൽകുന്നത്. ഇതിനാവശ്യമായ വോട്ടിങ് യന്ത്രങ്ങൾ അതത് കേന്ദ്രങ്ങളിൽ ലഭ്യമാക്കിയിട്ടുണ്ട്.
അരൂർ മണ്ഡലത്തിന്റെ പരിശീലനം പള്ളിപ്പുറം എൻഎസ്എസ് കോളേജിലും ചേർത്തല മണ്ഡലത്തിലെ പരിശീലനം സെന്റ് മൈക്കിൾസ് കോളേജിലും ആലപ്പുഴ മണ്ഡലത്തിന്റെ പരിശീലനം എസ് ഡി കോളേജ് കൊമേഴ്സ് ബ്ലോക്കിലും അമ്പലപ്പുഴ മണ്ഡലത്തിന്റെ പരിശീലനം എസ് ഡി കോളേജ് ഹിന്ദി, ഹിസ്റ്ററി ബ്ലോക്കിലും കുട്ടനാട് മണ്ഡലത്തിന്റെ പരിശീലനം ചമ്പക്കുളം സെൻ്റ്മേരീസ് ഹയർ സെക്കൻഡറി സ്കൂളിലും ഹരിപ്പാട് മണ്ഡലത്തിന്റെ പരിശീലനം ബഥനി സെൻട്രൽ സ്കൂൾ വെസ്റ്റ് വിങ്ങിലും കായംകുളം മണ്ഡലത്തിന്റെ പരിശീലനം ബഥനി സെൻട്രൽ സ്കൂൾ ഈസ്റ്റ് വിങ്ങിലും മാവേലിക്കര മണ്ഡലത്തിന്റെ പരിശീലനം മാവേലിക്കര ബിഷപ്പ് മൂർ കോളേജിലും ചെങ്ങന്നൂർ മണ്ഡലത്തിന്റെ പരിശീലനം ക്രിസ്ത്യൻ കോളേജ് ചെങ്ങന്നൂരിലുമാണ് നടക്കുന്നത്. മാർച്ച് 27 വരെ പരിശീലനം തുടരും.
- Log in to post comments