തിരഞ്ഞെടുപ്പ്: ജില്ലയിൽ ആയുധങ്ങൾ കൈവശം വെക്കുന്നതിന് നിരോധനം
നിയമസഭാ തിരഞ്ഞെടുപ്പ് സമാധാനപരമായി നടത്തുന്നതിൻ്റെ ഭാഗമായി എറണാകുളം ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
വോട്ടെടുപ്പിനോടനുബന്ധിച്ച് ജില്ലയിൽ ആയുധങ്ങൾ കൈവശം വെക്കുന്നതും കൊണ്ടുനടക്കുന്നതും നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടറും ജില്ലാ മജിസ്‌ട്രേറ്റുമായ ജി പ്രിയങ്ക ഉത്തരവിട്ടു.
ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS) 2023-ലെ സെക്ഷൻ 163 പ്രകാരമാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുന്നത്. ഏപ്രിൽ 9-ന് നടക്കുന്ന വോട്ടെടുപ്പിന്റെ പശ്ചാത്തലത്തിൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്ന സാഹചര്യത്തിലാണ് ഈ നടപടി.
തോക്കുകൾ, കുന്തങ്ങൾ, വാളുകൾ, വടികൾ, മാരകായുധങ്ങൾ, കല്ലുകൾ, ലാത്തികൾ തുടങ്ങിയവ പൊതുസ്ഥലങ്ങളിൽ കൈവശം വെക്കുന്നതും പ്രദർശിപ്പിക്കുന്നതും പൂർണ്ണമായും നിരോധിച്ചു.
തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വരുന്നത് വരെ നിരോധനം നിലനിൽക്കും. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കും.
ഡ്യൂട്ടിയിലുള്ള പോലീസ്, അർദ്ധസൈനിക വിഭാഗങ്ങൾ.
ബാങ്കുകളുടെ സുരക്ഷയ്ക്കായി ആയുധം ഉപയോഗിക്കുന്നവർ,
കായിക മത്സരങ്ങളിൽ പങ്കെടുക്കുന്ന ഷൂട്ടിംഗ് താരങ്ങൾ (ഇവർ പ്രത്യേക അനുമതി പത്രം കൈപ്പറ്റേണ്ടതാണ്).
ആചാരപരമായോ നിയമപരമായോ ആയുധങ്ങൾ പ്രദർശിപ്പിക്കാൻ അവകാശമുള്ള സമുദായങ്ങൾ എന്നീ വിഭാഗങ്ങൾക്ക് ഇളവ് ഉണ്ടാകും.
ലൈസൻസുള്ള തോക്കുകൾ കൈവശമുള്ളവരുടെ കാര്യത്തിൽ ജില്ലാ സ്ക്രീനിംഗ് കമ്മിറ്റി വ്യക്തിഗത പരിശോധന നടത്തും. ക്രമസമാധാന പാലനത്തിന് അത്യാവശ്യമെന്ന് കണ്ടാൽ ഇവ അധികൃതർക്ക് മുൻപാകെ ഹാജരാക്കാൻ നിർദ്ദേശിക്കും. ആചാരപരമായ ഇളവുകൾ ഉള്ളവർ അക്രമ സംഭവങ്ങളിൽ ഏർപ്പെടുകയോ സമാധാനത്തിന് ഭംഗം വരുത്തുകയോ ചെയ്താൽ ആയുധങ്ങൾ പിടിച്ചെടുക്കാൻ പോലീസിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
- Log in to post comments