*നിയമസഭ തെരഞ്ഞെടുപ്പ്*: *ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു*
വോട്ടവകാശത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുക, തെരഞ്ഞെടുപ്പില്‍ പരമാവധി പങ്കാളിത്തം ഉറപ്പാക്കുക, വോട്ടര്‍ സാക്ഷരത ഉയര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെ സ്വീപിന്റെ ആഭിമുഖ്യത്തിൽ വിവിധ സ്ഥലങ്ങളിൽ പരിപാടികള്‍ സംഘടിപ്പിച്ചു. സുല്‍ത്താന്‍ ബത്തേരി നിയമസഭാ മണ്ഡലത്തിലെ ഗോത്ര വിഭാഗങ്ങള്‍ കൂടുതലായി താമസിക്കുന്ന വനമേഖലയായ ചെട്ടിയാലത്തൂര്‍ ഗ്രാമത്തില്‍ സംഘടിപ്പിച്ച പരിപാടിയിൽ അസിസ്റ്റന്റ് കളക്ടര്‍ പി.പി അര്‍ച്ചന വോട്ടര്‍മാരുമായി സംവദിച്ചു. തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങളും വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യവും വിശദീകരിച്ചു. കുപ്പാടി വെള്ളപ്പാട്ട് ഉന്നതിയിലും മാനിക്കുനി ഉന്നതിയിലും ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചു. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരായ ഹാരിസ് നെന്‍മേനി, മനോജ്, സ്വീപ് സുല്‍ത്താന്‍ ബത്തേരി നോഡല്‍ ഓഫീസര്‍ പ്രസില്‍ രാജ്, കെ.എം സ്മിത, ടോണി ഫിലിപ്പ്, കെ.ബി ശ്രുതി, സി.കെ അനുഷ, ബി.എല്‍.ഒ നിഷ, പ്രമോട്ടര്‍മാർ എന്നിവർ പങ്കെടുത്തു.
തവിഞ്ഞാല്‍ പഞ്ചായത്തിലെ ചെറക്കര പാരിസണ്‍ എസ്റ്റേറ്റിൽ സംഘടിപ്പിച്ച ബോധവത്കരണ പരിപാടിയിൽ മാനന്തവാടി ഭൂരേഖ തഹസില്‍ദാര്‍ എൻ. പ്രിയ വോട്ടിന്റെ പ്രാധാന്യം തൊഴിലാളികളുമായി പങ്കുവച്ചു. സ്വീപ് അംഗങ്ങളായ രാജേഷ് കുമാര്‍ തയ്യത്ത്, കെ. അരുൺ, ടി.സി അയന, പി. അനുവിന്ദ്, അശ്വിന്‍ അഖിലേഷ്, ടി. അനൂജ് എന്നിവര്‍ പങ്കെടുത്തു.
- Log in to post comments