Skip to main content

ഹൃദയ ചികിത്സ രംഗത്ത് സാങ്കേതിക മികവോടെ 'ഇ എം എസി'ലെ കാത്ത് ലാബ്

 

ഭാരിച്ച ചികിത്സാച്ചെലവുകള്‍ക്ക് മുന്നില്‍ പതറിപ്പോകുന്ന കുടുംബങ്ങള്‍ക്ക്  അത്യാധുനിക സൗകര്യങ്ങളോടെ കുറഞ്ഞ ചെലവില്‍ ഹൃദ്രോഗ  ചികിത്സ ലഭ്യമാക്കി കാത്തിരിപ്പൊഴിവാക്കുകയാണ്  പുതിയ കാത്ത് ലാബ് വഴി പെരിന്തല്‍മണ്ണ ഇ എം എസ് സ്മാരക സഹകരണ ആശുപത്രി. ഈയിടെ  സ്ഥാപിച്ച കാര്‍ഡിയോ ന്യൂറോ ഇന്റര്‍വെന്‍ഷണല്‍ ഡിജിറ്റല്‍ ഫ്‌ലാറ്റ് കാത്ത് ലാബിന്റെ ഉദ്ഘാടനം കഴിഞ്ഞതോടെ ഹൃദ്രോഗ ചികിത്സക്ക് രണ്ട് കാത്ത് ലാബ് സൗകര്യമുള്ള സംസ്ഥാനത്തെ  ഏക സഹകരണാശുപത്രിയായി ഇ എം എസ് മാറി. ജില്ലയിലെ മറ്റ് സ്വകാര്യ ആശുപത്രികളിലൊന്നിലും ഈ കാത്ത് ലാബ് സംവിധാനം  ഇല്ലാത്തതും ഈ സഹകരണാശുപത്രിയെ വ്യത്യസ്തമാക്കുന്നു.

4 കോടി രൂപ ചെലവില്‍ ഫ്രാന്‍സില്‍ നിന്നാണ് സാങ്കേതിക വിദ്യ  ഇറക്കുമതി ചെയ്തത്. ജിഇ ഇന്നോവ  ഐജിഎസ് 520 തേര്‍ഡ് ജെനറേഷനിലെ സാങ്കേതിക വിദ്യയില്‍ പത്ത് മോണിറ്ററുകള്‍, മാക് ലാബ്, അഡ്വാന്റേജ് വര്‍ക്ക് സ്റ്റേഷന്‍, എക്‌സ്‌റേ ട്യൂബ്, ബിഗ്ഗെസ്റ്റ് ഡിറ്റക്ടര്‍ എന്നിവയാണുള്ളത്. ഇതിനോട് എഫ് എഫ് ആര്‍, റോ ടാബുലേറ്റര്‍ , പ്രഷര്‍ ഇന്‍ജക്ടര്‍, ഐവിയുഎസ്  എന്നീ  അത്യാധുനിക സൗകര്യങ്ങള്‍ ചേര്‍ത്ത്  ഒരു യൂണിറ്റായാണ് സാങ്കേതിക വിദ്യ പ്രവര്‍ത്തിക്കുന്നത് . ആഞ്ചിയോ ഗ്രാം, ആഞ്ചിയോ പ്ലാസ്റ്റി, ഇലക്ട്രോ ഫിസിയോളജിക്കല്‍ സ്റ്റഡി  എന്നിവക്ക് പുറമേ സിടി
സ്‌കാന്‍ വഴി തലച്ചോറിലെ രക്തക്കുഴലുകളുടെ  തകരാറുകള്‍ മനസ്സിലാക്കാനും , ഹൃദയ വാള്‍വിന്റെ ചുരുക്കം കണ്ടെത്തി പരിഹരിക്കാനും സര്‍ജറി കൂടാതെ കാലിലെ ഞെരമ്പ് വഴി ഹൃദയ വാള്‍വ് മാറ്റിവെക്കാനും സാധിക്കും.

ഈ സാങ്കേതിക വിദ്യ ഏറ്റവും കൂടുതല്‍ ഉപയോഗിച്ച് വരുന്നത്    അമേരിക്കയിലാണ് .  സര്‍ജറി കൂടാതെ കാല്‍ ഞെരമ്പ് വഴി ഹൃദയ വാള്‍വ് മാറ്റി വെക്കുന്ന സാങ്കേതിക വിദ്യ ഇന്ത്യയില്‍ തന്നെ ചുരുക്കം ചില  ആശുപത്രികളില്‍ മാത്രമാണുള്ളത് . അതിലൊന്നാണ് എന്‍എബിഎച്ച് അംഗീകാരമുള്ള (നാഷണല്‍ അക്രഡിറ്റഡ് ബോര്‍ഡ് ഓഫ് ഹോസ്പിറ്റല്‍) പെരിന്തല്‍മണ്ണയിലെ ഇ എം എസ് സഹകരണാശുപത്രി .  രോഗിക്കും പരിശോധകനും വളരെ കുറഞ്ഞതോതില്‍ മാത്രം റേഡിയേഷന്‍ ഏല്‍ക്കുന്നു എന്നതാണ്  ഇതിന്റെ ഗുണം. നൂറു ശതമാനം   സൂക്ഷ്മവും കൃത്യതയുമുള്ള ചിത്രങ്ങളാണ് പരിശോധനയില്‍  ലഭിക്കുക.

ആശുപത്രിയിലെ പഴയ സീമെന്‍സ് ആക്‌സിം ആര്‍ട്ടിസ് ഡി എഫ് സി ഫ്‌ലാറ്റ് പാനല്‍  കാത്ത് ലാബില്‍  ഇപ്പോഴും  പരിശോധിച്ച് ചികിത്സ ലഭ്യമാക്കുന്നുണ്ട്.  45000 കേസുകളാണ് പഴയതില്‍  നടത്തിയത്. പുതിയ കാത്ത് ലാബ് വന്നതോടെ രോഗികളുടെ പരിശോധനക്കായുള്ള ഏറെ നേരത്തെ കാത്തിരിപ്പൊഴിവാക്കാനാകുമെന്നും സ്വകാര്യ ആശുപത്രികളിലെ ചികിത്സ ചെലവിനേക്കാള്‍   25 മുതല്‍ 30 ശതമാനം വരെ  ഇളവ് അവരുടെ കുടുംബങ്ങള്‍ക്ക് നല്‍കാനാകുമെന്നും  കാത്ത് ലാബിന് മേല്‍നോട്ടം വഹിക്കുന്ന സീനിയര്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. സോമനാഥന്‍ പറഞ്ഞു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പുതിയ കാത്ത്  ലാബില്‍ കാര്‍ഡിയോളജിസ്റ്റുമാരായ ഡോ. സുനില്‍ പിഷാരടി, ഡോ. രാജഗോപാല്‍, ഡോ.പ്രദീപ് ശ്രീകുമാര്‍, പീഡ്രിയാട്രിക് കാര്‍ഡിയോളജിസ്റ്റ് ഡോ. രേണു എന്നിവരുമാണ് എമര്‍ജന്‍സി ആന്‍ജിയോ പ്ലാസ്റ്റി അടക്കമുള്ള കേസുകള്‍ നടത്തുന്നത് .

 

date