Skip to main content

കോട്ടയ്ക്കലിന്റെ സമഗ്ര വികസനത്തിന് രൂപം നല്‍കാന്‍ വികസന സെമിനാര്‍ നടത്തി

 

കോട്ടയ്ക്കല്‍ നഗരസഭയുടെ സമഗ്ര വികസനത്തിന് രൂപം നല്‍കാന്‍ വികസന സെമിനാര്‍ സംഘടിപ്പിച്ചു. 2019-20 വാര്‍ഷിക പദ്ധതികളുടെ രൂപീകരണവുമായി ബന്ധപ്പെട്ട് നടന്ന സെമിനാറില്‍ വികസന പദ്ധതി രേഖയ്ക്ക് അന്തിമ രൂപം നല്‍കി. നഗരസഭയുടെ സമഗ്ര  വികസനം ലക്ഷ്യമാക്കി 13 മേഖലകളിലെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിനായി വിവിധ സ്രോതസ്സുകളില്‍ നിന്നും 14.56 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്.
ഭൗതിക സൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കി കോട്ടയ്ക്കലിനെ ജനസൗഹൃദ നഗരസഭയാക്കി മാറ്റും. ഫ്രണ്ട് ഓഫീസ് സൗകര്യം കൂടുതല്‍ കാര്യക്ഷമമാക്കും. ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് നഗരസഭ തുടക്കം കുറിക്കും. ഭവനരഹിതരില്ലാത്ത നഗരസഭയാക്കി  കോട്ടയ്ക്കലിനെ മാറ്റും. കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിനെ ആധുനിക സൗകര്യങ്ങളോട് കൂടി മുഴുവന്‍ സമയ ചികിത്സാ കേന്ദ്രമാക്കി ഉയര്‍ത്തും. പ്രവര്‍ത്തനരഹിതമായി കിടക്കുന്ന മൈലാടിയിലെ നഗരസഭാ മാലിന്യസംസ്‌കരണ കേന്ദ്രം ആധുനിക രീതിയിലേക്ക് ഉയര്‍ത്തി പ്രവര്‍ത്തന ക്ഷമമാക്കും. ഉദ്യാന പാത നവീകരിക്കും. ഓപ്പണ്‍ ജിംനേഷ്യമടക്കമുള്ള സൗകര്യങ്ങള്‍ ഇവിടെ സജ്ജീകരിക്കും.

സെമിനാര്‍ നഗരസഭാ ചെയര്‍മാന്‍ കെ.കെ നാസര്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ ബുഷ്‌റ ഷെബീര്‍ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷന്‍മാരായ പരവക്കല്‍ ഉസ്മാന്‍ കുട്ടി, പി.പി ആയിഷ ഉമ്മര്‍, അലവി തൈക്കാട്ട്, ടി.വി സുലൈഖാബി, സാജിദ് മങ്ങാട്ടില്‍, കൗണ്‌സിലര്‍മാരായ ടി.പി സുബൈര്‍, കെ.വി രാജസുലോചന, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ കെ.എം ബഷീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

date