Skip to main content

ആദിവാസി ഉന്നതികളിൽ  വോട്ടർ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ  നൂറു ശതമാനം വോട്ടിംഗ് ഉറപ്പാക്കുന്നതിന്റെ ഭാഗമായി തൃശൂർ ജില്ലാ ഭരണകൂടത്തിന്റെ 'സ്വീപ്പ്' (SVEEP) മിഷനും ട്രൈബൽ ഡെവലപ്‌മെന്റ് ഡിപ്പാർട്ട്‌മെന്റും സംയുക്തമായി ഗോത്രമേഖലകളിൽ വിപുലമായ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു. മാരാങ്കോട്, ശാസ്താം പൂവം, കാരിക്കടവ് എന്നീ ആദിവാസി ഉന്നതികൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും പ്രവർത്തനങ്ങൾ നടന്നത്. ഗോത്രമേഖലകളിലെ മിഷൻ പ്രവർത്തനങ്ങളിൽ തേവര സേക്രഡ് ഹാർട്ട് കോളേജിലെ വിദ്യാർത്ഥികൾ  സജീവമായി പങ്കുചേർന്നു. പരിപാടിയുടെ ഭാഗമായി അസിസ്റ്റന്റ് കളക്ടർ സ്വാതി മോഹൻ റാത്തോഡും  വിദ്യാർത്ഥികളും ഉന്നതികളിലെ ജനങ്ങളുമായും സംസാരിക്കുകയും വോട്ടിംഗ് പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. വോട്ടിംഗിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനായി ഫ്ലാഷ് മോബ്, സ്കിറ്റുകൾ തുടങ്ങിയ കലാപരിപാടികൾ ഉന്നതികളിൽ അവതരിപ്പിച്ചു. കൂടാതെ, അസിസ്റ്റന്റ് കളക്ടർ സ്വാതി മോഹൻ റാത്തോഡിന്റെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ മാരാങ്കോട് ഉന്നതിയിൽ 86 വീടുകളിലും, ശാസ്താംപൂവം ഉന്നതിയിൽ 51 വീടുകളിലും, കാരികടവ് ഉന്നതിയിൽ 14 വീടുകളിലും നേരിട്ടെത്തി തിരഞ്ഞെടുപ്പ് ബോധവത്കരണം നടത്തി. കാടർ വിഭാഗങ്ങൾ ഉൾപ്പെടെയുള്ള ഗോത്രസമൂഹത്തെ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. ഈ പരിപാടിയുടെ തുടർച്ചയായി തിങ്കളാഴ്ച കളക്ടർ അടിച്ചിൽതൊട്ടി ആദിവാസി ഉന്നതി സന്ദർശിക്കും.

date