അംഗണവാടികളുടെ നവീകരണത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറായി: മന്ത്രി കെ കെ ശൈലജ ടീച്ചര്‍
അമ്പിളിപ്പട്ടം ഡോക്യുമെന്ററി പ്രകാശനം ചെയ്തു
സംസ്ഥാനത്തെ അങ്കണവാടികളെ പ്രീ സ്‌കൂള്‍ തലത്തിലേക്ക് ഉയര്‍ത്തുന്നതിന് മികച്ച മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയതായും ആദ്യഘട്ടത്തില്‍ തെരഞ്ഞെടുത്ത അംഗണവാടികളില്‍ അത് നടപ്പിലാക്കുമെന്നും ആരോഗ്യ, സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍. തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ അങ്കണവാടികളില്‍ നടപ്പിലാക്കിയ പഠനപ്രവര്‍ത്തനങ്ങളെക്കുറിച്ച് തയ്യാറാക്കിയ ഡോക്യുമെന്ററിയായ അമ്പിളിപ്പട്ടം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിച്ചുവരുന്ന ജോഡോഗ്യാന്‍ റിസോഴ്‌സ് സെന്ററിന്റെ സഹായത്തോടെ തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ അംഗണവാടികളില്‍ ജെയിംസ് മാത്യു എംഎല്‍എയുടെ നേതൃത്വത്തില്‍ നടപ്പിലാക്കിയ പുതിയ മാതൃക മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും.
ആര്‍ദ്രം മിഷന്‍ വഴി ആരോഗ്യമേഖലയിലെന്ന പോലെ ഐ സി ഡി എസ് മേഖലയിലും പരിഷ്‌കരണം നടത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അങ്കണവാടികളില്‍ ഏകീകൃത സംവിധാനം നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ജോഡോഗ്യാന്‍ രീതിക്കു പുറമെ മോണ്ടിസോറി ഉള്‍പ്പെടെയുള്ള രീതികള്‍ സംയോജിപ്പിച്ചാണ് പുതിയ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്. അങ്കണവാടികളുടെ സ്ഥലപരിമിതിയാണ് നവീകരണ പദ്ധതികള്‍ക്ക് തടസ്സം. രണ്ടും മൂന്നും സെന്റ് സ്ഥലത്തായിട്ടാണ് നിലവില്‍ അംഗണവാടി കെട്ടിടങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. പുതിയ പരിഷ്‌കരണം നടപ്പാക്കണമെങ്കില്‍ ചുരുങ്ങിയത് 10 സെന്റ് സ്ഥലമെങ്കിലും വേണം. 10 സെന്റ് സ്വന്തമായുള്ള അംഗണവാടികളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുക.
സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് തളിപ്പറമ്പ് നിയോജക മണ്ഡലത്തില്‍ അങ്കണവാടികളെ നവീകരിച്ചത്. പദ്ധതിയുടെ ഭാഗമായി ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിച്ചുവരുന്ന ജോഡോഗ്യാന്‍ റിസോഴ്‌സ് സെന്ററിന്റെ പഠനക്കിറ്റുകള്‍ അങ്കണവാടികളില്‍ ലഭ്യമാക്കിയിരുന്നു. കളികളിലൂടെ കണക്കും ശാസ്ത്രവും ഭാഷയും ഉള്‍പ്പെടെ വിവിധ ആശയങ്ങള്‍ സ്വാംശീകരിക്കാന്‍ കുരുന്നുകളെ പ്രാപ്തരാക്കുന്നു എന്നതാണ് ജോഡോഗ്യാന്‍ പഠനരീതിയുടെ പ്രത്യേകത. ഇതിനായി അങ്കണവാടി ജീവനക്കാര്‍ക്ക് പ്രത്യേകം പരിശീലനം നല്‍കിയിരുന്നു. തളിപ്പറമ്പ് നിയോജകമണ്ഡലം വികസന സമിതിയുടെ നേതൃത്വത്തില്‍ മയ്യില്‍ സ്വദേശി അനില്‍ ഒഡേസയാണ് അമ്പിളിപ്പട്ടം ഡോക്യുമെന്ററി തയ്യാറാക്കിയത്.
- Log in to post comments