Skip to main content

നിയമസഭാ തിരഞ്ഞെടുപ്പ് : അവശ്യ സർവീസുകാർക്ക് ഏപ്രിൽ 1 മുതൽ വോട്ട് ചെയ്യാം, ജില്ലയിൽ 14 കേന്ദ്രങ്ങൾ

നിയമസഭാ പൊതുതിരഞ്ഞെടുപ്പിനോടനുബന്ധിച്ച്, അവശ്യ സർവീസ് വിഭാഗത്തിൽപ്പെട്ട വോട്ടർമാർക്കായി (Absentee Voters in Essential Services - AVES) പോസ്റ്റൽ വോട്ടിംഗ് കേന്ദ്രങ്ങളുടെ (PVC) പട്ടികയും സമയക്രമവും പ്രസിദ്ധീകരിച്ചു. ഫയർഫോഴ്‌സ്, എക്‌സൈസ്, കെ.എസ്.ഇ.ബി, കെ.എസ്.ആർ.ടി.സി, വാട്ടർ അതോറിറ്റി, റെയിൽവേ, ബി.എസ്.എൻ.എൽ, മാധ്യമപ്രവർത്തകർ തുടങ്ങി തിരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനം ചെയ്ത വിവിധ വിഭാഗങ്ങളിലെ ജീവനക്കാർക്കാണ് ഈ സൗകര്യം ലഭിക്കുക.

എറണാകുളം ജില്ലയിൽ ഏപ്രിൽ 1 മുതൽ 6 വരെയുള്ള തീയതികളിലാണ് പോസ്റ്റൽ വോട്ടിംഗ് ക്രമീകരിച്ചിരിക്കുന്നത്.  
​തിരഞ്ഞെടുപ്പ് ഡ്യൂട്ടിയും മറ്റ് അവശ്യ ചുമതലകളും ഉള്ളതിനാൽ പോളിംഗ് ദിനത്തിൽ ബൂത്തുകളിൽ എത്താൻ കഴിയാത്തവർക്ക് വേണ്ടിയാണ് ഈ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിനായി ഫോം 12D വഴി നേരത്തെ അപേക്ഷ നൽകിയ അർഹരായ ഉദ്യോഗസ്ഥർക്ക് മാത്രമാണ് വോട്ട് ചെയ്യാൻ സാധിക്കുക. ഓരോ വോട്ടറും തങ്ങൾ ഉൾപ്പെടുന്ന നിയോജകമണ്ഡലത്തിന് കീഴിൽ നിശ്ചയിച്ചിട്ടുള്ള വോട്ടിംഗ് കേന്ദ്രത്തിൽ (PVC) നേരിട്ടെത്തി വേണം ബാലറ്റ് പേപ്പർ വഴി വോട്ട് രേഖപ്പെടുത്താൻ.  

എറണാകുളം ജില്ലയിലെ പ്രധാന വോട്ടിംഗ് കേന്ദ്രങ്ങൾ 

 പെരുമ്പാവൂർ (ഗവ. ബോയ്‌സ് എച്ച്.എസ്.എസ്), ആലുവ (യു.സി കോളേജ്), അങ്കമാലി (സെന്റ് ജോസഫ് എച്ച്.എസ്), എറണാകുളം (സെന്റ് ആൽബർട്ട്സ് കോളേജ് ഡി-ബ്ലോക്ക്), കൊച്ചി (തോപ്പുംപടി അവർ ലേഡീസ് കോൺവെന്റ്), തൃക്കാക്കര (കാക്കനാട് എം.എ അബൂബക്കർ മെമ്മോറിയൽ എൽ.പി.എസ്), മൂവാറ്റുപുഴ (നിർമ്മല കോളേജ്), നോർത്ത് പറവൂർ (ഗവ. ഗേൾസ് എച്ച്.എസ്.എസ്), വൈപ്പിൻ (ഓച്ചന്തുരുത്ത് സാന്താക്രൂസ് എച്ച്.എസ്.എസ്), തൃപ്പൂണിത്തുറ (ഇരുമ്പനം വി.എച്ച്.എസ്.എസ്), കളമശ്ശേരി (മുനിസിപ്പൽ ഓഫീസ്), കോതമംഗലം (ബ്ലോക്ക് പഞ്ചായത്ത് ഹാൾ), കുന്നത്തുനാട് (കിഴക്കമ്പലം സെന്റ് ജോസഫ് എച്ച്.എസ്.എസ്), പിറവം (എം.കെ.എം.എം എച്ച്.എസ്.എസ്) എന്നിവയാണ് നിശ്ചയിച്ചിട്ടുള്ള കേന്ദ്രങ്ങൾ.  

​പോസ്റ്റൽ വോട്ടിംഗ് നടപടികൾ സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ജില്ലകളിൽ പ്രത്യേക നോഡൽ ഓഫീസർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എറണാകുളം ജില്ലയിലെ വോട്ടർമാർക്ക് സംശയനിവാരണത്തിനായി ഡെപ്യൂട്ടി കളക്ടർ ശ്രീകുമാറിനെയോ (9447203930 AVES/ VoED) റജീനയെയോ (9846870590 AVSC/AVPD) ബന്ധപ്പെടാവുന്നതാണ്. വോട്ടർമാർ നിശ്ചിത തീയതിക്കുള്ളിൽ തന്നെ അതത് കേന്ദ്രങ്ങളിലെത്തി വോട്ടവകാശം വിനിയോഗിക്കണമെന്ന് ജില്ലാ കളക്ടർ (ജില്ലാ ഇലക്ഷൻ ഓഫീസർ ) ജി പ്രിയങ്ക അഭ്യർത്ഥിച്ചു.

date