നിയമസഭാ തിരഞ്ഞെടുപ്പ് : വോട്ടര്‍മാര്‍ക്ക് ബൂത്തുകളില്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഉറപ്പ് വരുത്തും
നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടെടുപ്പ് ദിവസം പോളിങ് ബൂത്തുകളില്‍ വോട്ടര്‍മാര്‍ക്ക് ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കും. ജില്ലയിലെ 12 മണ്ഡലങ്ങളിലെയും മുഴുവന്‍ പോളിങ് ബൂത്തുകളിലും ആവശ്യാനുസരണം കുടിവെള്ളവും, ഇരിപ്പിട സൗകര്യങ്ങളും വോട്ടര്‍മാര്‍ക്കായി ഒരുക്കും. ഒന്നിലധികം ബൂത്തുകളുള്ള പ്രദേശങ്ങളില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ വോട്ടര്‍മാരെ സഹായിക്കുന്നതിനുള്ള സഹായ കേന്ദ്രം സജ്ജമാക്കും. വോട്ടര്‍ പട്ടിക പരിശോധിക്കാനുള്ള അവസരവും ഉണ്ടാവും. വോട്ടര്‍മാരുടെ വരി നിയന്ത്രിക്കുന്നതിനും ഭിന്നശേഷി വോട്ടര്‍മാരെ സഹായിക്കുന്നതിനും എന്‍.സി.സി, എന്‍.എസ്.എസ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ് തുടങ്ങിയ വിദ്യാര്‍ഥി സന്നദ്ധ സംഘടനകളുടെ സേവനവും പ്രയോജനപ്പെടുത്തും. ഭിന്നശേഷിക്കാര്‍, മുതിര്‍ന്ന പൗരന്മാര് എന്നിവര്‍ക്കായി പ്രത്യേക വരിയും സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും വെവ്വേറെ വരികളും ഒരുക്കും.
- Log in to post comments