ഗാന്ധിജയന്തി വാരാഘോഷങ്ങള്‍ക്ക് തുടക്കം
രാജ്യം എല്ലാക്കാലത്തും ഉയര്‍ത്തിപ്പിടിച്ച സമഭാവനയും മതേതരബോധവും സാഹോദര്യവും ഊട്ടിയുറപ്പിക്കാനും രാജ്യത്തിന്റെ യശസ്സിന് കളങ്കം വരാതെ കാക്കാന്‍ പ്രാപ്തമാകുംവിധം ഓരോ മനസ്സും നവീകരിക്കാനുമുള്ള അവസരമായി ഗാന്ധിജയന്തി ആചരണവേളയെ ഉപയോഗപ്പെടുത്തണമെന്ന് സഹകരണ, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ഗാന്ധിജയന്തി വാരാഘോഷങ്ങളുടെ ഭാഗമായി കിഴക്കേകോട്ട ഗാന്ധി പാര്‍ക്കിലെ ഗാന്ധിപ്രതിമയില്‍ ഹാരാര്‍പ്പണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വഴിയാണ് മഹാത്മജി ലോകത്തിനു കാണിച്ചുകൊടുത്തത്. ഗാന്ധിജിയെ അനുകരിക്കുക ക്ഷിപ്രസാധ്യമായ കാര്യമല്ല. എങ്കിലും അതിനുള്ള പ്രയത്നം നമ്മെ നവീകരിക്കാന്‍ സഹായകമാകും. അതിനായി കൂട്ടായി പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു. ഗാന്ധിജയന്തിദിനത്തില്‍ മാത്രം ഓര്‍മിക്കേണ്ട വ്യക്തിത്വമല്ല ഗാന്ധിജിയുടേതെന്നും ഓരോ ദിവസവും നാം മഹാത്മാവിനെ സ്മരിക്കണമെന്നും കുട്ടികള്‍ക്ക് മഹാത്മജിയെക്കുറിച്ച് പറഞ്ഞുകൊടുക്കണമെന്നും മുഖ്യാതിഥിയായി പങ്കെടുത്ത ഗായകന് കെ.ജെ. യേശുദാസ് പറഞ്ഞു. ഈയിടെ അമേരിക്കയിലെ അറ്റ്ലാന്റയില്‍ കച്ചേരിക്കുപോയപ്പോള് ലൂഥര്‍ കിംഗിന്റെ സ്മാരകം സന്ദര്‍ശിക്കാനിടയായി. അതിനടത്തുതന്നെ മഹാത്മജിയുടെ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. ലേകത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള സന്ദര്‍ശകരെല്ലാം ഗാന്ധിജിയെ അഭിവാദ്യം ചെയ്തുപോകുന്നതു കാണാമായിരുന്നു. ഗാന്ധിജിയെ ലോകം അത്ര കണ്ട് ആരാധിക്കുന്നുവെന്ന് മനസ്സിലായത് അന്നാണ്. ലൂഥര്‍ കിംഗിന്റെ ഭക്ഷണമുറിയില്‍ ഒരേയൊരു ഛായചിത്രമേയുള്ളൂ. അത് മഹാത്മജിയുടേതാണെന്നതും ഭാരതീയരായ ഓരോരുത്തര്‍ക്കും ഉള്പുളകമുണ്ടാക്കുന്നതാണ്. ഗാന്ധിജിയെ ഗുരുവായി സ്മരിച്ച് മുന്നോട്ടുപോയ ഭാരതത്തിന്റെ യശസ്സ് ഇനിയും ലോകം മുഴുവന്‍ വളര്‍ത്താനാകുമെന്നും മലയളാത്തിന്റെ പ്രിയ ഗായകന് പറഞ്ഞു. ഗാന്ധിയന്മാരായ പി. ഗോപിനാഥന്‍നായര്‍, അഡ്വ. കെ. അയ്യപ്പന്‍പിള്ള, മേയര്‍ വി.കെ. പ്രശാന്ത്, വി.എസ്. ശിവകുമാര്‍ എം.എല്‍.എ., ഡോ. ജേക്കബ് പുളിക്കന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സ്വരാഞ്ജലിയുടെ നേതൃത്വത്തില്‍ ദേശഭക്തി ഗാനാഞ്ജലിയും നടന്നു.
പി.എന്‍.എക്സ്.4209/17
- Log in to post comments