നിയമസഭ തിരഞ്ഞെടുപ്പ്: അവശ്യ സര്‍വീസ് വകുപ്പുകളുടെ യോഗം ചേര്‍ന്നു
ജില്ലയില്‍ നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനും അടിയന്തര ഘട്ടങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്ങിന്റെ അധ്യക്ഷതയില്‍ അവശ്യ സര്‍വീസ് വകുപ്പുകളുടെ യോഗം ചേര്‍ന്നു.
ബാലറ്റുകളുടെ വിതരണ ദിവസമായ ഏപ്രില്‍ എട്ടിനും പോളിങ് ദിവസമായ ഒമ്പതിനും മുഴുവന്‍ വിതരണ കേന്ദ്രങ്ങളിലും മെഡിക്കല്‍ സംഘത്തെയും അഗ്‌നിരക്ഷാ സേനയെയും നിയോഗിക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി. ഇന്റര്‍നെറ്റ്, വൈദ്യുതി, ജലലഭ്യത തുടങ്ങിയ സൗകര്യങ്ങള്‍ ഉറപ്പുവരുത്താനും അടിയന്തര ഘട്ടങ്ങളെ നേരിടാനുള്ള തയാറെടുപ്പുകള്‍ നടത്താനും ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു.
ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ആരോഗ്യ വകുപ്പ്, അഗ്‌നിരക്ഷാ സേന, ബി.എസ്.എന്‍.എല്‍, പൊതുമരാമത്ത് വകുപ്പ്, കെ.എസ്.ഇ.ബി തുടങ്ങിയ വകുപ്പുകളുടെ ജില്ലാ മേധാവികള്‍, ഐ.ടി, വെബ്കാസ്റ്റിങ് നോഡല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments