രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു
നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്ങിന്റെ അധ്യക്ഷതയില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. പോസ്റ്റല്‍ ബാലറ്റ്, ഇ.വി.എം, വിതരണ കേന്ദ്രങ്ങള്‍, കൊട്ടിക്കലാശം, ക്രമസമാധാനം, വോട്ടെടുപ്പ് ദിന മുന്നൊരുക്കങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. വോട്ടെടുപ്പ് ദിവസം പെരുമാറ്റച്ചട്ട ലംഘനം ഉണ്ടാവാതിരിക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ശ്രദ്ധിക്കണമെന്നും സമാധാനപരമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ അതത് മണ്ഡലങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ പൂര്‍ണ സഹകരണം വേണമെന്നും കലക്ടര്‍ അഭ്യര്‍ഥിച്ചു.
വോട്ടെടുപ്പിന് മുമ്പുള്ള ദിവസങ്ങളില്‍ മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി (എം.സി.എം.സി) മുന്‍കൂട്ടി അംഗീകരിച്ച പരസ്യങ്ങള്‍ മാത്രമേ മാധ്യമങ്ങളിലൂടെ നല്‍കാന്‍ പാടുള്ളൂ. വോട്ടെടുപ്പ് ദിവസം വോട്ടിങ് മെഷീനുകള്‍ക്ക് സാങ്കേതിക തകരാര്‍ സംഭവിക്കുകയാണെങ്കില്‍, അഞ്ച് മിനിറ്റിനുള്ളില്‍ അവ മാറ്റിസ്ഥാപിക്കാന്‍ റിട്ടേണിങ് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യവും സമാധാനപരവുമാക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പൂര്‍ണമായി സഹകരിക്കണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു.
കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ വി സുപിന്‍, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments