Skip to main content

വനിത മതിൽ ആലോചന യോഗം

ഹരിപ്പാട്: ജനുവരി ഒന്നിന്  നടക്കുന്ന നവോത്ഥാന വനിത മതിൽ വിജയിപ്പിക്കുന്നതിന്റെ ഭാഗമായി എസ്.എൻ.ഡി.പി. യോഗം കാർത്തികപ്പള്ളി യൂണിയൻ, ശാഖ യോഗങ്ങളിലെ വനിതാസംഘം പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറിമാരുടെ ആലോചന യോഗം ചേർന്നു. യൂണിയൻ സെക്രട്ടറി അഡ്വ.ആർ രാജേഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.  ജെ.സുരബാല അധ്യക്ഷനായി.  യോഗത്തിൽ യൂണിയൻ വൈസ് പ്രസിഡന്റ് എം.സോമൻ, യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ പ്രൊഫ.സി.എം ലോഹിതൻ,യൂത്ത് മൂവ്മെന്റ് കേന്ദ്ര സമിതിയംഗം സജീഷ് കോട്ടയം, സി.സുഭാഷ്, കൗൺസിലർമാരായ പൂപ്പള്ളി മുരളി, ടി.മുരളി, പി.ശ്രീധരൻ, കെ.സുധീർ, ദിനു വാലുപറമ്പിൽ, അശോക് കുമാർ, യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് ശ്യാം പായിപ്പാട്, സെക്രട്ടറി ശ്യാംജി കരുവാറ്റ, സൈബർസേന യൂണിയൻ ചെയർമാൻ അനന്ദു തങ്കച്ചൻ, വനിത സംഘം സെക്രട്ടറി  ലേഖ മനോജ് , ബിന്ദുഷിബു എന്നിവർ പ്രസംഗിച്ചു.

 

വനിത മതിലിന് ഊർജം പകരാൻ

സന്ദേശ ഗാനവുമായി വിപ്ലവഗായിക

 

ആലപ്പുഴ :  വനിത മതിലിന് ഊർജം പകർന്ന് പ്രശസ്ത ഗായിക പി.കെ മേദിനി. 86-ാം  വയസിന്റെ അവശതകളൊന്നുമില്ലാതെ ജനുവരി ഒന്നിന് നടക്കുന്ന വനിത മതിലിന് വീര്യം പകർന്നാണ് മേദിനി സന്ദേശ ഗാനം പാടിയിരിക്കുന്നത്.'ആരോ പണ്ടു പറഞ്ഞു സ്ത്രീകൾ അബലകളെന്ന്'...എന്ന ഗാനമാണ് സ്വന്തമായി സംഗീത സംവിധാനം  ചെയ്ത് പി.കെ മേദിനി പാടിയിരിക്കുന്നത്. മാറുമറയ്ക്കാനും അടുക്കളയിൽ നിന്ന് വരാനും സ്ത്രീകൾ മുന്നിട്ടിറങ്ങിയ നവോത്ഥാന കേരളത്തെ പുറകോട്ട് നയിക്കാൻ ഒരു പിന്തിരിപ്പൻ ശക്തികളെയും അനുവദിക്കില്ല എന്നു പറയുമ്പോൾ വിപ്ലവ ഗായികയുടെ കണ്ണിൽ ഉറച്ച നിലപാടിന്റെ തീഷ്ണതയുണ്ട്. 

ലോകത്തിനു മുന്നിൽ കേരളത്തിന്റെ അഭിമാനമുയർത്തുന്ന വനിത മതിലിന് പിന്തുണ പ്രഖ്യാപിച്ച് 'വസന്തത്തിന്റെ കനൽ വഴികളിൽ' ടീം അണിയിച്ചൊരുക്കിയ 'ഞങ്ങൾ അശുദ്ധരല്ല' എന്ന ഓഡിയോ സി.ഡി.യുടെ പ്രകാശനം ആരോഗ്യമന്ത്രി കെ.കെ.ശൈലജ തിരുവനന്തപുരത്ത് നിർവ്വഹിച്ചു. സി.പി.ഐ.(എം) പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഡപ്യൂട്ടി മേയർ രാഖി രവികുമാർ സി.ഡി.ഏറ്റുവാങ്ങി. ചലച്ചിത്ര സംവിധായകനും ഗാന രചയിതാവുമായ അനിൽ വി.നാഗേന്ദ്രനാണ് വരികൾ ചിട്ടപ്പെടുത്തിയത്.

റെഡ് സല്യൂട്ട് റെഡ് സല്യൂട്ട് രക്തസാക്ഷി ഗ്രാമങ്ങളെ എന്ന വിപ്ലവഗാനവും, വസന്തത്തിന്റെ കനൽ വഴികൾ എന്ന ചിത്രത്തിലെ കത്തുന്ന വേനലിലൂടെ എന്നു തുടങ്ങുന്ന ഗാനവുമെല്ലാം പുന്നപ്ര വയലാർ സമര സേനാനി കൂടിയായ പി.കെ.മേദിനിയുടെ ഹിറ്റ് പാട്ടുകളാണ്. ഒട്ടേറെ നാടകങ്ങളിലും വ്യക്തി മുദ്ര പതിപ്പിച്ച ഈ ഗായിക കേരള സംഗീത നാടക അക്കാദമി അവാർഡും നേടിയിട്ടുണ്ട്. മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

 

തരിശുപാടം കൃഷിയോഗ്യമാക്കാൻ 

പാടശേഖര യാത്ര

 

ചെങ്ങന്നൂർ: രണ്ടരപ്പതിറ്റാണ്ടായി തരിശു കിടന്ന പാടം കൃഷിയോഗ്യമാക്കുന്നതിനായി  പാടശേഖര യാത്ര നടത്തി.മുളക്കുഴ ഗ്രാമപഞ്ചായത്തിലെ ഊരിക്കടവ് പാടശേഖരത്തിൽ 100 ഹെക്ടർ കൃഷി നിലം കൃഷിയോഗ്യമാക്കാനായിരുന്നു യാത്ര.  ജില്ല പഞ്ചായത്തിനെയും വിവിധ ഏജൻസികളുടെയും സഹായത്തോടെ അടുത്ത വർഷം മുതൽ കൃഷി പുനരാരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് യുദ്ധകാലാടിസ്ഥാനത്തിൽ നടത്തുന്നത്. മുളക്കുഴ ഗ്രാമപഞ്ചായത്ത് ഈ വർഷത്തെ പദ്ധതിയിൽ 20 ലക്ഷം രൂപയാണ് ഇതിനായി നീക്കിവച്ചിരിക്കുന്നത്. 

മുളക്കുഴ ഗ്രാമ പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് എൻ.എ.രവീന്ദ്രൻ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗിരിജ വിജയകുമാർ, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്തംഗം ശാമുവേൽ ഐപ്പ്, അംഗങ്ങളായ എ.ജി.അനിൽകുമാർ, ലീലാമ്മ ജോസ്, എസ് മനോജ്, എൻജിനീയർ സുജിത്ത് രാജൻ, കൃഷി ഓഫീസർ ആര്യ, കൃഷി അസി. ജഗദീഷ്, കർഷക പ്രതിനിധികൾ, സാമൂഹ്യ പ്രവർത്തകർ തുടങ്ങിയവർ യാത്രയിൽ പങ്കെടുത്തു.

 

date