Skip to main content

വെബ്കാസ്റ്റിംഗ് കൺട്രോൾ റൂം സജ്ജം

ജില്ലയിലെ ഒൻപത് നിയമസഭാ മണ്ഡലങ്ങളിലെയും വോട്ടെടുപ്പ് നടപടികൾ നിരീക്ഷിക്കുന്നതിനായി വെബ്കാസ്റ്റിംഗ് കൺട്രോൾ റൂം സജ്ജമാക്കി. 
ജില്ലയിലെ 1,898 പോളിംഗ് സ്റ്റേഷനുകളിലായി ആകെ 3,796 ക്യാമറകളാണ് ജില്ലാ ഭരണകൂടം സ്ഥാപിച്ചിട്ടുള്ളത്. എല്ലാ ബൂത്തുകളും ഇതിലൂടെ നേരിട്ടുള്ള ഡിജിറ്റൽ നിരീക്ഷണത്തിലായിരിക്കും. ഓരോ മണ്ഡലത്തിനും മൂന്ന് വീതം ടെലിവിഷൻ മോണിറ്ററുകൾ കൺട്രോൾ റൂമിൽ സജ്ജീകരിച്ചിട്ടുണ്ട്. 

സുരക്ഷാ നിരീക്ഷണത്തിനായി പോലീസ്, ഇൻ്റലിജൻസ് ബ്യൂറോ വിഭാഗങ്ങളും, ഏകോപനത്തിനായി റവന്യൂ വകുപ്പും, തടസ്സമില്ലാത്ത വൈദ്യുതിയും ഇൻ്റർനെറ്റും ഉറപ്പാക്കാൻ കെ.എസ്.ഇ.ബി, ബി.എസ്.എൻ.എൽ എന്നീ വിഭാഗങ്ങളും കൺട്രോൾ റൂമിലുണ്ടാവും. 

ഡിജിറ്റൽ റിപ്പോർട്ടിംഗ് സംവിധാനത്തിലൂടെയാണ് നിരീക്ഷണ പ്രക്രിയ ലളിതമാക്കിയിരിക്കുന്നത്. വെബ്കാസ്റ്റിംഗ് ഉദ്യോഗസ്ഥർ ഓരോ പോളിംഗ് സ്റ്റേഷനിലെയും പ്രശ്നങ്ങൾ തത്സമയം ഒരു ഗൂഗിൾ ഷീറ്റിൽ രേഖപ്പെടുത്തുന്നു. റിപ്പോർട്ട് ചെയ്യപ്പെടുന്ന പ്രശ്നങ്ങൾ ഉടനടി പരിഹരിക്കുന്നതിനായി ഓരോ മണ്ഡലത്തിനും ഒന്ന് വീതം ഒൻപത് ഉദ്യോഗസ്ഥർ അടങ്ങുന്ന 'റെഡ്രെസ്സൽ ടീമിനെ' നിയോഗിച്ചിട്ടുണ്ട്. ഇവർ പ്രിസൈഡിംഗ് ഓഫീസർമാർ, സെക്ടറൽ ഓഫീസർമാർ, ബൂത്ത് ഓപ്പറേറ്റർമാർ, അസംബ്ലി കോർഡിനേറ്റർമാർ എന്നിവരുമായി നേരിട്ട് ബന്ധപ്പെടുന്നു. 

ഇലക്ഷൻ വിംഗിന്റെ നേതൃത്വത്തിൽ കേരള സ്റ്റേറ്റ് ഐ.ടി മിഷൻ, റവന്യു, അക്ഷയ, ഐ.കെ.എം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരെയാണ് വെബ്കാസ്റ്റിംഗ് മോണിറ്ററിങ് ഒഫീഷ്യൽസ് & റെഡ്രെസ്സൽ ഒഫീഷ്യൽസ്സായി നിയോഗിച്ചിട്ടുള്ളത്. കെ.എസ്.ഐ.ടി.എം ഡിസ്ട്രിക്ട് പ്രൊജക്റ്റ്‌ മാനേജർ നോടൽ ഓഫീസർ വിഷ്ണു കെ മോഹൻ ഈപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

date