ജില്ലയില്‍ നിരോധനാജ്ഞ
ഏപ്രില്‍ 10 ന് രാവിലെ ആറ് വരെ നിരോധനാജ്ഞ തുടരും
നിയമസഭാ തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി തൃശ്ശൂർ ജില്ലയില്‍ ജില്ലാ മജിസ്ട്രേറ്റായ ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ 163-ാം വകുപ്പ് പ്രകാരം പുറപ്പെടുവിച്ച ഈ ഉത്തരവ് ഏപ്രില്‍ 10 ന് രാവിലെ ആറ് വരെ നിലവിലുണ്ടാകും. സ്വതന്ത്രവും നീതിപൂര്‍വവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനും വോട്ടെടുപ്പ് വേളയില്‍ ക്രമസമാധാനം നിലനിര്‍ത്തുന്നതിനുമായാണ് ഈ കര്‍ശന നടപടി സ്വീകരിച്ചിരിക്കുന്നത്.
ഈ കാലയളവില്‍ ജില്ലയില്‍ നിയമവിരുദ്ധമായ സംഘം ചേരലുകള്‍ക്കോ പൊതുയോഗങ്ങള്‍ക്കോ പ്രകടനങ്ങള്‍ക്കോ അനുമതിയില്ല. ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നതിനും കര്‍ശന നിരോധനമുണ്ട്. പോളിംഗ് സ്റ്റേഷനുകള്‍ക്കുള്ളില്‍ നിരീക്ഷകര്‍ക്കും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും ഒഴികെ മറ്റാര്‍ക്കും മൊബൈല്‍ ഫോണുകളോ വയര്‍ലെസ് സെറ്റുകളോ ഉപയോഗിക്കാന്‍ അനുവാദമില്ല. പോളിങ്ങ് സ്റ്റേഷന്റെ അകത്തും പരിസരത്തും ആയുധം കൈവശം വയ്ക്കുന്നത് നിയമലംഘനമാണ്.
പോളിംഗ് സ്റ്റേഷന്റെ 100 മീറ്റര്‍ ചുറ്റളവില്‍ സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് ബൂത്തുകള്‍ സ്ഥാപിക്കുന്നതും നിരോധിച്ചിട്ടുണ്ട്.
രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് പോളിങ് സമയം. പോളിങ് അവസാനിക്കുന്നതു വരെയുള്ള 48 മണിക്കൂർ പൊതുയോഗങ്ങൾക്കും നിയമവിരുദ്ധ സംഘം ചേരലിനും കർശ്ശനമായ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
പ്രചാരണസമയം പൂർത്തിയായതിനു ശേഷം പ്രചാരണ പരിപാടികൾ നടത്താൻ പാടില്ല. അതത് മണ്ഡലങ്ങളിലെ വോട്ടർമാരല്ലാത്ത ഇലക്ഷൻ പ്രവർത്തന ഭാരവാഹികളുടെ സാന്നിധ്യമുണ്ടാവരുത്.
ഈ സമയപരിധിയിൽ ഉച്ചഭാഷിണികളുടെ ഉപയോഗവും പാടില്ല. പോളിങ് സ്റ്റേഷനുകളുടെ 100 മീറ്റർ ചുറ്റളവിൽ സ്ഥാനാർത്ഥികൾക്ക് ഇലക്ഷൻ ബൂത്തുകൾ സ്ഥാപിക്കാൻ അനുമതിയില്ല. നൂറ് മീറ്റർ പരിധിക്ക് അപ്പുറം ഒരു സ്ഥാനാർത്ഥിയുടെ ഒന്നിൽ കൂടുതൽ ഇലക്ഷൻ ബൂത്തുകൾ പാടില്ല.
ഏതെങ്കിലും അഭിപ്രായ സർവേയുടെയോ മറ്റേതെങ്കിലും പോൾ സർവേയുടെയോ ഫലങ്ങൾ ഉൾപ്പെടെ ഏതെങ്കിലും തിരഞ്ഞെടുപ്പ് കാര്യങ്ങൾ ഏതെങ്കിലും ഇലക്ട്രോണിക് മാധ്യമങ്ങളിൽ പ്രദർശിപ്പിക്കരുത്.
ഇലക്ഷൻ ഒബ്സർവർമാർ, മൈക്രോ ഒബ്സർവർമാർ, അംഗീകൃത തിരഞ്ഞെടുപ്പ് അല്ലെങ്കിൽ പോലീസ്, ഇലക്ഷൻ ഉദ്യോഗസ്ഥർ എന്നിവരൊഴികെയുള്ളവർക്ക് പോളിംഗ് സ്റ്റേഷനുകളിൽ സെല്ലുലാർ ഫോൺ, കോഡ് ലെസ് സെറ്റുകൾ, വയർലെസ് സെറ്റുകൾ എന്നിവ പോളിങ് സ്റ്റേഷനുകളുടെ 100 മീറ്റർ ചുറ്റളവിൽ അനുവദനീയമല്ല.
ഈ ഉത്തരവ് പൊതുജനങ്ങളുടെ സാധാരണ ജീവിതത്തെയോ ജോലിയെയോ ബാധിക്കില്ല. വിവാഹങ്ങള്‍, മരണാനന്തര ചടങ്ങുകള്‍, മറ്റ് സ്വകാര്യ ആഘോഷങ്ങള്‍ എന്നിവയ്ക്ക് നിയന്ത്രണങ്ങള്‍ ബാധകമല്ല. വോട്ടെടുപ്പിന് മുന്‍പുള്ള 48 മണിക്കൂറില്‍ വീടുകള്‍ കയറിയുള്ള പ്രചാരണങ്ങള്‍ക്കും തടസ്സമുണ്ടാകില്ല. ക്രമസമാധാനപാലനം, തിരഞ്ഞെടുപ്പ് നടത്തൽ, അവശ്യ സേവനങ്ങളുടെ പരിപാലനം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന സർക്കാരിന്റെ ഏജൻസികൾ, ഉദ്യോഗസ്ഥർ എന്നിവർക്ക് ഈ ഉത്തരവ് ബാധകമല്ല. ഏപ്രിൽ 10 പുലർച്ചെ 6 മണി വരെയാണ് ഈ നിയന്ത്രണങ്ങൾ.
- Log in to post comments