ജില്ലയിൽ തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം പൂർത്തിയായി
നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ നിയോജകമണ്ഡലങ്ങളിലേക്കുള്ള ജനവിധി തരേഖപ്പെടുത്താൻ തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം പൂർത്തിയായി. തൃശ്ശൂർ ഗവ. എഞ്ചിനീയറിങ് കോളേജിലെയും ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലെയും പോളിംഗ് സാമഗ്രികളുടെ വിതരണ കേന്ദ്രം ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയും ജില്ലാ കളക്ടറുമായ ശിഖ സുരേന്ദ്രൻ സന്ദർശിച്ച് ക്രമീകരണങ്ങൾ വിലയിരുത്തി.
ജില്ലയിലെ ഒൻപത് വിതരണ സ്വീകരണ കേന്ദ്രങ്ങളിൽ നിന്നായി ഉച്ചയോടെ ഇ വി എം ഉൾപ്പെടെയുള്ള ഇലക്ഷൻ സാമഗ്രികൾ ഉദ്യോഗസ്ഥർ ഏറ്റുവാങ്ങി ബൂത്തുകളിലെത്തിച്ചു. 13 മണ്ഡലങ്ങളിലായി 1,321 കേന്ദ്രങ്ങളിലായി 2,839 പോളിംഗ് സ്റ്റേഷനുകൾ സജ്ജീകരിച്ചിട്ടുണ്ട്. 13,628 പോളിംഗ് ഉദ്യോഗസ്ഥരെയാണ് റിസർവ് ഉൾപ്പെടെ തിരഞ്ഞെടുപ്പ്
നടപടികൾക്കായി നിയോഗിച്ചിട്ടുള്ളത്.
ജില്ലയിൽ ആകെ 25,32,715 വോട്ടർമാർ വോട്ടവകാശം വിനിയോഗിക്കാൻ അർഹരായിട്ടുള്ളത്. ഇതിൽ 12,28,118 പുരുഷന്മാരും, 13,04,580 സ്ത്രീകളും, 17 ട്രാൻസ്‌ജെൻഡർ വോട്ടർമാരുമാണ് ഉൾപ്പെടുന്നത്. എല്ലാ പോളിംഗ് സ്റ്റേഷനുകളിലും ഭിന്നശേഷിക്കാർക്കായി വീൽചെയർ സൗകര്യം ഉറപ്പാക്കിയിട്ടുണ്ട്. പൂർണ്ണമായും ഹരിതചട്ടം പാലിച്ചാണ് തിരഞ്ഞെടുപ്പ് നടക്കുക.
- Log in to post comments