Skip to main content

*വേനല്‍: വളര്‍ത്തുമൃഗങ്ങളുടെ ആരോഗ്യത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്ന് മൃഗസംരക്ഷണ വകുപ്പ്*

 

താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ വളര്‍ത്തുമൃഗങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് പ്രത്യേക ശ്രദ്ധ നല്‍കണമെന്ന് മൃഗസംരക്ഷണ വകുപ്പ്. അമിതമായ ചൂട് ജീവഹാനിക്ക് കരണമാകാമെന്നതിനാല്‍ ശരീരത്തിന്റെ ഊഷ്മാവ് ക്രമീകരിക്കണം. കുടിക്കാനായി ശുദ്ധജലം എപ്പോഴും നല്‍കണം. ചൂട് കുറഞ്ഞ സമയത്തു മാത്രം തീറ്റ നല്‍കണം. മേയാന്‍ വിടുന്ന മൃഗങ്ങളെ തണലത്തു മാത്രം കെട്ടണം. പകല്‍ 11 മണി മുതല്‍ വൈകിട്ട് മൂന്ന്‌വരെ മൃഗങ്ങളെ പണികള്‍ക്കായുപയോഗിക്കുന്നതും തുറന്ന വാഹനങ്ങളിലെ യാത്രയും ഒഴിവാക്കണം.

ഉയര്‍ന്ന ശരീര ഊഷ്മാവ്, അണപ്പ്, വായില്‍ നിന്നും പത വരുക, വീണു പോവുക എന്നിവ അപകടത്തെ സൂചിപ്പിക്കുന്ന ലക്ഷണങ്ങളാണ്. ശരീര ഊഷ്മാവ് കൂടുമ്പോള്‍ പശുക്കള്‍ തീറ്റ എടുക്കുന്നതു കുറയുന്നു. ഇത് പാലുല്‍പാദനം കുറയാന്‍ കാരണമാകും. വേനല്‍ക്കാലത്ത് തൊഴുത്തിന്റെ മൂന്ന് ഭാഗമെങ്കിലും തുറന്നുകിടക്കണം. താല്‍ക്കാലിക മറയായി ഉപയോഗിച്ചുവരുന്ന ഷെയ്ഡ് നെറ്റുകള്‍, പ്ലാസ്റ്റിക്ക് ഷീറ്റുകള്‍ എന്നിവ ഉയര്‍ത്തികെട്ടണം. തൊഴുത്തിന്റെ ഉയരം പത്ത് അടിയില്‍ കുറയരുത്. മുകളില്‍ കാര്‍ഷിക ഉപകരണങ്ങള്‍ സൂക്ഷിച്ചുവെച്ചിട്ടുണ്ടെങ്കില്‍ അവ മാറ്റി പരമാവധി ഉയരം ഉറപ്പുവരുത്തണം. മേല്‍ക്കൂരയ്ക്ക് മുകളില്‍ വൈക്കോല്‍ നിരത്തുകയോ ചൂടിനെ തടയുന്ന പെയിന്റുകള്‍ ഉപയോഗിക്കുകയോ ചെയ്യണം. കുടിക്കാനുള്ള ശുദ്ധജലം എല്ലായിപ്പോഴും പുല്‍ത്തൊട്ടിയില്‍ ലഭ്യമായിരിക്കണം. മൈക്രോസ്പ്രിംഗ്ലര്‍ വഴിയുള്ള തണുപ്പിക്കല്‍ സംവിധാനം പ്രയോജനപ്രദമാണ്. ചൂടിന് ആനുപാതികമായി  ഒന്ന് മുതല്‍ അഞ്ച് മിനുട്ട് വരെ  ഈ രീതിയില്‍ തുള്ളിനനയിലൂടെ പശുവിന് തണുപ്പേകാം. ഫാന്‍, മൈക്രോസ്പ്രിംഗ്ലര്‍, സെന്‍സറുകള്‍, സെല്‍ഫ് പ്രൈമിംഗ്  പമ്പ് എന്നിവയാണ് ഇതിലെ ഘടകങ്ങള്‍.  സീറോ എനര്‍ജി തണുപ്പിക്കല്‍ എന്നറിയപ്പെടുന്ന ഈ പ്രക്രിയയിലൂടെ 13 ഡിഗ്രിവരെ ശരീര താപനില കുറയ്ക്കാന്‍ സാധിക്കും. അണപ്പ്, വായില്‍ നിന്നും പത, തുറന്ന വായ, നീട്ടിയ നാക്ക്, താഴ്ത്തിയ തല, ഉയത്തിയ വാല്‍ക്കട എന്നിവ ചൂട് ആഘാതത്തിന്റെതോതിനെ സൂചിപ്പിക്കുന്നു. കൊമേഴ്‌സ്യല്‍ ഫാമുകളില്‍ ഡ്രൈ ബള്‍ബ് - വെറ്റ് ബള്‍ബ് തൊര്‍മോ മീറ്റര്‍ ഉപയോഗിച്ച് ആപേക്ഷിത സാന്ദ്രത പരിശോധിച്ച് പശുക്കളിലെ ചൂടാഘാതം നിയന്ത്രിക്കാവുന്നതാണ്. 

കൊടിയ വേനലില്‍  ചൂട് കുറവുള്ള അതിരാവിലെയും വൈകിട്ടും തീറ്റ നല്‍കുക.  മേയാന്‍ വിടുന്നത് വെയിലില്ലാത്ത സമയത്ത് മാത്രമായി നിയന്ത്രിക്കണം. കുടിക്കാനുള്ള വെള്ളം വേനല്‍ക്കാലത്ത് ഒരു പശുവിന് പ്രതിദിനം കുറഞ്ഞത് 100 ലിറ്റര്‍ എന്ന തോതിലാണ് നല്‍കേണ്ടത്. ഓട്ടോമാറ്റിക്ക് ഡ്രിങ്കറുകളാണ് അഭികാമ്യം. കാറ്റുള്ള സ്ഥലങ്ങളില്‍ നനച്ച ചാക്ക  വശങ്ങളില്‍ തൂക്കിയിട്ടാല്‍ ചൂട് കുറക്കാന്‍ സാധിക്കും. ഉല്‍പാദനക്ഷമതയുള്ള പശുക്കള്‍ക്ക് പൊട്ടാസിയം അടങ്ങിയ ധാതുലവണ മിശ്രിതം ഉപ്പ്, അപ്പക്കാരം എന്നിവ ലക്ഷണങ്ങളുടെ തോത് അനുസരിച്ച്‌നല്‍കേണ്ടതാണ്. സെല്‍ഫ് പ്രൊപ്പേല്ലിംഗ് റൂഫ് ടോപ്പ്  ടര്‍ബൈനുകള്‍ മേല്‍ക്കൂരയില്‍ സ്ഥാപിക്കുന്നതും ഉപകാരപ്രദമാണ്.  ശരീര ഊഷ്മാവ് വല്ലാതെ കൂടുമ്പോള്‍ പശുക്കള്‍ക്ക് നിര്‍ജ്ജലീകരണവും, ശരീരം തളര്‍ന്ന് കിടന്നുപോവുകയും ഉടനടി ചികിത്സ നല്‍കിയില്ലെങ്കില്‍ മരണം സംഭവിക്കുകയും ചെയ്യും. പച്ചപ്പുല്‍ പൊതുവെ കുറവായ വേനല്‍ക്കാലത്ത് വൈക്കോല്‍ കുതിര്‍ത്തി കൊടുക്കുക. ലഭ്യമായിട്ടുള്ള പച്ചപ്പുല്‍ വൈക്കോലുമായി കൂട്ടികലര്‍ത്തി കൊടുക്കുക. സിങ്ക്, കോപ്പര്‍, സെലീനിയം മുതലായ സൂക്ഷമ മൂലകങ്ങള്‍ നല്‍കുക ഇവയെല്ലാം ചൂടാഘാതം കുറക്കാന്‍ അത്യാവശമാണ്.  

വളര്‍ത്തു പക്ഷികള്‍ക്കും അവയുടെ കൂടുകളുടെ മുകളില്‍ തണല്‍, വൈക്കോല്‍/ ഷെയ്ഡ് നെറ്റ്  ഉപയോഗിച്ചുള്ള സംരക്ഷണം, കുടിക്കാന്‍ യഥേഷ്ടം വെള്ളം, ചെറിയ കൂടുകള്‍ തണലത്തേയ്ക്ക് മാറ്റിവെയ്ക്കല്‍ എന്നിവ പ്രധാനപ്പെട്ട ചൂടാഘാതനിയന്ത്രണ മാര്‍ഗ്ഗങ്ങളാണ്. അരുമ മൃഗങ്ങളായ നായ, പൂച്ച മുതലായവയുടെ കൂട് കഠിനമായ വെയിലില്‍ നിന്നും മാറ്റണം. ഭക്ഷണത്തോടൊപ്പം ആവശ്യത്തിന് ശുദ്ധജലം ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. അരുമ മൃഗങ്ങള്‍ക്ക് പുളി ഇല്ലാത്ത ഒ.ആര്‍.എസ് ലായിനികളും പൂച്ചകള്‍ക്ക് ഡ്രൈ ഫുഡ് കൂടാതെ വെറ്റ് ഫുഡും വേനല്‍ക്കാല പരിചരണത്തിന്റെ ഭാഗമായി നല്‍കേണ്ടതാണ്. ചൂട് കൂടുമ്പോള്‍ മേല്‍ സൂചിപ്പിച്ച ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി വിദഗ്ദ്ധ ചികിത്സ നല്‍കണം്. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള മൃഗാശുപത്രിയുമായി ബന്ധപ്പെടാം. മരണം ഉണ്ടായാല്‍ മൃഗാശുപത്രിയില്‍ അറിയിക്കണം.

 

date