സംസ്ഥാന ജലഗതാഗത വകുപ്പിന്റെ റീജിയണൽ ഓഫീസ് കെട്ടിട ശിലാസ്ഥാപനം നടത്തി
കൊച്ചി: സംസ്ഥാന ജലഗതാഗത റീജിയണൽ ഓഫീസ് കെട്ടിട ശിലാസ്ഥാപനം ഹൈബി ഈഡൻ എം എൽ എ നടത്തി. നിലവിലെ കെട്ടിടത്തിന്റെ ജീർണ്ണാവസ്ഥയ്ക്ക് ഒരു പരിഹാരമാകും പുതിയകെട്ടിടം. ജലഗതാഗതം കൂടുതൽ സുഗമമാക്കുന്ന ഈ കാലഘട്ടത്തിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടി നിർമ്മിക്കുന്ന പുതിയ കെട്ടിടം വകുപ്പിന്റെ കാര്യക്ഷമമായ പ്രവർത്തനത്തിന് കൂടുതൽ സഹായകമാകും എന്ന് അദ്ദേഹം പറഞ്ഞു.
എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള 1 കോടി രൂപ മുതൽ മുടക്കിലാണ് എറണാകുളം ബോട്ട് ജെട്ടിക്ക് സമീപം റീജിയണൽ ഓഫീസ് നിർമ്മിക്കുന്നത്.
3327 ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് കെട്ടിടം നിർമ്മിക്കുന്നത് . ചതുപ്പ് നിലം ആയതിനാൽ 48.2 മീറ്റർ കോൺക്രീറ്റ് പൈലിംഗ് നടത്തും. മൂന്നുനില കെട്ടിടത്തിനുള്ള അടിത്തറയിട്ടാണ് പണി ആരംഭിക്കുക. സൂചി മുറിയും വിശ്രമമുറിയും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ പുതുതായി നിർമ്മിക്കുന്ന കെട്ടിടത്തിൽ ഉണ്ടാകും.
ജലഗതാഗത വകുപ്പ് ഡയറക്ടർ ഷാജി വി നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൊച്ചി നഗരസഭ കൗൺസിലർ കെ വി പി കൃഷ്ണകുമാർ, സീനിയർ സൂപ്രണ്ട് വിവി ദിൽരാജ്, പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എൻജിനീയർ റജീന ബീവി, ട്രാഫിക് സൂപ്രണ്ട് എൽ. സുജിത്ത് തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments