വേനല്‍ മഴ: ലൈഫ് സ്‌കില്‍ എജുക്കേഷന്‍ പ്രോഗ്രാമിന് തുടക്കമായി
ബാലസംരക്ഷണ സ്ഥാപനങ്ങളില്‍ കഴിയുന്ന കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വനിതാ ശിശു വികസന വകുപ്പ് - ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, ഔവര്‍ റെസ്പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ എന്നിവര്‍ സംയുക്തമായി നടത്തുന്ന 'വേനല്‍ മഴ' അവധിക്കാല പരിപാടിയുടെ ഭാഗമായി ലൈഫ് സ്‌കില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു. ദൈനംദിന ജീവിതത്തിലെ വെല്ലുവിളികളും ആവശ്യങ്ങളും ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ കുട്ടികളെ പ്രാപ്തരാക്കുന്ന മാനസിക-സാമൂഹിക കഴിവുകളുടെ പരിശീലനമാണ് ലൈഫ് സ്‌കില്‍ ട്രെയിനിംഗ്. ഈ പരിശീലന പരിപാടികളിലൂടെ കുട്ടികളിലെ ആത്മവിശ്വാസം, ആശയവിനിമയം, തീരുമാനമെടുക്കല്‍, സമ്മര്‍ദ്ദം കൈകാര്യം ചെയ്യല്‍ എന്നിവ മെച്ചപ്പെടുത്തി, വ്യക്തിപരമായ വിജയത്തിനും സന്തോഷകരമായ ജീവിതത്തിനും സഹായകരമാകും.
'വേനല്‍ മഴ'യുടെ ഭാഗമായി മറിയം ഇസ്ലാമിക് കോംപ്ലക്സില്‍ വെച്ച് നടന്ന പരിപാടി മലപ്പുറം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗം അഡ്വ. കെ.ടി. ഷഹനാസ് ബീഗം ഉദ്ഘാടനം ചെയ്തു. എ.കെ നാസര്‍ അദ്ധ്യക്ഷത വഹിച്ചു.
മഅ്ദിന്‍ യതീംഖാനയിലെ കുട്ടികള്‍ക്കായി സംഘടിപ്പിച്ച പരിപാടി മലപ്പുറം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മെമ്പര്‍ പി. പ്രസന്ന ഉദ്ഘാടനം ചെയ്തു. മഅ്ദിന്‍ യതീംഖാന സൂപ്രണ്ട് എം.എ. മുഹമ്മദ് അധ്യക്ഷത വഹിച്ചു.
പെരിന്തല്‍മണ്ണ സായ് സ്‌നേഹതീരത്തില്‍ സംഘടിപ്പിച്ച പരിപാടി മലപ്പുറം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി, മെമ്പര്‍ അഡ്വ. കെ.എസ്. ഫനൂജ ഉദ്ഘാടനം ചെയ്തു. സായ് സ്‌നേഹതീരം വൈസ് പ്രസിഡന്റ് കെ.ആര്‍ രവി അദ്ധ്യക്ഷത വഹിച്ചു.
രണ്ട് ദിവസങ്ങളിലായാണ് ബാലസംരക്ഷണ സ്ഥാപനത്തിലെ കുട്ടികള്‍ക്ക് ലൈഫ് സ്‌കില്‍ എഡ്യൂക്കേഷന്‍ പ്രോഗ്രാം സംഘടിപ്പിക്കുന്നത്. അവധിക്കാലത്ത് വീടുകളിലേക്ക് പോകാന്‍ കഴിയാതെ സ്ഥാപനങ്ങളില്‍ തുടരേണ്ടിവരുന്ന കുട്ടികളുടെ സാമൂഹിക, മാനസിക, ശാരീരിക വളര്‍ച്ച ഉറപ്പാക്കുകയാണ് 'വേനല്‍ മഴ'യുടെ പ്രധാന ലക്ഷ്യം. ആത്മവിശ്വാസം വര്‍ധിപ്പിക്കുക, സൃഷ്ടിപരമായ കഴിവുകള്‍ വികസിപ്പിക്കുക, സാമൂഹിക ഇടപെടല്‍ ശേഷി മെച്ചപ്പെടുത്തുക, ആരോഗ്യകരമായ ജീവിതശൈലി രൂപപ്പെടുത്തുക എന്നിവയും പദ്ധതി ലക്ഷ്യമിടുന്നു.
- Log in to post comments