വേനല്‍ പ്രതിരോധം - സന്നദ്ധ സംഘടനകളുടെ യോഗം വിളിച്ച് ജില്ലാ കലക്ടര്‍
വേനല്‍ക്കാല പ്രതിരോധപ്രവര്‍ത്തനങ്ങള്‍ സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങളിലേക്കും എത്തിക്കുന്നതില്‍ സന്നദ്ധസംഘടനകളും മുന്നിട്ടിറങ്ങണമെന്ന് ജില്ലാ കലക്ടര്‍. ചേമ്പറില്‍ വിളിച്ചുചേര്‍ത്ത വിവിധ സന്നദ്ധസംഘടനകളുടെ പ്രതിനിധിയോഗത്തിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലേക്ക് സന്നദ്ധ സംഘടനകളുടെ സഹകരണവും പങ്കാളിത്തവും അഭ്യര്‍ഥിച്ചത്.
ജനസാന്ദ്രതയുള്ള കവലകള്‍, ചന്തകള്‍, ഗതാഗതകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ തണല്‍ പന്തലുകള്‍ ഒരുക്കാം. സംഭാരം, ഒ.ആര്‍.എസ് ലായനി, ശുദ്ധജലം എന്നിവ വിതരണം ചെയ്യാനും മുന്‍കൈയെടുക്കാം. തെരുവ്കച്ചവടക്കാര്‍, ചുമട്ടു തൊഴിലാളികള്‍, ഓണ്‍ലൈന്‍ ഭക്ഷണവിതരണ തൊഴിലാളികള്‍, ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാര്‍, സിറ്റി ബസ് ഡ്രൈവര്‍മാര്‍ തുടങ്ങി വെയിലത്ത് ജോലി ചെയ്യേണ്ടിവരുന്നവര്‍ക്ക് പ്രത്യേക സഹായങ്ങള്‍ ലഭ്യമാക്കണം.
ഉയര്‍ന്ന ചൂടുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ടവ, പാമ്പ് കടിയേല്‍ക്കാതിരിക്കാനും കടിയേറ്റാല്‍ സ്വീകരിക്കേണ്ടതുമായ നടപടികള്‍, ജലസംരക്ഷണ നടപടികള്‍ തുടങ്ങിയ വിഷയങ്ങളില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി പുറത്തിറക്കുന്ന ജാഗ്രതാനിര്‍ദേശങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടാം.
ജലാശയങ്ങളില്‍ ഇറങ്ങുന്ന പ്രവണത കൂടിവരുന്നത് അപകടങ്ങള്‍ക്കും പകര്‍ച്ചരോഗങ്ങള്‍ക്കും കാരണമാകുന്നു. പാറക്കുളങ്ങളിലും മലിനമായ മറ്റ് ജലാശയങ്ങളിലും കുട്ടികളടക്കമുള്ളവര്‍ ഇറങ്ങുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. മലിനജലത്തിലൂടെ പകരുന്ന അമീബിക് മസ്തിഷ്‌കജ്വരം പോലുള്ള മാരകരോഗങ്ങള്‍ക്കെതിരെ കൃത്യമായ അറിവ് നല്‍കാനും മുന്നിട്ടിറങ്ങണം. വെള്ളത്തിലിറങ്ങുമ്പോഴുള്ള അപകടസാധ്യതകളെക്കുറിച്ച് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പ്രത്യേകമായ ബോധവല്‍ക്കരണം നല്‍കേണ്ടത് ആവശ്യമാണെന്നും ജില്ലാ കലക്ടര്‍ ഓര്‍മിപ്പിച്ചു.
എ ഡി എം ടി കെ വിനീത്, ജോയിന്റ് ആര്‍ ടി ഓ ആര്‍ ശരത് ചന്ദ്രന്‍, ഇന്ത്യന്‍ റെഡ് ക്രോസ്സ് സൊസൈറ്റി, ഗാന്ധിഭവന്‍ തുടങ്ങി വിവിധ സംഘടനകളുടെ പ്രതിനിധികള്‍, സന്നദ്ധപ്രവര്‍ത്തകര്‍, ദുരന്തനിവാരണവിഭാഗം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments