പോസ്റ്റല്‍ ബാലറ്റ് വോട്ടെണ്ണലിന് 61, ഇ.വി.എം വോട്ടെണ്ണലിന് 203 , ഇ.ടി.പി.ബി.എസ് വോട്ടെണ്ണലിന് 13 ടേബിളുകള്‍
നിയമസഭാ തിരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍
മെയ് നാലിന് രാവിലെ എട്ടിന് ആരംഭിക്കും.
നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ മെയ് നാലിന് രാവിലെ എട്ടിന് ആരംഭിക്കും. ഗവ. വിക്ടോറിയ കോളേജ് പാലക്കാട്, എന്‍.എസ്.എസ് എഞ്ചിനീയറിങ് കോളേജ് അകത്തേത്തറ, മൗണ്ട് സീന പബ്ലിക് സ്‌കൂള്‍ പത്തിരിപ്പാല എന്നിങ്ങനെ ജില്ലയില്‍ മൂന്ന് കേന്ദ്രങ്ങളിലായാണ് 12 നിയോജക മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ നടക്കുക. അന്നേദിവസം രാവിലെ 7.30ന് സ്ഥാനാര്‍ഥികള്‍/ഏജന്റുമാരുടെ സാന്നിധ്യത്തില്‍ സ്‌ട്രോംഗ് റൂം തുറക്കും. തുടര്‍ന്ന് എട്ട് മണിയോടെ വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യം പോസ്റ്റല്‍ ബാലറ്റുകളും പിന്നീട് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ (ഇ.വി.എം) വോട്ടുകളുമാണ് എണ്ണുക. 10 മണിയോടെ ആദ്യ ഫലസൂചനകള്‍ പുറത്തു വരും. പോസ്റ്റല്‍ ബാലറ്റുകള്‍ പൂര്‍ത്തിയായതിന് ശേഷമേ വോട്ടിങ് മെഷീനുകളിലെ വോട്ടുകള്‍ എണ്ണി തുടങ്ങുകയുള്ളുവെന്ന് ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച നിരീക്ഷകരുടെയും സ്ഥാനാര്‍ഥികള്‍/ ഏജന്റുമാരുടെയും സാന്നിധ്യത്തിലാണ് വോട്ടെണ്ണല്‍ നടക്കുക. മൈക്രോ ഒബ്സര്‍വര്‍മാരെയും എ.ആര്‍.ഒ മാരെയും നിരീക്ഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ നിലവില്‍ ഗവ. വിക്ടോറിയ കോളേജ് പാലക്കാട്, എന്‍.എസ്.എസ് എഞ്ചിനീയറിങ് കോളേജ് അകത്തേത്തറ, മൗണ്ട് സീന പബ്ലിക് സ്‌കൂള്‍ പത്തിരിപ്പാല എന്നീ കേന്ദ്രങ്ങളിലെ സ്ട്രോംഗ് റൂമുകളില്‍ 24 മണിക്കൂര്‍ സുരക്ഷയിലാണ് സൂക്ഷിച്ചിരിക്കുന്നത്.
വോട്ടെണ്ണല്‍ കേന്ദ്രത്തിന് അകത്തേക്കുള്ള മൊബൈല്‍ ഫോണ്‍ പ്രവേശനം റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. മറ്റു ഉദ്യോഗസ്ഥര്‍ക്ക് മൊബൈല്‍ ഫോണുകള്‍ സൂക്ഷിക്കുന്നതിനായി പ്രവേശന കവാടത്തില്‍ പ്രത്യേക കൗണ്ടറുകള്‍ സ്ഥാപിക്കും. എല്ലാ ടേബിളുകളും മുഴുവന്‍ കാണത്തക്ക രീതിയിലാണ് സി.സി.ടി.വി ക്യാമറ സ്ഥാപിക്കുക. വോട്ടെണ്ണല്‍ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭ്യമാക്കാന്‍ മീഡിയ സെന്റര്‍ ഉള്‍പ്പെടെ പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കും.
ഓരോ നിയോജകമണ്ഡലങ്ങളിലെയും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന അഞ്ചുവീതം പോളിങ് സ്റ്റേഷനുകളിലെ വി.വി പാറ്റ് സ്ലിപ്പുകളാണ് എണ്ണുന്നത്്. നിരീക്ഷകരുടെയും സ്ഥാനാര്‍ഥികള്‍/ ഏജന്റുമാരുടെയും സാന്നിധ്യത്തില്‍ വോട്ടെണ്ണല്‍ ദിനത്തില്‍ നറുക്കെടുപ്പിലൂടെയാണ് ഈ ബൂത്തുകള്‍ തിരഞ്ഞെടുക്കുക.
ജില്ലയിലെ നിയമസഭാ മണ്ഡലങ്ങള്‍, വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ ക്രമത്തില്‍:
തൃത്താല - മൗണ്ട് സീന പബ്ലിക് സ്‌കൂള്‍ പത്തിരിപ്പാല, എല്‍.പി സെക്ഷന്‍ ബ്ലോക്ക്
പട്ടാമ്പി - മൗണ്ട് സീന പബ്ലിക് സ്‌കൂള്‍ പത്തിരിപ്പാല, ബോയ്സ് ഹോസ്റ്റല്‍ & ഓഡിറ്റോറിയം ബ്ലോക്ക്
ഷൊര്‍ണ്ണൂര്‍ - മൗണ്ട് സീന പബ്ലിക് സ്‌കൂള്‍ പത്തിരിപ്പാല, സി.ബി.എസ്.ഇ ബ്ലോക്ക്
ഒറ്റപ്പാലം - മൗണ്ട് സീന പബ്ലിക് സ്‌കൂള്‍ പത്തിരിപ്പാല, ഇംഗ്ലീഷ് മീഡിയം ബ്ലോക്ക്
കോങ്ങാട് - എന്‍.എസ്.എസ് എഞ്ചിനീയറിങ് കോളേജ് അകത്തേത്തറ, ന്യൂ ബ്ലോക്ക് സൗത്ത് സൈഡ്
മണ്ണാര്‍ക്കാട് - എന്‍.എസ്.എസ് എഞ്ചിനീയറിങ് കോളേജ് അകത്തേത്തറ, അലുംനി ബ്ലോക്ക്
മലമ്പുഴ - എന്‍.എസ്.എസ് എഞ്ചിനീയറിങ് കോളേജ് അകത്തേത്തറ, അക്കാഡമിക് ബ്ലോക്ക്
പാലക്കാട് - എന്‍.എസ്.എസ് എഞ്ചിനീയറിങ് കോളേജ് അകത്തേത്തറ, ന്യൂ ബ്ലോക്ക് സൗത്ത് സൈഡ്
തരൂര്‍ - ഗവ. വിക്ടോറിയ കോളേജ് പാലക്കാട്, തമിഴ് ബ്ലോക്ക്
ആലത്തൂര്‍ - ഗവ. വിക്ടോറിയ കോളേജ് പാലക്കാട്, മലയാളം ബ്ലോക്ക്
ചിറ്റൂര്‍ - ഗവ. വിക്ടോറിയ കോളേജ് പാലക്കാട്, ന്യൂ അക്കാഡമിക് ബ്ലോക്ക്
നെന്മാറ - ഗവ. വിക്ടോറിയ കോളേജ് പാലക്കാട്, ന്യൂ ലൈബ്രറി ബ്ലോക്ക്
പോസ്റ്റല്‍ ബാലറ്റുകള്‍ക്ക് 61 ടേബിളുകളും ഇ.വി.എം വോട്ടെണ്ണലിന് 203 ടേബിളുകളുമാണ് ഉണ്ടാവുക.
തൃത്താല, പട്ടാമ്പി, ഷൊര്‍ണൂര്‍, മണ്ണാര്‍ക്കാട്, നെന്മാറ, തരൂര്‍, ആലത്തൂര്‍ എന്നിവിടങ്ങളില്‍ ആറ് വീതവും കോങ്ങാട്, മലമ്പുഴ ഏഴ് വീതവും, ഒറ്റപ്പാലം അഞ്ച്, പാലക്കാട് 10, ചിറ്റൂര്‍ ഒന്‍പത് എന്നിങ്ങനെയാണ് പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുന്നതിനായുള്ള ടേബിളുകള്‍ ക്രമീകരിച്ചിട്ടുള്ളത്.
ഇ.ടി.പി.ബി.എസ് (ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ് മാനേജ്മെന്റ് സിസ്റ്റം) മുഖേനയുള്ള വോട്ടുകള്‍ എണ്ണുന്നതിന് 13 ടേബിളുകളാണ് സജ്ജീകരിക്കുക. സൈനിക, അര്‍ദ്ധ സൈനിക വിഭാഗങ്ങളില്‍ ജോലി ചെയ്യുന്ന സര്‍വീസ് വോട്ടര്‍മാരുടെ വോട്ടാണ് ഇ.ടി.പി.ബി.എസ് സംവിധാനത്തിലൂടെ എണ്ണുന്നത്. ഇതിനായി പാലക്കാട് ഒഴികെ എല്ലാ മണ്ഡലങ്ങളിലും ഓരോ ടേബിളുകളും പാലക്കാട് മണ്ഡലത്തില്‍ രണ്ട് ടേബിളുകളിലുമാണ് സജ്ജീകരിച്ചിരിക്കുന്നത്.
- Log in to post comments