Skip to main content

അമീബിക് മസ്തിഷ്‌കജ്വരം :  ജാഗ്രത വേണമെന്ന് ഡി.എം.ഒ

 

 

വേനല്‍ക്കാലത്ത് അമീബിക് മസ്തിഷ്‌കജ്വരം വര്‍ദ്ധിക്കാന്‍ സാധ്യതയുള്ളതിനാല്‍  ജാഗ്രത പാലിക്കണമെന്ന്   ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം ) അറിയിച്ചു.

നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ, വെര്‍മീബ എന്നീ അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണുക്കള്‍ തലച്ചോറിനെ ബാധിക്കുമ്പോഴാണ് അമീബിക് മസ്തിഷ്‌ക ജ്വരം  അഥവാ
അമീബിക്  എന്സെഫലൈറ്റിസ്  ഉണ്ടാകുന്നത്.

രോഗകാരണങ്ങളും ലക്ഷണങ്ങളും

സാധാരണയായി കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മുങ്ങി കുളിക്കുന്നവരിലും നീന്തുന്നവരിലുമാണ് രോഗബാധ ഉണ്ടാകുന്നത്. മൂക്കിനേയും മസ്തിഷ്‌ക്കത്തേയും വേര്‍തിരിക്കുന്ന നേര്‍ത്ത പാളിയിലുള്ള സുഷിരങ്ങള്‍ വഴിയോ കര്‍ണ്ണ പടലത്തിലുണ്ടാകുന്ന സുഷിരങ്ങള്‍ വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുകയും ചെയ്യുമ്പോഴാണ് മെനിഞ്ചോ എന്സെഫലൈറ്റിസ് ഉണ്ടാകുന്നത്.
വെള്ളത്തിലുള്ള ബാക്ടീരിയകളെയും മറ്റും ഭക്ഷിച്ച് ജീവിക്കുന്ന ഇവ നമുക്ക് ചുറ്റുമുള്ള ജലാശയങ്ങളിലും വെള്ളക്കെട്ടുകളിലും ധാരാളമായുണ്ട്.

പനി, തലവേദന, ഓക്കാനം, ഛര്‍ദ്ദി, ബോധം നഷ്ടപ്പെടുക, കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട്/വേദന, നടുവേദന എന്നിവയാണ് പ്രാരംഭലക്ഷണങ്ങള്‍. തുടര്‍ന്ന് അപസ്മാരം, ബോധക്ഷയം, പരസ്പരബന്ധം ഇല്ലാതെ സംസാരിക്കുക തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം. ആരംഭത്തില്‍ത്തന്നെ ഡോക്ടറെ കണ്ട് ചികിത്സ സ്വീകരിക്കുകയും മരുന്ന് കഴിച്ചിട്ടും മാറാത്ത പനിയും മറ്റ് ലക്ഷണങ്ങളുമുണ്ടെങ്കില്‍ കൂടുതല്‍ വിദഗ്ധ ചികിത്സ തേടുകയും വേണം. ഈ ലക്ഷണങ്ങളുള്ളവര്‍ കുളത്തിലോ മറ്റ് ജലാശയങ്ങളിലോ അടുത്ത കാലത്ത് കുളിക്കുകയോ വെള്ളം മൂക്കില്‍ കയറാന്‍ ഇടയാകുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അത് ഡോക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം ) അറിയിച്ചു.

 പ്രതിരോധ മാര്‍ഗ്ഗങ്ങള്‍

 *വൃത്തിയില്ലാത്ത കുളങ്ങള്‍/ജലാശയങ്ങള്‍, പാറയിടുക്കുകളില്‍ കെട്ടിക്കിടക്കുന്ന വെള്ളം, ശാസ്ത്രീയമായി ക്ലോറിനേഷന്‍ നടത്താത്ത സ്വിമ്മിങ് പൂളുകള്‍ എന്നിവയില്‍ കുളിക്കുകയോ നീന്തുകയോ മുഖം കഴുകുകയോ ചെയ്യരുത്.
*നീന്തുന്നവരും നീന്തല്‍ പഠിക്കുന്നവരും മൂക്കില്‍ വെള്ളം കടക്കാതിരിക്കാന്‍ നോസ് ക്ലിപ്പ് ഉപയോഗിക്കുക.
*വാട്ടര്‍ തീം പാര്‍ക്കുകളിലേയും സ്വിമ്മിംഗ് പൂളുകളിലേയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കുക.
*കുടിവെള്ളത്തിന് ഉപയോഗിക്കുന്ന ജലസംഭരണികള്‍ കൃത്യമായ ഇടവേളകളില്‍ ക്ലോറിനേറ്റ് ചെയ്യണം  വാട്ടര്‍ ടാങ്കുകള്‍ വാഹനങ്ങളില്‍ നിറച്ച് കൊണ്ടുപോകുന്നവ ഉള്‍പ്പെടെ കൃത്യമായ ഇടവേളകളില്‍ വൃത്തിയാക്കണം
ക്ലോറിനേഷന്‍ പൂര്‍ത്തീകരിച്ച് അരമണിക്കൂര്‍ കഴിഞ്ഞ് ക്ലോറിന്‍ അളവ് 1 മില്ലി ഗ്രാം/ ലിറ്റര്‍ (1ppm) എന്ന അളവില്‍ ഉണ്ടായിരിക്കണം.
ജലവിതരണ ശൃംഖലകളില്‍ എല്ലായിടത്തും ക്ലോറിന്‍ ലിറ്ററിന് അര മില്ലി ഗ്രാം (0.5 ppm) എന്ന അളവില്‍ നിലനിര്‍ത്താന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണം 

 *ജലസ്രോതസ്സുകളിലേക്ക് ഒഴുകിയെത്തുന്ന എല്ലാത്തരം ദ്രവമാലിന്യ കുഴലുകളും  ഒഴിവാക്കണം.
ജലസ്രോതസ്സുകളില്‍ ഖരമാലിന്യം നിക്ഷേപിക്കുന്നത് തടയണം.        ഇത്തരം അമീബകളുടെ സാന്നിധ്യം സ്ഥിരീകരിക്കപ്പെടുന്ന കുടിവെള്ള വിതരണ ശൃംഖലകള്‍ അമീബയുടെ സാന്നിധ്യം ഇല്ലാതാകുന്നത് വരെ എല്ലാ ദിവസവും ക്ലോറിനേറ്റ് ചെയ്യണം.
ഈ വെള്ളം ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ല.
കിണര്‍ വെള്ളം ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം നിശ്ചിത ഇടവേളകളില്‍ ക്ലോറിനേറ്റ് ചെയ്യണം

നീന്തല്‍ കുളങ്ങളില്‍ പാലിക്കേണ്ട ശുചിത്വ നിര്‍ദ്ദേശങ്ങള്‍

* ആഴ്ചയില്‍ ഒരിക്കല്‍ വെള്ളം പൂര്‍ണ്ണമായും ഒഴുക്കി കളയുക.

* സ്വിമ്മിംഗ് പൂളിന്റെ വശങ്ങളും തറയും ബ്രഷ് ഉപയോഗിച്ച് നന്നായി ഉരച്ച് കഴുകുക.

* പ്രതലങ്ങള്‍ നന്നായി ഉണങ്ങാന്‍ അനുവദിക്കുക.

* നീന്തല്‍ കുളങ്ങളിലെ ഫില്‍റ്ററുകള്‍ വൃത്തിയാക്കി ഉപയോഗിക്കുക.

* പുതിയതായി നിറയ്ക്കുന്ന വെള്ളം ക്ലോറിനേറ്റ് ചെയ്തതിന് ശേഷം മാത്രം ഉപയോഗിക്കുക,

* വെള്ളത്തിന്റെ അളവിനനുസരിച്ച് (അഞ്ചു ഗ്രാം ബ്ലീച്ചിംഗ് പൗഡര്‍ 1,000 ലിറ്റര്‍ വെള്ളത്തിന് എന്ന അനുപാതത്തില്‍) ക്ലോറിനേറ്റ് ചെയ്യുക, ക്ലോറിന്‍ ലെവല്‍ 0.5 പി പി എം മുതല്‍ 3 പി പി എം ആയി നിലനിര്‍ത്തുക.

 

date