Skip to main content

മലമ്പനി ദിനാചരണം : ജില്ലാതലത്തില്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു

 

ലോക മലമ്പനി (മലേറിയ) ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ തലത്തില്‍ നടന്ന വിവിധ ബോധവല്‍ക്കരണ പരിപാടികളുടെ ഉദ്ഘാടനം ജില്ലാ സര്‍വയലന്‍സ് ഓഫീസര്‍ ഡോ. ഗീതു മരിയ ജോസഫ് നിര്‍വഹിച്ചു. കഞ്ചിക്കോട് ബ്രൊക്കേഡ് പോളിടെക്‌സ് ഇന്ത്യ ലിമിറ്റഡില്‍ നടന്ന പരിപാടിയില്‍ മലമ്പനിയെക്കുറിച്ച് ബോധവത്ക്കരണ ക്ലാസ് നടത്തി. അതിഥി തൊഴിലാളികള്‍ക്കായി മലമ്പനി രോഗ പരിശോധന ക്യാമ്പും വീഡിയോ പ്രദര്‍ശനവും സംഘടിപ്പിച്ചു.
'മലമ്പനി ഇല്ലാതാക്കാന്‍ ഇപ്പോള്‍ നമുക്ക് കഴിയും. നമുക്ക് ചെയ്യാം' എന്നതാണ് ഈ വര്‍ഷത്തെ ലോക മലമ്പനി ദിനാചരണ സന്ദേശം.

ജില്ലയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളിലായി (2022,2023,2024,2025,2026) ആകെ 185  മലമ്പനി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ നാല് കേസുകള്‍ തദ്ദേശീയ മലമ്പനി കേസുകളാണ്. അലനെല്ലൂര്‍, അമ്പലപ്പാറ, കുഴല്‍മന്ദം ആരോഗ്യ ബ്ലോക്കുകളില്‍ ആണ് കൂടുതല്‍  കേസുകള്‍.  അതിഥി തൊഴിലാളികള്‍, കണ്‍സ്ട്രക്ഷന്‍ മേഖലകളില്‍ ജോലിചെയ്യുന്നവര്‍, മറ്റുസ്ഥലങ്ങളില്‍ നിന്നും യാത്ര ചെയ്തുവരുന്നവര്‍, മലയോരമേഖലകളില്‍ താമസിക്കുന്നവര്‍, റബര്‍ തോട്ടങ്ങള്‍ ഉള്ള  സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ / ജോലിചെയ്യുന്നവര്‍ എന്നിവര്‍ക്ക് മലമ്പനി  വരാനുള്ള സാധ്യത കൂടുതലാണ്.  രോഗം ബാധിച്ചവരെ കടിച്ച കൊതുകുകള്‍ ചുറ്റുമുള്ളവരെ  കടിക്കുമ്പോഴാണ്  രോഗം പകരുന്നത്.  ഗര്‍ഭാവസ്ഥയില്‍  മലേറിയ ബാധിച്ചാല്‍ ഗുരുതരമായ അനീമിയ, മാതൃമരണം, മാസം തികയാതെയുള്ള പ്രസവം, ഭാരം കുറഞ്ഞ കുഞ്ഞുങ്ങള്‍  എന്നിവയ്ക്ക് മലമ്പനി കാരണമാകും. കൃത്യസമയത്ത് ചികില്‍സിച്ചില്ലെങ്കില്‍  മലേറിയ പെട്ടെന്ന് ഗുരുതരമായ രോഗത്തിലേക്കും മരണത്തിലേക്കും വ്യാപിക്കും. ഗര്‍ഭിണികള്‍, ശിശുക്കള്‍, അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍, കിടപ്പുരോഗികള്‍, മറ്റു ഗുരുതര രോഗബാധിതര്‍ എന്നിവരെ മലേറിയ  വളരെ ദോഷകരമായി ബാധിക്കുന്നു. അനോഫിലിസ് വിഭാഗത്തില്‍പ്പെട്ട പെണ്‍കൊതുകുകളാണ് മലമ്പനി പരത്തുന്നത്. കൊതുകു കടിയേല്‍ക്കുന്നത് വഴിയും മലമ്പനി രോഗിയുടെ രക്തം സ്വീകരിക്കുന്നതു വഴിയും ചുരുക്കം സന്ദര്‍ഭങ്ങളില്‍ ഗര്‍ഭാവസ്ഥയില്‍ അമ്മയില്‍ നിന്ന്  കുഞ്ഞിലേക്കും മലമ്പനി പകരുന്നു.

ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കാവ്യ കരുണാകരന്‍, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍  ശബരീഷ്, കഞ്ചിക്കോട് ബ്രോക്കേഡ് ഇന്ത്യ പോളി ടെക്‌സ് ലിമിറ്റഡ്  എച്ച്.ആര്‍ മാനേജര്‍ നവീന മനോജ്, ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ എസ് സയന, ടെക്‌നിക്കല്‍ അസിസ്റ്റന്റ് (ഗ്രേഡ് 2 ) സി എം രാധാകൃഷ്ണന്‍, ജില്ലാ ലാബ് ഓഫീസര്‍ എന്‍ ഷാഹിന്‍, കുഴല്‍മന്ദം സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ സ്വപ്ന,  ഡോ സൂരജ്, കെ സുരേഷ്, ഡി.വി.ബി.ഡി.സി (ഡിസ്ട്രിക്ട് വെക്ടര്‍ ബോണ്‍ ഡിസീസസ് കണ്‍ട്രോള്‍) ഓഫീസര്‍ പി വി  സാജന്‍ , ഡെപ്യൂട്ടി ജില്ലാ എഡ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ പി.പി രജിത, മിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ശിരണ്‍ മോഹന്‍, പി ഐ എം എസ് (പാലക്കാട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്) അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. തേജസ്, കുഴല്‍മന്ദം സാമൂഹികാരോഗ്യ കേന്ദ്രം, പുതുശ്ശേരി കുടുംബാരോഗ്യ കേന്ദ്രം, മിസ്റ്റ് (മൈഗ്രന്റ് സ്‌ക്രീനിങ്) പ്രോഗ്രാം, ഡി.വി.സി (ഡിസിട്രിക്ട് വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ്)  പ്രോഗ്രാം, പി ഐ എം എസ് എന്നിവിടങ്ങളിലെ ആരോഗ്യപ്രവര്‍ത്തകരും കഞ്ചിക്കോട് ബ്രൊക്കേഡ് പോളി ടെക്‌സിലെ ജീവനക്കാരും തൊഴിലാളികളും പരിപാടിയില്‍ പങ്കെടുത്തു.

മലമ്പനിയുടെ ലക്ഷണങ്ങള്‍

പനിയോടൊപ്പം ശക്തമായ കുളിരും തലവേദനയും പേശി വേദനയുമാണ്  മലമ്പനിയുടെ പ്രാരംഭ ലക്ഷണങ്ങള്‍. വിറയലോടുകൂടി ആരംഭിച്ച് ശക്തമായ പനിയും കുളിരും ദിവസേനയോ ഒന്നിടവിട്ടുള്ള ദിവസങ്ങളിലോ മൂന്നുദിവസം കൂടുമ്പോഴോ ആവര്‍ത്തിക്കുക,   മനംപുരട്ടല്‍, ഛര്‍ദ്ദി, ചുമ, ത്വക്കിലും കണ്ണിലും മഞ്ഞ നിറം  എന്നിവയും ഉണ്ടാകാറുണ്ട്. പനി, ശക്തമായ തലവേദന എന്നീ ലക്ഷണങ്ങള്‍ മാത്രമായും മലമ്പനി കാണാറുണ്ട്.

രോഗത്തെ പ്രതിരോധിക്കാം

അംഗീകൃത ചികിത്സാ മാര്‍ഗ്ഗരേഖ പ്രകാരം മലമ്പനിക്കെതിരായ ഫലപ്രദമായ സമ്പൂര്‍ണ്ണ ചികിത്സ ജില്ലകളിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും തികച്ചും സൗജന്യമായി ലഭ്യമാണ്. അതിഥി സംസഥാന തൊഴിലാളികള്‍, മറ്റു സംസ്ഥാനങ്ങളില്‍ നിന്നും യാത്ര ചെയ്തു വരുന്നവര്‍ എന്നിവര്‍  അടുത്തുള്ള സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലെത്തി നിര്‍ബന്ധമായും രക്ത പരിശോധന  നടത്തി രോഗം ഇല്ല എന്നുറപ്പുവരുത്തേണ്ടതാണ്.
ആരംഭത്തിലേ രോഗം കണ്ടുപിടിച്ച് സമ്പൂര്‍ണ്ണ ചികിത്സ ഉറപ്പാക്കുക, കൊതുകുകടി ഏല്‍ക്കാതിരിക്കുവാനായി വ്യക്തിഗത സുരക്ഷാമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുക, മലമ്പനിക്ക് കാരണമാകുന്ന കൊതുകുകള്‍ വെള്ളത്തില്‍ മുട്ടയിട്ട് വളരുന്നതിനാല്‍ വീടിനുള്ളിലും പരസരങ്ങളിലും വെള്ളം കെട്ടി നില്‍ക്കാനുള്ള സാഹചര്യം ഒഴിവാക്കുക, ആഴം കുറഞ്ഞ കിണറുകളിലും മറ്റും കൂത്താടികളെ ഭക്ഷിക്കുന്ന ഗപ്പി, ഗാംബൂസിയ തുടങ്ങിയ ചെറു മത്സ്യങ്ങളെ നിക്ഷേപിക്കുകയോ കിണറുകളും ടാങ്കുകളും കൊതുകു കടക്കാത്ത വിധം വലകൊണ്ട് മൂടി സംരക്ഷിക്കുകയോ ചെയ്യുക, റോഡ്/കെട്ടിട നിര്‍മ്മാണം നടക്കുന്ന സ്ഥലങ്ങളിലും ജല ദൗര്‍ലഭ്യമുള്ള സ്ഥലങ്ങളിലും വെള്ളം സൂക്ഷിച്ചിരിക്കുന്ന ടാങ്കുകളിലും പാത്രങ്ങളിലും കൊതുക് വളരുന്നില്ലെന്നുറപ്പാക്കുക എന്നിവയാണ് മലമ്പനി പ്രതിരോധിക്കുന്നതിനുള്ള   മാര്‍ഗങ്ങളെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം ) അറിയിച്ചു.

date