Skip to main content

ലോക മലേറിയ ദിനം: ജില്ലാതല ഉദ്ഘാടനം നടത്തി

സമൂഹത്തിന്റെ കൂട്ടായ ഇടപെടലും ഏകോപിത പ്രവര്‍ത്തനവുമാണ് പകര്‍ച്ചവ്യാധി പ്രതിരോധം ഫലപ്രാപ്തിയില്‍ എത്തിക്കുന്നതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.കെ ജയന്തി പറഞ്ഞു. ലോക മലേറിയ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍. അനോഫീലിസ് കൊതുകള്‍ വഴി പകരുന്ന മാരകമായ ഒരു അണുബാധയാണ് മലേറിയ. ഇതിനെതിരെ പൊതുജനാവബോധം സൃഷ്ടിക്കുകയും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സമൂഹ പങ്കാളിത്തം ഉറപ്പുവരുത്തുകയുമാണ് ദിനാചരണത്തിന്റെ ലക്ഷ്യം.

കോട്ടക്കല്‍ അല്‍മാസ് കോളേജ് ഓഫ് നഴ്‌സിംഗില്‍ നടന്ന ചടങ്ങില്‍ ജില്ലാ സര്‍വയലന്‍സ് ഓഫീസര്‍ ഡോ. സി. ഷുബിന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ടി.എന്‍ അനൂപ് മുഖ്യ പ്രഭാഷണം നടത്തി. പ്രിന്‍സിപ്പൽ ഡോ. എം. രതി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ''കൊതുക് നിര്‍മാര്‍ജ്ജനവും മലേറിയ പ്രതിരോധവും'' എന്ന വിഷയത്തില്‍ ജില്ലാ മലേറിയ ഓഫീസര്‍ കെ. പ്രദീപ് ക്ലാസെടുത്തു. ലോകാരോഗ്യസംഘടന മുന്‍ കണ്‍സള്‍ട്ടന്റ് ഡോ. സന്തോഷ്, ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ കെ.പി സാദിഖ് അലി, അല്‍മാസ് ആശുപത്രി സി.ഇ.ഒ സുഹാസ് പോളോ, മെഡിക്കല്‍ ഓഫീസര്‍ ഡോ. തനൂജ, ടെക്‌നിക്കല്‍ അസിസ്റ്റന്റ് പി. രാജന്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് നഴ്‌സിംഗ് മേധാവി ആതിര, ഐ.ഇ.സി കണ്‍സള്‍ട്ടന്റ് സി. ദിവ്യ സംസാരിച്ചു. ഈ വര്‍ഷത്തെ ദിനാചരണത്തോടനുബന്ധിച്ച് ജില്ലയിലെ ആരോഗ്യസ്ഥാപനങ്ങളില്‍ മലേറിയ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വിവിധ സാമൂഹ്യ ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും.

date