Skip to main content

തിരഞ്ഞെടുപ്പ്: വോട്ടെണ്ണൽ ഉദ്യോഗസ്ഥരുടെ ആദ്യഘട്ട റാൻഡമൈസേഷൻ പൂർത്തിയായി

നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടപടികൾക്കായി കൗണ്ടിങ് സൂപ്പർവൈസർമാർ, കൗണ്ടിങ് അസിസ്റ്റന്റുമാർ, മൈക്രോ ഒബ്സർവർമാർ എന്നിവരെ നിയമിക്കുന്നതിനുള്ള ആദ്യഘട്ട റാൻഡമൈസേഷൻ നടപടികൾ പൂർത്തിയായി. കളക്ടറുടെ ചേംബറിൽ ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് നടപടികൾക്ക് നേതൃത്വം നൽകി.

 

തിരഞ്ഞെടുപ്പ് കമ്മീഷന്റെ 'ഓർഡർ പോർട്ടൽ' വഴിയാണ് നിയമന നടപടികൾ ഏകോപിപ്പിക്കുന്നത്. ആദ്യഘട്ട റാൻഡമൈസേഷനിൽ 30 ശതമാനം റിസർവ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. രണ്ടാംഘട്ട റാൻഡമൈസേഷൻ പൂർത്തിയാകുന്നതോടെ ഇത് 20 ശതമാനമായി കുറയും.

 

ആദ്യഘട്ട റാൻഡമൈസേഷൻ പ്രകാരം വോട്ടെണ്ണൻ ജോലികൾക്കായി കൗണ്ടിങ് സൂപ്പർവൈസർമാരും അസിസ്റ്റന്റുമാരും മൈക്രോ ഒബ്സർവർമാരും ഉൾപ്പെടെ 429 പേരുടെ വിപുലമായ ഉദ്യോഗസ്ഥനിര സജ്ജമായി.

 

ഓർഡർ പോർട്ടലിൽ നിന്നും നിയമന ഉത്തരവുകൾ ഡൗൺലോഡ് ചെയ്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക്) വിതരണം ചെയ്യാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. നിയമനം ലഭിച്ച ഉദ്യോഗസ്ഥർക്ക് സ്വന്തം മൊബൈൽ നമ്പർ ഉപയോഗിച്ച് പോർട്ടലിൽ ലോഗിൻ ചെയ്ത് നേരിട്ടും ഉത്തരവുകൾ ഡൗൺലോഡ് ചെയ്യാവുന്നതാണ്.നിയമനം ലഭിച്ച എല്ലാ ഉദ്യോഗസ്ഥർക്കും ഉത്തരവുകൾ ലഭിച്ചിട്ടുണ്ടെന്ന് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ ഉറപ്പുവരുത്തേണ്ടതുണ്ട്.

 

തിരഞ്ഞെടുക്കപ്പെട്ട വോട്ടെണ്ണൽ ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ഇന്ന് (ഏപ്രിൽ 28) മുതൽ കളക്ടറേറ്റിൽ ആരംഭിക്കും. വോട്ടെണ്ണൽ നടപടികൾ സുതാര്യവും കൃത്യതയുള്ളതുമാക്കുന്നതിനായുള്ള എല്ലാ ക്രമീകരണങ്ങളും ജില്ലാ ഭരണകൂടം പൂർത്തിയാക്കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

 

ചിത്രം:ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ടിൻ്റെ നേതൃത്വത്തിൽ കളക്ടറേറ്റിൽ നടന്ന കൗണ്ടിംഗ് ജീവനക്കാരുടെ ആദ്യഘട്ട റാൻഡമൈസേഷൻ

 

date