Skip to main content

ജില്ലയിലെ വോട്ടെണ്ണല്‍ ഉദ്യോഗസ്ഥരുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി; പരിശീലനം 29 മുതല്‍

മെയ് നാലിന് വോട്ടെണ്ണല്‍ നടക്കുന്ന ജില്ലയിലെ കേന്ദ്രങ്ങളിലേയ്ക്കുള്ള ഉദ്യോഗസ്ഥരുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി. ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയലിന്റെ നേതൃത്വത്തില്‍ കലക്ടറുടെ ചേംബറിലാണ് റാന്‍ഡമൈസേഷന്‍ നടന്നത്.

ജില്ലയിൽ ഏഴു ലൊക്കേഷനുകളിലായാണ് 16 മണ്ഡലങ്ങളിലേയ്ക്കുള്ള വോട്ടെണ്ണല്‍ നടക്കുന്നത്. ഇവിടേയ്ക്കുള്ള ഉദ്യോഗസ്ഥരെയാണ് ആദ്യഘട്ട  റാൻഡ മൈസേഷനിൽ തെരഞ്ഞെടുത്തത്. 441 കൗണ്ടിങ് സൂപ്പര്‍വൈസര്‍മാര്‍, 574 കൗണ്ടിങ് അസിസ്റ്റന്റുമാര്‍, 441 മൈക്രോ ഒബ്‌സര്‍വര്‍മാര്‍ എന്നിവർ ഉൾപ്പെടെ 1456 ഉദ്യോഗസ്ഥരെയാണ് ആദ്യഘട്ടത്തിൽ  തെരഞ്ഞെടുത്തത്. തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് 'ഓര്‍ഡര്‍ സോഫ്റ്റ്വെയര്‍'വഴി അറിയിപ്പുകള്‍ ലഭിക്കും. ഇവര്‍ക്കായി ഏപ്രില്‍ 29, 30 തീയതികളില്‍ ആദ്യഘട്ട പരിശീലനം സംഘടിപ്പിക്കും. തുടര്‍ന്ന് മെയ് രണ്ടിന് രണ്ടാംഘട്ട റാന്‍ഡമൈസേഷനും മെയ് മൂന്നിന് പരിശീലനവും നടക്കും.

ജില്ലയില്‍ ഏഴു കേന്ദ്രങ്ങളിലാണ് മെയ് നാലിന് വോട്ടെണ്ണല്‍ നടക്കുന്നത്. കൊണ്ടോട്ടി, ഏറനാട്, മഞ്ചേരി, പെരിന്തല്‍മണ്ണ, മങ്കട, മലപ്പുറം എന്നീ നിയമസഭാ മണ്ഡലങ്ങളുടെ വോട്ടെണ്ണല്‍ മലപ്പുറം ഗവ.കോളെജിലും നിലമ്പൂര്‍, വണ്ടൂര്‍ മണ്ഡലങ്ങളുടേത് നിലമ്പൂര്‍ അമല്‍ കോളെജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലും നടക്കും. വേങ്ങര, വള്ളിക്കുന്ന്, തിരൂരങ്ങാടി എന്നീ മണ്ഡലങ്ങളുടേത് യഥാക്രമം തിരൂരങ്ങാടി കെ.എം.മൗലവി മെമ്മോറിയല്‍ ഓര്‍ഫനേജ് അറബിക് കോളെജ്, തിരൂരങ്ങാടി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, തിരൂരങ്ങാടി ഓര്‍ഫനേജ് അപ്പര്‍ പ്രൈമറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ നടക്കും. താനൂര്‍, തിരൂര്‍, കോട്ടക്കല്‍ മണ്ഡലങ്ങളുടേത് തിരൂര്‍ എസ്.എസ്.എം.പോളിടെക്‌നിക്കില്‍ നടക്കും. തവനൂര്‍, പൊന്നാനി മണ്ഡലങ്ങളുടേത് പൊന്നാനി അച്യുത വാര്യര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും നടക്കും.

റാന്‍ഡമൈസേഷന്‍ നടപടികളില്‍ എ.ഡി.എം സി.എസ്. രാജേഷ്, സബ് കളക്ടർമാരായ ദിലീപ് കൈനിക്കര, സാക്ഷി മോഹൻ, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ജയശ്രീ എസ്. വാര്യര്‍,  എന്‍.ഐ.സി ജില്ലാ ഓഫീസര്‍ എന്‍.സഹന, വിവിധ മണ്ഡലങ്ങളിലെ റിട്ടേണിംഗ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date