Skip to main content

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: ശരീരഭാഗങ്ങൾ ഡിഎൻഎ പരിശോധനാഫലത്തിൻ്റെ അടിസ്ഥാനത്തിൽ ബന്ധുക്കളുടെ സമ്മതപ്രകാരം നൽകാൻ തീരുമാനിച്ചു*

*
 മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട് സംഭവസ്ഥലത്തു നിന്ന് കണ്ടെത്തിയ ശരീരഭാഗങ്ങളുടെ ഡി എൻ എ പരിശോധനാഫലം ലഭിച്ചതിൻ്റെ തുടർച്ചയായി ഏപ്രിൽ 26 ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അടിയന്തര യോഗം ചേരുകയും വിഷയത്തിൽ മാർഗ നിർദേശങ്ങൾ അന്നു വൈകീട്ട് ഉത്തരവായി നൽകുകയും ചെയ്തു. ഇതിൻ്റെ അടിസ്ഥാനത്തിൽ ശരീരഭാഗങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി 26 ന് രാത്രി 11.15 ന് അടിയന്തര യോഗം ചേർന്നു.

ഡി എൻ എ പരിശോധനാ ഫലം, പോലീസ് റിപ്പോർട്ട്, ഫോറൻസിക് സർജൻ്റെ റിപ്പോർട്ട് എന്നിവയുടെ അടിസ്ഥാനത്തിൽ, ബന്ധുക്കളുടെ സമ്മതത്തോടെ, കണ്ടെത്തിയ ശരീര ഭാഗങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി തീരുമാനിച്ചു. ഇതു സംബന്ധിച്ച് ശരീരഭാഗങ്ങൾ ലഭിച്ചവരുടെ ബന്ധുക്കളുമായി 27 ന് രാവിലെ 10.30 ന് ജില്ലാകളക്ടർ മീറ്റിംഗ് നടത്തി വിവരങ്ങൾ നേരിട്ട് ബോധ്യപ്പെടുത്തി.

പുതൂർക്കര അരങ്ങത്ത് വീട്ടിൽ ബാബുവിന്റെ മകൻ അഭിജിത്ത് (27), തൃശ്ശൂർ മനക്കൊടി, കൊളാട്ട് വീട്ടിൽ വിജയൻ മകൻ വിഷ്ണു വിനോദ് (35), തൃശ്ശൂർ കോട്ടപ്പുറം ദേശം, പള്ളത്ത് കരുമാലി വീട്ടിൽ മോഹനന്റെ മകൻ ഗിരീഷ് (42), തൃശ്ശൂർ തെക്കുംകര ദേശം, ചോരത്ത് വീട്ടിൽ അയ്യപ്പന്റെ മകൻ സുരേഷ് (50), എന്നിവരുടെ ശരീരഭാഗങ്ങളാണ് ഡി എൻ എ പരിശോധനയിലൂടെ കണ്ടെത്തിയത്.

 

*മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: പരിക്കേറ്റ രാഗേഷ് മരിച്ചു*

മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളേജ് ഐസിയുവിൽ ചികിത്സയിലായിരുന്ന കുണ്ടന്നൂർ ചീരാത്ത് രാജൻ്റെ മകൻ രാഗേഷ് (29) മരണപ്പെട്ടു. ഇതോടെ അപകടത്തിൽ മരണപ്പെട്ടവരുടെ എണ്ണം 13 ആയി.

 എടപ്പാൾ കണ്ണായ് വീട്ടിൽ ചാത്തപ്പൻ മകൻ ഉണ്ണികൃഷ്ണൻ (56 വയസ്) 26 ന് രാത്രി മരണപ്പെട്ടിരുന്നു.

date