Skip to main content
1

വോട്ടെണ്ണല്‍: രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു

 

നിയമസഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിന് മുന്നോടിയായി ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്ങിന്റെ അധ്യക്ഷതയില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍, കൗണ്ടിങ് ഏജന്റുമാരുടെ ക്രമീകരണം, വോട്ടെണ്ണല്‍ ദിന മുന്നൊരുക്കങ്ങള്‍, പോസ്റ്റല്‍ ബാലറ്റ്, ഇ.വി.എം വോട്ടുകള്‍ എന്നിവ എണ്ണുന്നതിനാവശ്യമായ സജ്ജീകരണങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. വോട്ടെണ്ണല്‍ ദിവസം അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ശ്രദ്ധിക്കണമെന്നും കലക്ടര്‍ അഭ്യര്‍ഥിച്ചു.

വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെയും പരിസരങ്ങളിലെയും സുരക്ഷ ഉറപ്പാക്കാന്‍ മൂന്ന് തലത്തിലുള്ള സുരക്ഷാ സംവിധാനം ഒരുക്കിയതായി കലക്ടര്‍ അറിയിച്ചു. പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിത്തീര്‍ന്ന ശേഷമാണ് ഇ.വി.എം കൗണ്ടിങ് ആരംഭിക്കുക. വോട്ടെണ്ണല്‍ പ്രത്യേകം നിരീക്ഷിക്കുന്നതിനായി മണ്ഡലാടിസ്ഥാനത്തില്‍ ഒരു ഒബ്‌സര്‍വറെയും നിയമിക്കുന്നുണ്ട്. കൗണ്ടിങ് ഏജന്റുമാര്‍ക്കും സ്ഥാനാര്‍ഥികള്‍ക്കുമായി പ്രത്യേക സൗകര്യങ്ങളും വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ സജ്ജീകരിച്ചിട്ടുണ്ട്. ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളായ മടപ്പള്ളി ഗവ. കോളേജ്, കൂടത്തായി സെന്റ് മേരീസ് എച്ച്.എസ്.എസ്, വെള്ളിമാട്കുന്ന് ജെ.ഡി.ടി ഇസ്‌ലാം എജ്യൂക്കേഷണല്‍ കോംപ്ലക്സ് എന്നിവിടങ്ങളില്‍ സി.സി.ടി.വി ക്യാമറകള്‍, ഇന്റര്‍നെറ്റ് കണക്ഷന്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. റിട്ടേണിങ് ഓഫീസര്‍മാര്‍ ഒഴികെ ആരുടെയും മൊബൈല്‍ ഫോണുകള്‍ വോട്ടെണ്ണല്‍ മുറിക്കുള്ളില്‍ അനുവദിക്കില്ല. വോട്ടെണ്ണല്‍ പ്രക്രിയ സുതാര്യവും സമാധാനപരവുമാക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പൂര്‍ണമായി സഹകരിക്കണമെന്നും കലക്ടര്‍ അഭ്യര്‍ഥിച്ചു.

കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ വി സുപിന്‍, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date