Skip to main content

ഗാന്ധിജി ഉയര്‍ത്തിപ്പിടിച്ച സത്യത്തിന്റെയും സമഭാവനയുടേയും വെള്ളിവെളിച്ചം പ്രസരിപ്പിക്കാനാകണം - മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

ഗാന്ധിജി ഉയര്‍ത്തിപ്പിടിച്ച ത്യാഗത്തിന്റെയും സത്യത്തിന്റെയും സമഭാവനയുടേയും വെള്ളിവെളിച്ചം പ്രസരിപ്പിക്കുംവിധം പെരുമാറാന്‍ നമുക്ക് കഴിയണമെന്ന് സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഗാന്ധിജയന്തി വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ടാഗോര്‍ തീയറ്ററില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ലോകത്ത് സമാധാനവും ശാന്തിയും സാഹോദര്യവും നഷ്ടപ്പെടുത്താന്‍ വലിയ ശക്തികള്‍ ലോകത്താകെ ശ്രമിക്കുന്നതിന്റെ ആശങ്കയിലാണ് നാം. മഹാത്മജിയുടെ ഇന്ത്യ ലോകത്തിന്റെ നെറുകയില്‍ ഉയര്‍ന്നുനിന്നത് സ്വാതന്ത്ര്യാനന്തരം സ്വീകരിച്ച മതേതര, മാനവിക നിലപാടുകളിലൂടെയാണ്. ആ വെളിച്ചത്തിന് കോട്ടം തട്ടുന്ന ഇരുട്ട് മുന്നില്‍വരുന്നുവോ എന്ന് ആശങ്കയോടെ ചിന്തിപ്പിക്കുന്നതാണ് പുതിയകാലം. ശിരസ്സുയര്‍ത്തി നേരു പറയുന്നവരെ വെടിവെച്ചുകൊല്ലുന്ന വര്‍ത്തമാനകാലഘട്ടത്തില്‍ അഭിപ്രായസ്വാതന്ത്ര്യവും വ്യക്തിസ്വാതന്ത്ര്യവും സംരക്ഷിക്കാനും, സാഹോദര്യവും സൗഹൃദവും സമൂഹത്തില്‍ പുലര്‍ത്താനും, മതേതര കാഴ്ചപ്പാടുകള്‍ ഉയര്‍ത്തിപ്പിടിക്കാനും ഗാന്ധി ജയന്തി ദിനം നമ്മെ പ്രാപ്തമാക്കണം. ഗാന്ധിയുടെ ചരിത്രം മറ്റു ലോകനേതാക്കളില്‍നിന്ന് വ്യത്യസ്തമാണ്. അതിനാല്‍ത്തന്നെ ലോകചരിത്രത്തിന്റെ നാല്‍ക്കവലയിലെ ശരിയായ മാര്‍ഗം കാട്ടുന്ന വലിയൊരു പ്രകാശഗോപുരമായാണ് മഹാത്മജി നിലനില്‍ക്കുന്നത്. വരാനിരിക്കുന്ന ലോകാവസ്ഥയെക്കുറിച്ച് ദീര്‍ഘദര്‍ശനത്തോടെ ചിന്തിക്കാന്‍ മഹാത്മജിക്ക് കഴിഞ്ഞിരുന്നു. ജലസംരക്ഷണവും പ്രകൃതി സംരക്ഷണവും അദ്ദേഹത്തിന്റെ ശ്രദ്ധേയമായ കാഴ്ചപ്പാടുകള്‍ക്ക് ഇന്ന് പ്രസക്തി വര്‍ധിച്ചിരിക്കുകയാണ്. 'ഹരിതകേരളം' ഉള്‍പ്പെടെയുള്ള കര്‍മപരിപാടികള്‍ക്ക് വിദ്യാര്‍ഥികളടക്കമുള്ളവരുടെ പിന്തുണ വേണമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ വി.എസ്. ശിവകുമാര്‍ എം.എല്‍.എ മുഖ്യാതിഥിയായിരുന്നു. ഗാന്ധി സ്മാരക നിധി സെക്രട്ടറി കെ.ജി. ജഗദീശന്‍ അധ്യക്ഷത വഹിച്ചു. സ്വാതന്ത്ര്യസമരസേനാനികളായ പി. ഗോപിനാഥന്‍ നായര്‍, അഡ്വ. കെ. അയ്യപ്പന്‍പിള്ള എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പ് അഡീ. ഡയറക്ടര്‍ പി. വിനോദ് സ്വാഗതവും ഫീല്‍ഡ് പബ്‌ളിസിറ്റി ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കിരണ്‍ റാം നന്ദിയും പറഞ്ഞു. ചടങ്ങിനോടനുബന്ധിച്ച് തിരുവനന്തപുരം സബര്‍മതി അവതരിപ്പിച്ച 'പ്രണാമം' സംഗീതപരിപാടിയും റിഗാറ്റ അവതരിപ്പിച്ച 'ഭാരതീയ സമുദായം വാഴ്ക' നൃത്തപരിപാടിയും അരങ്ങേറി. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് വാരാഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നത്. വാരാഘോഷങ്ങളുടെ ഭാഗമായി ജില്ലകളില്‍ സെമിനാറുകളും വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ മത്സരങ്ങളും മറ്റ് പരിപാടികളും എട്ടാം തീയതി വരെ നടക്കും. പി.എന്‍.എക്‌സ്.4210/17

date