നിയമസഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ഒരുക്കം പൂര്‍ത്തിയായി: ജില്ല കലക്ടര്‍
നിയമസഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ക്രമീകരണം പൂര്‍ത്തിയായെന്ന് ജില്ല കലക്ടര്‍ എസ് പ്രേം കൃഷ്ണന്. വോട്ടെണ്ണലുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് പമ്പ കോണ്‍ഫറന്‍സ് ഹാളില്‍ വാര്‍ത്ത സമ്മേളനം നടത്തുകയായിരുന്നു ജില്ല കലക്ടര്‍.
ജില്ലയില്‍ മൂന്ന് വോട്ടെണ്ണല്‍ കേന്ദ്രങ്ങളുണ്ട്. തിരുവല്ല, റാന്നി നിയോജക മണ്ഡലങ്ങളിലെ കോഴഞ്ചേരി സെന്റ് തോമസ് കോളജിലും ആറന്മുള, അടൂര്‍ എന്നിവയുടെ ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തിലും കോന്നി നിയോജക മണ്ഡലത്തിലേത് മലയാലപ്പുഴ മുസലിയാര്‍ കോളജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്നോളജിയിലും നടക്കും.
കേരള പോലീസ്, കേരള ആംഡ് പോലീസ് ഫോഴ്സ്, സെന്‍ട്രല്‍ ആംഡ് പോലീസ് ഫോഴ്സ് എന്നിങ്ങനെ ത്രിതല സുരക്ഷാ സംവിധാനം വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ഒരുക്കും. സ്ട്രോംഗ് റൂമിന്റെ പ്രവേശന കവാടത്തില്‍ നിന്നും 100 മീറ്റര്‍ പരിധി പെഡസ്ട്രിയല്‍ മേഖല ആണ്. വാഹനങ്ങള്‍ക്ക് പ്രവേശനമില്ല. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ അനുവദിക്കില്ല.
വോട്ടിംഗ് മെഷീന് വോട്ടെണ്ണുന്നതിന് ഓരോ മണ്ഡലത്തിലും ഒരു ഹാളില്‍ 14 ടേബിളുകള്‍ വീതവും തപാല്‍ വോട്ട് എണ്ണുന്നതിന് ഏഴ് മുതല്‍ ഒമ്പത് വരെ ടേബിളുകളും ക്രമീകരിക്കും. പരമാവധി 500 തപാല്‍ വോട്ട് ഒരു ടേബിളില്‍ എണ്ണും.
തപാല്‍ ബാലറ്റുകള്‍ മെയ് നാലിന് രാവിലെ എട്ടിനുള്ളില്‍ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ എത്തിക്കുന്നതിന് തപാല്‍ വകുപ്പ് ക്രമീകരണം ഒരുക്കിയിട്ടുണ്ട്. മെയ് നാല് രാവിലെ ഏഴിന് സ്ഥാനാര്‍ഥി/സ്ഥാനാര്‍ഥി നിയോഗിച്ച ഏജന്റ് എന്നിവരുടെ സാന്നിദ്ധ്യത്തില്‍ സ്ട്രോംഗ് റൂം തുറക്കും.
രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കും. തപാല്‍ ബാലറ്റുകള്‍ ആദ്യം എണ്ണും. ഓരോ ടേബിളിലെ വോട്ടെണ്ണലിനു ശേഷം ഫലത്തിന്റെ പകര്‍പ്പ് കൗണ്ടിംഗ് ഏജന്റുമാര്‍ക്ക് നല്‍കും.
ഓരോ റൗണ്ടിലും ലഭിക്കുന്ന വോട്ടുകള്‍ പ്രഖ്യാപിക്കും. ഓരോ റൗണ്ടും പൂര്‍ത്തിയാകുമ്പോള്‍ വോട്ടെണ്ണല്‍ വിവരം എന്‍കോര്‍ സോഫ്റ്റ്വെയറില് രേഖപ്പെടുത്തും.
വോട്ടെണ്ണല്‍ സംബന്ധിയായ എല്ലാ പ്രവര്‍ത്തനങ്ങളും ഇലക്ഷന് കമ്മീഷന് നിയോഗിച്ച ഒബ്സര്‍വറുടെ സാന്നിധ്യത്തില്‍ നടക്കും.
സ്ഥാനാര്‍ത്ഥി/ചീഫ് ഏജന്റ് രാവിലെ ആറിന് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ഹാജരായി സ്ട്രോംഗ് റൂം തുറക്കുന്നതിന് സാന്നിദ്ധ്യം വഹിക്കണം. ജില്ലാ കളക്ടറേറ്റ് ഇലക്ഷന് വെയര്‍ ഹൗസ് സ്ട്രോംഗ് റൂമില്‍ സൂക്ഷിച്ചിട്ടുള്ള തപാല്‍ ബാലറ്റുകള്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലേക്ക് സുരക്ഷിതമായി എത്തിക്കുന്നതിന് രാവിലെ 5.30 ന് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ഇലക്ഷന് വെയര്‍ ഹൗസില്‍ ഹാജരാകണം.
കൗണ്ടിംഗ് ഏജന്റുമാര്‍ അതത് കൗണ്ടിംഗ് സെന്ററുകളില്‍ രാവിലെ 6.30 ന് രേഖ സഹിതം ഹാജരാകണം. വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് പ്രവേശിക്കുന്നതിന് ഗേറ്റ് പാസും ഫോറം നമ്പര്‍ 18 ഉം കാണിക്കണം.
വരണാധികാരികളില്‍ നിന്നും ലഭിക്കുന്ന പാസ്സ്/ബാഡ്ജ് ധരിച്ച് അനുവദിച്ച കൗണ്ടറിലേക്ക് പ്രവേശിക്കാം.
വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ വൈദ്യുതി മുടങ്ങാതിരിക്കാന്‍ സൗകര്യം ഒരുക്കും.
ഇന്റര്‍നെറ്റ് ബാക്ക് അപ്പ് സൗകര്യങ്ങള്‍ (പ്രധാന ഇന്റര്‍നെറ്റ് കണക്ഷന് തടസ്സം നേരിട്ടാല്‍ ഉടന്‍ തന്നെ ഉപയോഗിക്കാന്‍ കഴിയത്തക്കവിധം) കണക്ഷന് ക്രമീകരിച്ചിട്ടുണ്ട്. എല്ലാ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും ഗേറ്റിനു സമീപം മൊബൈല്‍ ഡിപ്പോസിറ്റ് സൗകര്യമുണ്ട്.
മാധ്യമ പ്രവര്‍ത്തകര്‍ക്ക് മാത്രമേ മീഡിയ സെന്റര്‍ വരെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് അനുമതിയുള്ളൂ. പോലീസിന്റെ ഡിഎഫ്എംഡി പരിശോധനയ്ക്ക് ശേഷം എല്ലാ വോട്ടെണ്ണല്‍ ഉദ്യോഗസ്ഥരും ഏജന്റുമാരും മറ്റു ഉദ്യോഗസ്ഥരും മൊബൈല്‍ ഫോണ്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ ഗേറ്റിനു സമീപം സ്ഥാപിച്ച മൊബൈല്‍ ഡിപ്പോസിറ്റിംഗ് സെന്ററില്‍ ഏല്‍പ്പിക്കണം. സുതാര്യമായി വോട്ടെണ്ണല്‍ നടപടി പൂര്‍ത്തിയാക്കാന്‍ സഹകരിക്കണമെന്ന് ജില്ല കലക്ടര്‍ അറിയിച്ചു.
- Log in to post comments