കാലവർഷം: മുന്നൊരുക്കങ്ങൾ വിലയിരുത്തി ജില്ലാ കളക്ടർ
വരാനിരിക്കുന്ന കാലവർഷത്തെ നേരിടുന്നതിനായി ജില്ലയിലെ വിവിധ വകുപ്പുകൾ സ്വീകരിച്ച മുന്നൊരുക്ക നടപടികൾ വിലയിരുത്താൻ ജില്ലാ കളക്ടർ ജി പ്രിയങ്കയുടെ അധ്യക്ഷതയിൽ
യോഗം ചേർന്നു.
മെയ് 23 മുതലാണ് സംസ്ഥാനത്ത് കാലവർഷം പ്രതീക്ഷിക്കുന്നത്.
മഴക്കാലത്ത് ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യം ഉണ്ടായേക്കാം. ഇതിനായി ദുരിതാശ്വാസ ക്യാമ്പുകൾ ആയി പ്രവർത്തിക്കാൻ സാധിക്കുന്ന കെട്ടിടങ്ങൾ തഹസിൽദാർമാർ മുൻകൂട്ടി നിശ്ചയിക്കണം.
ദുരിതാശ്വാസ ക്യാമ്പുകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടെന്ന് ഉറപ്പുവരുത്തണം. അപകടകരമായ രീതിയിൽ നിൽക്കുന്ന മരച്ചില്ലകൾ മുറിച്ചുമാറ്റുന്നതിനും പൊതുസ്ഥലങ്ങളിലെ അനധികൃത ബോർഡുകൾ നീക്കം ചെയ്യുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കണം. കൂടാതെ, ജെ.സി.ബി, ക്രെയിൻ, ആംബുലൻസ് തുടങ്ങിയ സജ്ജീകരണങ്ങളുടെ വിവരങ്ങൾ തദ്ദേശ സ്ഥാപനങ്ങൾ തഹസിൽദാർമാർക്ക് കൈമാറേണ്ടതാണെന്നും ജില്ലാ കളക്ടർ പറഞ്ഞു.
എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മെയ് 25-നകം വിഭവങ്ങളുടെയും ദുരിതാശ്വാസ ക്യാമ്പുകളുടെയും വിവരങ്ങൾ ഗൂഗിൾ ഷീറ്റിൽ അപ്ഡേറ്റ് ചെയ്യണമെന്നും ജില്ലാ കളക്ടർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
കടൽക്ഷോഭ സാധ്യതയുള്ള സ്ഥലങ്ങളിൽ മത്സ്യത്തൊഴിലാളികൾക്ക് കൃത്യമായ മുന്നറിയിപ്പുകൾ നൽകണം. രക്ഷാപ്രവർത്തനത്തിനായി ബോട്ടുകൾ സജ്ജമാക്കണമെന്നും ഫിഷറീസ് വകുപ്പിനോട് ജില്ലാ കളക്ടർ ആവശ്യപ്പെട്ടു.
ദേശീയപാതകളിലും മറ്റ് റോഡുകളിലും വെള്ളക്കെട്ട് ഉണ്ടാകാതിരിക്കാനുള്ള ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ പൊതുമരാമത്ത് വകുപ്പിനും ജില്ലാ കളക്ടർ നിർദേശം നൽകി .
ജില്ലാ കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ജി. ശ്രീകുമാർ, സബ് കളക്ടർ ഗ്രന്ഥേ സായി കൃഷ്ണ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments